ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാത്ത നാടാണ് കേരളം. സംസ്ഥാനമൊട്ടാകെയും, പ്രാദേശികമായും ഒക്കെ ചെറുതും വലുതുമായ നിരവധി ആഘോഷ പരിപാടികളാണ് ഓരോ വർഷവും മലയാളികൾ നടത്തുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷു. മലയാളികൾക്ക് ഓണം ദേശീയ ഉത്സവമാണെങ്കിൽ വിഷു ഒരുപരിധിവരെ അങ്ങനെയല്ല.

വടക്ക്, മധ്യ, തെക്കൻ കേരളത്തിൽ പല രീതിയിലാണ് വിഷു ആഘോഷങ്ങൾ കൊണ്ടാടുന്നത്. തെക്കൻ കേരളത്തിൽ താരതമ്യേന ആഘോഷങ്ങൾ കുറവാണെങ്കിൽ വടക്കൻ കേരളത്തിൽ ഇത് ഒരാഴ്‌ചയോളം നീളുന്ന വലിയ ഉത്സവ സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന കാലയളവാണ്.
തെയ്യം,തിറ സീസണിനൊപ്പം അഥവാ അതിൻ്റെ അവസാന ഘട്ടത്തിൽ എത്തുന്ന വിഷുവിനെ മലബാറുകാർ വലിയ രീതിയിൽ ആഘോഷിക്കുന്നതിൻ്റെ കാരണങ്ങൾ പലതാണ്. കൃത്യമായ ഒരു വിശദീകരണം ഇക്കാര്യത്തിൽ നൽകാൻ കഴിയില്ലെങ്കിലും പ്രത്യക്ഷത്തിൽ തന്നെ തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും വിഷു ആഘോഷങ്ങൾ വ്യത്യസ്‌തമാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.
വടക്കൻ കേരളത്തിലെ വിഷു ആഘോഷങ്ങളിൽ നിരവധി വർണാഭമായ ഘടകങ്ങളാണ് ഉള്ളത്. അതിൽ വിഷുക്കണി മുതൽ നോൺ വെജ് സദ്യ വരെ ഉൾപ്പെടുന്നു. വിഷു കാലം എത്തിയെന്ന് അറിയിക്കാൻ തൊടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ എന്നും നമുക്കൊരു ആശ്രയമാണ്.
മലബാറിലും ഇത് അങ്ങനെ തന്നെയാണ്. മഞ്ഞയിൽ കുളിച്ചു നിൽക്കുന്ന ഈ മനോഹര പുഷ്‌പം വടക്കൻ കേരളത്തിലെ വിഷു ആഘോഷങ്ങളിൽ പ്രധാനിയാണ്. കുളിച്ചൊരുങ്ങി വിഷു ദിവസം കൃഷ്‌ണനെ കണി കാണുക എന്നത് വിഷുവിന്റെ ഒരു ഐക്കണായി മാറി കഴിഞ്ഞു.
അത് തെക്കായാലും, വടക്കായാലും ഒരുപോലെ തന്നെയാണ്. ചക്ക, മാങ്ങ, തേങ്ങ, ആപ്പിൾ, മുന്തിരി, നാരങ്ങ തുടങ്ങിയവ മുതൽ സ്വർണവും ശർക്കര ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പം വരെ ഈ കണിയിൽ ഒരുക്കി വയ്ക്കുന്നു. ഇത് പ്രാദേശികമായി ഓരോ ഇടത്തും വിഭവങ്ങൾ മാറി മാറി വരുമെങ്കിലും പ്രധാന ശ്രദ്ധാ കേന്ദ്രം കൃഷ്‌ണൻ തന്നെയായിരിക്കും...
തെക്കൻ കേരളത്തിൽ നിന്ന് വ്യത്യസ്‌തമായി ഏകദേശം ഒരാഴ്‌ചയോളം കാലമാണ് മലബാറിൽ വിഷു കാലത്ത് പടക്കങ്ങൾ പൊട്ടിച്ചു തീർക്കുന്നത്. ഇന്ന് കോടികൾ ഒഴുകുന്ന വിശാലമായ മാർക്കറ്റാണ് മലബാറിലെ പടക്ക കച്ചവട മേഖലയിൽ നടക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.
എങ്കിലും വടകര മുതൽ കണ്ണൂർ വരെയുള്ള ഉത്തര മലബാറുകാർ ഇന്നും പടക്കങ്ങൾക്ക് ആശ്രയിക്കുന്നത് മാഹിയെയാണ്. വിലക്കുറവിൽ ലഭ്യമാവുന്നതിനാൽ തന്നെ വിഷുവിനെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഇവിടെ പടക്ക കച്ചവടം സജീവമാകുന്നു.
ബിരിയാണി മലബാറുകാർക്ക് വികാരമാണെങ്കിലും വിഷു, ഓണം ആഘോഷങ്ങളിൽ അവർ കൂടുതലായും ആശ്രയിക്കുന്നത് തങ്ങളുടെ തന്നെ തനത് കോമ്പിനേഷനായ നോൺ വേജ് സദ്യയെ തന്നെയാണ്. ഒരു സാധാരണ സദ്യക്ക് വേണ്ട വിഭവങ്ങൾക്ക് ഒപ്പം ചിക്കനും, ബീഫും, മട്ടനുമൊക്കെ ചേരുമ്പോഴാണ് ടിപ്പിക്കൽ മലബാർ സ്പെഷ്യൽ നോൺ വെജ് സദ്യയുടെ ഓളമുണ്ടാവുന്നതെന്ന് മലബാറുകാർ ഒട്ടും മടിയില്ലാതെ പറയും..
'മ്മൾക്കീ കടിച്ചു പറിക്കാൻ ഒന്നുല്ലാണ്ട് എന്ത് സദ്യയാണ് ഭായ്' എന്നാവും ഇതിനെ പറ്റി ചോദിച്ചാൽ അവരുടെ മറുപടി.. ചോദ്യത്തിനുള്ള മറുപടി പ്രഡിക്റ്റബിൾ ആണെങ്കിലും സദ്യയിൽ ഐറ്റങ്ങൾ എന്താവുമെന്ന് കണ്ട് തന്നെ അറിയണം.
#don't #anything #eat #kind #meal #Malabar #unique #Vishu #season # Theyyam #Thira #seasons
