---
title: "വേലിക്കകത്ത് സഖാവിനെ ഒരുനോക്ക് കാണാൻ നിറയെ സഖാക്കൾ; ഒപ്പം കുടുംബവും"
english_title: "A crowd of comrades gathered inside the fence to catch a glimpse of the comrade along with his family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304094/a-crowd-of-comrades-gathered-inside-the-fence-to-catch-a-glimpse-of-the-comrade-along-with-his-family"
published_at: "2025-07-23T06:01:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68802e3189d17_gfdx.jpg"
keywords: []
---

# വേലിക്കകത്ത് സഖാവിനെ ഒരുനോക്ക് കാണാൻ നിറയെ സഖാക്കൾ; ഒപ്പം കുടുംബവും

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** വഴി നീളെ നിറയെ ചുവന്ന പൂക്കൾ നെഞ്ചേറ്റി വരുന്ന ജനനായകൻ വി എസിനെ ഒരു നോക്ക് കാണാൻ വടക്കൻ കേരളം പോരാട്ട ഭൂമിയായ ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. പറവൂരിലെ വേലിക്കകത്ത് വീട്ടിലും സഖാവിനെ ഒരുനോക്ക് കാണാൻ നിറയെ ജനസഞ്ചയം.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** വഴി നീളെ നിറയെ ചുവന്ന പൂക്കൾ നെഞ്ചേറ്റി വരുന്ന ജനനായകൻ വി എസിനെ ഒരു നോക്ക് കാണാൻ വടക്കൻ കേരളം പോരാട്ട ഭൂമിയായ ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. പറവൂരിലെ വേലിക്കകത്ത് വീട്ടിലും സഖാവിനെ ഒരുനോക്ക് കാണാൻ നിറയെ ജനസഞ്ചയം.

ഒപ്പം വി എസിൻ്റെ നല്ലപാതി വസുമതിയും മകൾ ഡോ. വിവി ആശയും ചെറുമക്കളും ഉൾപ്പെടെയുള്ള കുടുംബവും. പുന്നപ്രയുടെ സമര പുത്രൻ ഇനി ഏതാനും മണിക്കൂറുകൾക്കകം ജന്മനാട്ടിലെത്തും.

വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര – വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഇന്നു പടിഞ്ഞാറേ ആകാശം ചുവക്കുമ്പോൾ വിഎസ് രക്തതാരകമായി ഓർമകളിൽ പ്രകാശിച്ചുതുടങ്ങും.

വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും. പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും. നാലിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. തുടർന്നു പാർട്ടിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.

തിരക്കു കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർ‍പ്പെടുത്തി. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി തിരിച്ചുവിടും. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ടു പഴയ നടക്കാവ് റോഡിൽ ഇന്നു രാവിലെ 11 വരെ ഗതാഗതം നിരോധിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ആലപ്പുഴയിലെത്തി. പാർട്ടി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304094/a-crowd-of-comrades-gathered-inside-the-fence-to-catch-a-glimpse-of-the-comrade-along-with-his-family)