(truevisionnews.com) വിഷു എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കണിക്കൊന്നയും കണിയും നല്ല രുചിയൂറും സദ്യയുമാണ് . ഇലയിൽ എത്രതരം കൂട്ട് ഉണ്ടെങ്കിലും പായസം ഉണ്ടെങ്കിൽ മാത്രമേ സദ്യ പൂർണ്ണമാവുകയുള്ളൂ . ഇത്തവണത്തെ വിഷു ഇതാ ഇങ്ങെത്തി .

മക്കൾക്കും പ്രിയപ്പെട്ടവർക്കും ഇത്തവണ വിഷു സ്പെഷ്യൽ അടപ്രഥമൻ പായസം തയ്യാറാക്കി കൊടുക്കാം.വളരെ എളുപ്പത്തിൽ നമുക്ക് സ്വാദിഷ്ടമായ അടപ്രഥമൻ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം .
ചേരുവകൾ
അട – 250 ഗ്രാം
തേങ്ങയുടെ ഒന്നാം പാൽ- 2 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – 4 കപ്പ്
ശർക്കര – 750 ഗ്രാം
കശുവണ്ടിപ്പരിപ്പ്
വെള്ളം( ആവിശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ചട്ടിയെടുത്ത് അതിലേക്ക് ഒന്നര ലിറ്റർ വെള്ളം ഒഴിക്കുക . വെള്ളം തിളച്ച് വരുമ്പോൾ കഴുകിയെടുത്ത 250 ഗ്രാം അട ചേർത്ത് മൂടിവെച്ച് ഒരു മണിക്കൂർ നേരത്തോളം നന്നായി വേവിച്ചെടുക്കുക.
ഇനി, ഒരു ഉരുളിയെടുത്ത് അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാം. നെയ്യ് ചൂടാകുമ്പോൾ കശുവണ്ടിപരിപ്പ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാറ്റി വെക്കാം.
ശേഷം, അതെ പാത്രത്തിൽ 750 ഗ്രാം ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശർക്കര പതഞ്ഞ് വരുമ്പോൾ ഇതിലേക്ക് അട കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് കൊടുക്കുക . ശർക്കരയിൽ വെള്ളം വറ്റി തുടങ്ങുമ്പോൾ അല്പം നെയ്യ് കൂടെ ചേർക്കാം. ശർക്കര പാനീയം നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കാം.
ഒന്നിച്ചു ചേർത്താൽ വീണ്ടും വെള്ളത്തിന്റെ സ്വാദ് വരും. അതിനാൽ അൽപ്പാൽപ്പമായി ചേർത്ത് യോജിപ്പിക്കുക . പ്രഥമൻ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത്, ഉടനെ തീയണക്കുക. ശേഷം ഇതിലേക്ക് വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ് കൂടെ ചേർത്ത് കൊടുത്താൽ സ്വാദിഷ്ഠമായ അട പ്രഥമൻ തയ്യാർ.
#Vishu #let's #prepare #special #Ataprathaman #Payasam
