---
title: "വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ"
english_title: "When VS became a magician The people of Vadakara still remember the ministerial performance he showed to the crowd"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304086/when-vs-became-a-magician-the-people-of-vadakara-still-remember-the-ministerial-performance-he-showed-to-the-crowd"
published_at: "2025-07-22T22:50:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687fc87e7aa2a_gdfg.jpg"
keywords: []
---

# വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** 'നവകേരള സൃഷ്‌ടിക്ക് എൽഡിഎഫ് മാജിക് ഇന്നും മറക്കാത്ത ഓർമയാണ് വടകരക്കാർക്ക്. മതവർഗീയത, ജനവിരുദ്ധനയങ്ങൾ, അഴിമതി ഇരുൾമുടിയ കാലം എന്ന പേപ്പർ കത്തിച്ച് ഒരുപാത്രത്തിൽ വി എസ് നിക്ഷേപിച്ചു. പിന്നീട്, എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നെഴുതിയ അടപ്പുകൊണ്ട് അടച്ചു. അഗ്നിയിൽ എരിച്ച് മാന്ത്രിക വടിയാൽ തൊട്ടപ്പോൾ ഉയർന്ന് പൊന്തിയത് വെള്ളരിപ്രാവ്‌. വി എസിൻ്റെ സന്ദേശം കൈയടിയോടെ സദസ്സ് വരവേറ്റു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** 'നവകേരള സൃഷ്‌ടിക്ക് എൽഡിഎഫ് മാജിക് ഇന്നും മറക്കാത്ത ഓർമയാണ് വടകരക്കാർക്ക്. മതവർഗീയത, ജനവിരുദ്ധനയങ്ങൾ, അഴിമതി ഇരുൾമുടിയ കാലം എന്ന പേപ്പർ കത്തിച്ച് ഒരുപാത്രത്തിൽ വി എസ് നിക്ഷേപിച്ചു. പിന്നീട്, എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നെഴുതിയ അടപ്പുകൊണ്ട് അടച്ചു. അഗ്നിയിൽ എരിച്ച് മാന്ത്രിക വടിയാൽ തൊട്ടപ്പോൾ ഉയർന്ന് പൊന്തിയത് വെള്ളരിപ്രാവ്‌. വി എസിൻ്റെ സന്ദേശം കൈയടിയോടെ സദസ്സ് വരവേറ്റു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി 2010 ഏപ്രിൽ 23ന് വടകരയുടെ മണ്ണിൽ വി എസ് സാന്നിധ്യമറിയിച്ചത്. എൽ ഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മജീഷ്യൻ സനീഷ് വടകരയ്‌ക്കൊപ്പം കുന്നത്തു കരയിലെ വേദിയിൽ വി എസ് അവതരിപ്പിച്ച മാജിക് വടകരക്കാരുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും അഗ്നിക്കിരയാക്കി നന്മയുടെയും വികസനത്തിന്റെയും പ്രതീകമായ വെള്ളരിപ്രാവിനെ വാനിലേക്ക് പറത്തിയാണ് വി എസ് മാജിക് അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റും ചുരുക്കം ചില സന്ദർങ്ങളിൽമാത്രമാണ് വി എസ് വടകരയിലെത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിനപ്പുറം ജനപക്ഷ നിലപാടുകൾകൊണ്ട് ഹൃദയങ്ങളിൽ ചേക്കേറിയ രണ്ടക്ഷരങ്ങൾ.

മൂർച്ചയുള്ള വാക്കുകളും തീർച്ചയുള്ള നിലപാടുകളുമാണ് വിഎസ് എന്ന ബ്രാൻഡിന്റെ കാതൽ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിക്കിച്ചികഞ്ഞുമുള്ള വാക്കുകൾ കൊള്ളേണ്ടിടത്തു കൊള്ളുമ്പോൾ മൂർച്ചയേറെയായിരുന്നു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ വേർപാട് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നെഞ്ചിലെ നീറ്റലാകുന്നത്. നിരന്തരം പ്രതികരിച്ചും പ്രസരിപ്പോടെ നിറഞ്ഞുനിന്നും കേരളത്തിന്റെ രാഷ്ട്രീയക്കളം വരച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് പക്ഷേ നാലു വർഷത്തോളമായി നിശ്ശബ്ദതയുടെ കൂടാരത്തിലായിരുന്നു.

എട്ടുപതിറ്റാണ്ടോളം കേരളം നിറഞ്ഞുനിന്ന വിപ്ലവസൂര്യന്റെ മൗനം രാഷ്ട്രീയ കേരളത്തെ മൂകതയിലാക്കി. നിലപാടും കാഴ്ചപ്പാടും നീട്ടിയും കുറുക്കിയും കേരളത്തിന്റെ കാതുകളിൽ മുഴങ്ങാതായിട്ടു നാളേറെയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ തളർത്തിയെങ്കിലും തിരുവനന്തപുരം നഗരത്തിലെ ബാർട്ടൺ ഹില്ലിൽ മകൻ ഡോ. വി.എ.അരുൺകുമാറിന്റെ വീട്ടിലെ വിശ്രമജീവിതത്തിലും അദ്ദേഹം സജീവമായിരുന്നു.

വായനയ്ക്കു സമയം കണ്ടെത്തുമായിരുന്ന അദ്ദേഹം കുറച്ചുനാൾ മുൻപുവരെ കുറിപ്പുകളും തയാറാക്കിയിരുന്നു. അനുഭവങ്ങളുടെ ആ കരുത്തുറ്റ വാക്കുകളും പ്രവൃത്തികളുമാണ് ഇക്കാലം കേരളത്തിനു നഷ്ടമായത്. ഇപ്പോൾ എന്നന്നേക്കുമായി ഇല്ലാതായത്.

[A post shared by K P Sreejith Vadakara (@kpsreejithvatakara)](https://www.instagram.com/reel/DMZvN8qO2Oa/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304086/when-vs-became-a-magician-the-people-of-vadakara-still-remember-the-ministerial-performance-he-showed-to-the-crowd)