( www.truevisionnews.com) മേടപ്പൊന്നണിഞ്ഞ് വിഷുക്കാലമിങ്ങെത്താറായി. അവസാനദിവസങ്ങളിലെ കണി വെക്കാനുള്ള ഓട്ടപ്പാച്ചിലുകൾ, പലതരം പടക്കങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്, തൊടികളിൽ ഓടിനടന്ന് വേനലവധി ആഘോഷിക്കുന്ന കുട്ടികൾ, കുടുംബങ്ങളുടെ ഒത്തുചേരലുകൾ, കൈനീട്ടത്തിന്റെ കണക്കെടുത്ത് എന്തുവാങ്ങും എന്ത് ചെയ്യണം എന്ന ചിന്തയിൽ കഴിയുന്ന ബാല്യകാലം, കാലം കടന്നുപോകുമ്പോഴും എന്തെല്ലാം ഓർമകളാണ് ഒരോരൊ വിഷുക്കാലത്തും തിരികെയെത്തുന്നത്.

വേനലവധിക്ക് സ്കൂൾ അടച്ചാൽപ്പിന്നെ ബാഗും ബുക്കും വലിച്ചെറിഞ്ഞ് പാടത്തേക്ക് ഒരോട്ടമാണ് പന്ത്കളിക്കാൻ. വിഷുക്കാലമായാല്പിന്നെ പടക്കക്കടകളിലേക്കാവും കണ്ണുകൾ ചെന്നെത്തുന്നത്, പുതിയതായി വന്ന പടക്കങ്ങൾ എന്തൊക്കെ ക്യാപ് ഇട്ട് പൊട്ടിക്കുന്ന തോക്കുകൾ, റോക്കറ്റ്, ഗുണ്ട്, പാമ്പുഗുളിക, പൂമ്പാറ്റ, ഓലപ്പടക്കം, ഇട്ടാപ്പൊട്ടി, അങ്ങനെ എത്രയെത്ര പടക്കങ്ങൾ.
വിഷുവിന്റെ തലേദിവസം കുടുംബത്തിലെ എല്ലാവരും ഒത്തുകൂടി കഴിഞ്ഞ വിഷുക്കാലത്തെ തമാശകളും, ചെയ്തുപോയ അമളികളും പറഞ്ഞ് കമ്പിത്തിരിയും മറ്റും കത്തിച്ചും പൊട്ടിച്ചും അങ്ങനെ ഒരിരിപ്പാണ്.
അതിരാവിലെ കണികാണാൻ വേണ്ടി കുട്ടികളെയെല്ലാം നേരത്തെ ഉറക്കും, കണിയൊരുക്കാനായി കണ്ണനെ ഒരുക്കുകയും നിലവിളക്ക് വൃത്തിയാക്കുകയും ആവശ്യമായ സാധനങ്ങളെല്ലാം ഒരുക്കുന്ന തിരക്കിലാവും ബാക്കി എല്ലാവരും.
ഇതിനിടക്ക് സന്ധ്യാസമയത്ത് അച്ഛന്റെ കൂടെ അങ്ങാടിയിലേക്ക് ഒരു പോക്കുണ്ട്, പടക്കം വാങ്ങാൻ. അപ്പോൾ നമ്മുക്കിഷ്ടമുള്ള പടക്കങ്ങൾ വാങ്ങാം, ഇതിൽ പ്രധാനികളായി മത്താപ്പും, പാമ്ബ്ഗുളികയും, ക്യാപ്പും തോക്കും, ഉൾപ്പെടെയുള്ള പടക്കങ്ങളുമുണ്ടാവും.
അതിരാവിലെ മാലപ്പടക്കത്തിന് തിരികൊളുത്തി കണികാണാൻ എണീറ്റ് കൈനീട്ടം മേടിച്ചതിനുശേഷം ഭയങ്കര പ്ലാനിങ്ങിലാവും എല്ലാവരും. പടക്കം വാങ്ങണോ, സിനിമക്ക് പോണോ, അതോ എടുത്ത് വെക്കണോ, എന്ന രീതിയിൽ നീളുന്നു ഈ ചിന്തകൾ, അവസാനം അമ്മ വന്ന് പൈസ വാങ്ങി സ്കൂളിൽ പോകുമ്പോ തരാട്ടോ എന്ന ഒറ്റ ഡയലോഗിൽ എല്ലാം 'ഡിം', പക്ഷെ ഇതിനിടക്ക് അമ്മമ്മ അതിഥിവേഷത്തിലെത്തുന്ന ഒരു രംഗമുണ്ട്, ചുരുട്ടിപിടിച്ച കുഞ്ഞുകൈകൾ നിവർത്തി അതിലേക്ക് ഒരു തുക വെച്ച് ആർക്കും കൊടുക്കണ്ടാട്ടൊ എന്ന് പറയും. അതാണ് വിഷുക്കാലത്തെ ഏറ്റവും വലിയ കൈനീട്ടം.
രാവിലെ പാടം വഴി വരമ്പിനോരത്തെ ചെടികളിലെ മഞ്ഞുതുള്ളികൾ തട്ടിത്തെറിപ്പിച്ച് അമ്പലത്തിലേക്ക് കൂട്ടമായൊരു പോക്കുണ്ട്, ദര്ശനം കഴിഞ്ഞ സമയത്തെത്തിയാൽ കിട്ടുന്ന പ്രസാദത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയിലുള്ള വീടുകളിൽ നിന്നെല്ലാം പടക്കങ്ങൾ പൊട്ടുന്ന ശബ്ദവും കരിമരുന്നിന്റെ ആ പ്രത്യേക ഗന്ധവും ആസ്വദിച്ച് വീട്ടിലേക്കെത്തുന്നത് എല്ലാവരും ഒരുമിച്ചുള്ള വിഷു ചർച്ചയിലേക്കാണ്. സ്മാർട്ഫോണിന്റെ കടന്ന് വരവ് ഇത്തരം ഓർമകളെ മായ്ക്കുമ്പോഴും ചിരകാലസ്മരണകളെ മാടിവിളിക്കുന്ന ഗ്രാമങ്ങൾ കേരളത്തിൽ പ്രാചീനമായ രീതി പിന്തുടർന്ന് വിഷു ആഘോഷിക്കുന്നു.
മാങ്ങക്കാലമായതിനാല്‍ ഊണുകാലമാകുമ്പോളേക്കും മാമ്പഴപ്പുളിശ്ശേരി തയ്യാറാക്കാൻ കുട്ടികളെല്ലാവരും മാങ്ങ പെറുക്കാൻ പാടത്തേക്കൊരു പാച്ചിലുണ്ട്. ഈ സമയം വീട്ടിലെ പഴയ ഫിലിപ്സിൻറെ ജവാൻ റേഡിയോയിൽ നിന്നും " എല്ലാ പ്രേക്ഷകർക്കും വിഷു ദിനാശംസകൾ അടുത്തതായി അടിമകൾ എന്ന സിനിമയിൽ പി സുശീലയും ജി ദേവരാജനും ആലപിച്ച തെച്ചീ മന്താരം തുളസീ എന്ന ഗാനം കേൾക്കാം" എന്ന് കേട്ടുകൊണ്ട് അമ്മമാർ ഊണിനുള്ള തയ്യാറെടുപ്പിലായിരിക്കും.
ഊണെല്ലാം കഴിഞ്ഞ് ടിവിയുടെ മുൻപിൽ അല്പം പായസവും കുടിച്ചൊരിരിപ്പാണ്. പുതുതായി തിയേറ്ററിൽ വന്ന ശേഷം ടിവിയിൽ വരുന്ന വിഷു ചിത്രങ്ങൾ കാണാൻ. ഇതിനിടയിൽ കരിമരുന്നാൽ പടർന്ന അന്തരീക്ഷത്തെ ഒന്ന് തണുപ്പിക്കാൻ മഴയും എത്താറുണ്ട്. സന്ധ്യയാകുന്നതോടെ പടക്കം വീണ്ടും പൊട്ടിക്കാൻ തുടങ്ങും. ഇരുട്ടിൽ വർണം പരത്തുന്ന മേശപ്പൂവ്, (കോൺ പോലെയുള്ളത്) നിലച്ചക്രം, കമ്പിതിരി, മത്താപ്പ്, പാമ്പ്ഗുളിക, റോക്കറ്റ്, ചൈന ഫാൻസി പടക്കങ്ങൾ, എന്നിവയുടെ വരവാണ് രാത്രി സമയങ്ങളിൽ.
പിറ്റേദിവസം ആരവങ്ങളൊന്നുമില്ല എല്ലാം ശാന്തം, വർഷത്തിലൊരിക്കൽ വന്നുപോകുന്ന വിഷുവിനോട് കൂടെ ബന്ധങ്ങളും വീടൊഴിയും അവസാനം മറ്റൊരു വിഷുക്കാലത്തെ വരവേൽക്കാൻ ആളൊഴിഞ്ഞ വീടും, വാടിയ കൊന്നപ്പൂവും, കരിമരുന്നാൽ കുതിർന്ന മണ്ണും ബാക്കി.

Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#Time #has #passed #only #one #remains #Vishu #memories #Palakkad #boy
