(truevisionnews.com) വർത്തമാനകാലത്ത് ലഹരി വിപത്ത് അതിന്റെ സീമകൾ ലംഘിച്ച് വലിയ സാമൂഹ്യപ്രശ്നമായി വളർന്നുവന്നിരിക്കുന്ന ഘട്ടത്തിൽ, സാമൂഹ്യ മനസാക്ഷ്യയെ ഉണർത്തുന്നതിന് ബോധവൽക്കരണത്തിന് അപ്പുറമുള്ള ഇടപെടലുകൾ നടത്തേണ്ടതായിട്ടുണ്ട്.

മനസ്സിനെ മാറ്റിമറിക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും ലഹരിയിലേക്ക് നയിക്കുന്നതാണ്. ലഹരി ഉപയോഗം മനപ്പൂർവ്വമോ ആകസ്മികമോ ആകാം. ലഹരി എന്ന മഹാവിപത്ത് നാടിനെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങൾ നിത്യേന കാണുകയും കേൾക്കുകയും ചെയ്യുന്നത് സമൂഹത്തെ അലോസരപ്പെടുത്തുന്നു,നമ്മുടെ യുവ സമൂഹത്തിലെ ചെറിയ പക്ഷത്തെ ലഹരി വ്യാളി കീഴടക്കിയിരിക്കുന്നു.
വെറൂം കൈയ്യോടെ നോക്കിനിൽക്കാതെ നാളെയുടെ ഈട് വെപ്പുകളായ യുവ സമൂഹത്തെ രക്ഷിക്കുവാനുള്ള യുദ്ധ കാഹളം മുഴക്കുന്നതിനു പകരം യുദ്ധം തന്നെ നടത്തേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കേണ്ട സന്ദർഭമല്ല ചെറുതും വലുതുമായ ഇടപെടൽ നടത്തി സാമൂഹ്യ വലയം സൃഷ്ടിച്ച് കണ്ണിലെ കൃഷ്ണമണി പോലെ സ്വന്തം വീട്ടുകാരെയും അയൽവാസികളെയും സംരക്ഷിക്കണം.
ലഹരിയിലേക്ക് അറിഞ്ഞോ അറിയാതെയോ അകപ്പെട്ടു പോയവരെ രക്ഷപ്പെടുത്തുവാനുള്ള രക്ഷാദൗത്യം ഏറ്റെടുക്കേണ്ട സാമൂഹ്യാവസരം സമാഗതമായിരിക്കുന്നു. കൊറോണയ്ക്ക് ശേഷം എല്ലാം മറന്ന് കേരളീയർ ലഹരിക്കെതിരെ ഒത്തു ചേർന്നിരിക്കുന്നു. നഗരങ്ങളിൽ മാത്രം വ്യാപിച്ചിരുന്ന മയക്കുമരുന്ന്, രാസ ലഹരി എന്നിവ ആധുനികതയുടെ പുതുനാമ്പുകളിലൂടെ നമുടെ ചുറ്റും വട്ടത്തും അയൽപക്കത്തും എത്തിയിട്ടും സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കാതെ മാറിനിൽക്കുന്നത് രാജ്യത്തോടും വളർന്നുവരുന്ന തലമുറയോടും ചെയ്യുന്ന പാതകമാണ്.
ലഹരി, ജീവിതത്തെയും അതിലെ സർവ്വ സന്തോഷങ്ങളെയും ഇല്ലാതാക്കി കളയുന്നതാണ്. ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ആയാഥാർത്ഥ്യമായ ലോകത്തേക്ക് പോകാനാണ് ലഹരി ഉപയോഗത്തിലൂടെ ചിലർ ശ്രമിക്കുന്നത്. ആദ്യം ഒരു തമാശക്ക് പിന്നെ പതുക്കെ പതുക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു ബാധയായി ലഹരി മാറുന്നു. സൗഹൃദത്തിന്റെ പൂമരങ്ങൾ ലഹരി സമ്മാനിക്കുന്ന കാഴ്ചകൾ ദൃഷ്ടി വട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു.
ചരിത്രത്തിൽ ചെറിയ കൂട്ടങ്ങൾ ലോകത്തിൽ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിൽ ഇന്നത് ലഹരിയുടെ ദുരന്തമാണ് സമ്മാനിക്കുന്നത്. ഗ്രാമത്തിൽ സൗഹൃദങ്ങൾ വസന്തങ്ങളാണ് സൃഷ്ടിച്ചതെങ്കിൽ ഇന്ന് അസാന്മാർഗികതയുടെയും തെറ്റിയും കൂടാരമായി ചിലത് മാറുകയാണ്. അറിഞ്ഞോ അറിയാതെയോ വഴുതി വീഴാവുന്ന ലഹരി വിപത്തിനെ നെഞ്ചുവിരിച്ച് എതിർക്കപ്പെടേണ്ടതായിട്ടുണ്ട്. കുടുംബങ്ങളെ താളം തെറ്റിക്കുന്ന ലഹരി ആധുനിക യുവസമൂഹത്തിന്റെ ഭാവിയെയാണ് നശിപ്പിക്കുന്നത്.
കൗതുകത്തിനു വേണ്ടി ഉപയോഗിച്ച് മഹാനാശത്തിന്റെ ഗർത്തത്തിലേക്ക് വഴുതി വീഴുന്നവരെയും നമുക്ക് കാണാൻ സാധിക്കുന്നതാണ് മാനവരാശി നേരിടുന്ന മഹാ പ്രശ്നമായി ലഹരി ഉപയോഗം വളർന്നു കഴിഞ്ഞിരിക്കുന്നു. ലോകത്ത് ആയുധം വ്യാപാരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് മയക്കുമരുന്ന് വ്യാപാരമാണ്. മഞ്ഞുമലയുടെ അംശം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
ആരോഗ്യം,സാക്ഷരത, മനുഷ്യ വിഭവശേഷി എന്നീ രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിൽ 14മുതൽ 18 വയസ്സ് വരെയുള്ളവരിൽ ഗണ്യമായിട്ടുള്ളവർ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഒരു തവണ എങ്കിലും ഉപയോഗിച്ചവരാണ് എന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസം ഏഴായിരത്തിലധികം സംശയമുള്ളവരെ പരിശോധിച്ചപ്പോൾ കേരള പോലീസിന് 160 പേരിൽ നിന്ന് മയക്കുമരുന്ന് ലഭിച്ചതും സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ 28.7 % കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന കണ്ടെത്തലും, 18 വയസ്സിന് താഴെയുള്ള 588 കുട്ടികൾ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേരളത്തിൽ മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ചതിന് ചികിത്സ തേടി എന്നതും കേരളം അതീവ പ്രതിസന്ധിയിലാണ് എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്.
ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ കുട്ടിക്ക് വഴി തെറ്റാതിരിക്കുവാൻ രക്ഷിതാക്കൾ സ്കൂളിൽ പോയിരുന്നുവെങ്കിൽ ഇന്ന് അതേ രക്ഷിതാക്കൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികൾ മയക്കുമരുന്ന് മാഫിയുടെ വലയത്തിൽ അകപ്പെടാതിരിക്കുവാൻ സ്കൂളിൽ പോയി കൂട്ടിക്കൊണ്ടു വരേണ്ട ഗതികളിലേക്ക് എത്തിയ ഘട്ടത്തിലാണ് സമൂഹം ജാഗരൂകരായി ഇടപെടണം എന്ന ആവശ്യം ഉയരുന്നത്.
ലഹരിയുടെ വ്യാളി പുതുതലമുറയെ കഴുത്തോളം വിഴുങ്ങിയ ഘട്ടത്തിൽ നിസ്സംഗരായി നോക്കി നിൽക്കാതെ തങ്ങളുടെ കുടുംബത്തിലെ ചുറ്റുവട്ടത്തിലോ കൗമാരങ്ങളുടെ ഭാവമാറ്റങ്ങൾ ചാപല്യങ്ങൾ എന്നിവ സദാ നിരീക്ഷിക്കേണ്ട ഘട്ടം സംജാതമായിരിക്കുന്നു. പെട്ടെന്നുള്ള സ്വഭാവ മാറ്റങ്ങൾ, വൈകല്യങ്ങൾ, ശാരീരികാസ്വാസ്ഥ്യങ്ങൾ, ഉറക്കക്ഷീണം, ഉറക്കമില്ലായ്മ, പണത്തോടുള്ള ആർത്തി,വാശി, മോഷണശ്രമം, വിഷാദം, ക്ഷീണം, നിരാശ,ഏകാന്തത, കൃത്യനിഷ്ഠമില്ലായ്മ, എന്നിവ നമ്മുടെ കുട്ടികളിൽ ഉണ്ടാവുകയാണെങ്കിൽ സൂക്ഷ്മ നിരീക്ഷണവും പഴുതടച്ച ഇടപെടലും ആവശ്യമായി വന്നേക്കാം, കാരണം ഇതൊക്കെ ലഹരി ഉപയോഗം കൊണ്ടുള്ള ശാരീരിക സാമൂഹിക മാറ്റങ്ങളാണ്.
മാനുഷികത, പൈശാചികതക്ക് വഴിമാറുന്ന അവസ്ഥ ലഹരി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നതാണ്. സ്വന്തമേത് ബന്ധമേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഉണ്ടായി താൻ ചെയ്യുന്ന പ്രവർത്തിയുടെ ദുരന്ത ഫലം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ലഹരി സൃഷ്ടിക്കുന്നതാണ്. സംഭവിച്ചതിനുശേഷം വിലപിക്കുന്നതിന് പകരം ശാസ്ത്രീയമായ ഇടപെടലും ഇമവെട്ടാതെയുള്ള ജാഗ്രതയും നമ്മുടെ കുട്ടികളുടെ മേൽ ഉണ്ടാവണം,അത് അവരുടെ വളർച്ചക്കും വികാസത്തിനും വിലങ്ങു തടിയാവുന്ന രീതിയിൽ ആകരുത് എന്ന നിശ്ചയവും മനസ്സിലുണ്ടാവണം.ലഹരി ഉണ്ടാക്കുന്ന മൃഗീയാവസ്ഥയുടെ വ്യത്യസ്ത രൂപങ്ങൾ നമ്മൾ ദിനേനെ കണ്ടുകൊണ്ടിരിക്കുന്നു .
വേരോടെ പിഴുതെറിയേണ്ട വലിയ സാമൂഹ്യ പ്രശ്നമായി മയക്കുമരുന്ന് വ്യാപാരം മാറിയിട്ടുണ്ട്.രസിപ്പിച്ചു കൊല്ലുന്ന നിശബ്ദ കൊലയാളിയായ ലഹരിയും അതിന്റെ വാഹകരെയും ദയാദാക്ഷിണ്യമില്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.
ആസ്വാദനം, അനുകരണം, ജിജ്ഞാസ, പരീക്ഷണം, പരപ്രേരണ,തമാശക്ക് വേണ്ടി,ഉന്മാദത്തിനായി, മാനസിക സാമൂഹിക പ്രശ്നത്തിൽ നിന്നുള്ള മോചനം,വീട്ടിലെ പ്രശ്നങ്ങൾ, പ്രേമ പരാജയങ്ങൾ,പഠന ബുദ്ധിമുട്ട്, പണലഭ്യത, മിഥ്യാധാരണകൾ, അജ്ഞത, സുലഭമായ ലഭ്യത,മാനസിക സംഘർഷം, ജീവിതസഹചര്യം, നെഗറ്റീവ് പിയർ ഗ്രൂപ്പ് സ്വാധീനംതുടങ്ങിയ നിരവധി കാരണങ്ങളാൽ യുവത ലഹരിയിലേക്ക് വീഴാം.
കുടുംബത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതകൂടി സമൂഹം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.കുട്ടികൾ ലഹരിയിലേക്ക് സഞ്ചരിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കേണ്ടതായിട്ടുണ്ട്.ലഹരി ഒരു രോഗമാണ് ചിന്തകളെയും പെരുമാറ്റത്തെയും ഇന്ദ്രിയാനുഭൂതികളെയും,വികാരങ്ങളെയും എല്ലാം ലഹരി അട്ടിമറിയിക്കുന്നു. സാധാരണ ജീവിതം അസാധ്യമാക്കുന്നു.
ശാരീരിക,മാനസിക, കുടുംബ,സാമൂഹ്യ തലങ്ങളിലെല്ലാം ലഹരിയാസക്തി, പ്രശ്നങ്ങളും, പ്രതിസന്ധികളും സൃഷ്ടിക്കുന്നതാണ്. നല്ല കുടുംബാന്തരീക്ഷം, വ്യക്തി ബന്ധങ്ങൾ, വിനോദങ്ങൾ,നല്ല ഭക്ഷണം, നല്ല ജോലി, വ്യായാമം,സൗഹൃദങ്ങൾ ഇവയെല്ലാം സമൂഹത്തിൽ പുഷ്കലമായാലേ ലഹരിയിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് തടയാൻ സാധിക്കുകയുള്ളൂ.
ഒറ്റപ്പെടുത്തലുകൾക്കും ചീത്ത പറയലുകൾക്കും ക്ഷോപിക്കലിനും അപ്പുറത്ത് സാഹചര്യങ്ങൾക്കനുസരിച്ച് ആത്മാഭിമാനത്തിന് ക്ഷതം തട്ടാതെയുള്ള ഇടപെടലുകളാണ് നടത്തേണ്ടതായിട്ടുള്ളത്.തലച്ചോറിന്റെ രാസഘടനയിൽ വിവിധതരത്തിലുള്ള മാറ്റങ്ങൾ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാക്കുന്നതിനാൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഒരിക്കൽ ഉപയോഗിച്ചാൽ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നതിനാൽ, ചേർത്ത് പിടിച്ചും, സ്നേഹം നൽകിയും, പങ്കാളിത്തത്തിലൂടെയും മാത്രമേ ലഹരി ശീലത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ സാധിക്കുകയുള്ളൂ.
മാതാപിതാക്കൾക്ക് അധ്യാപകർക്കും ഒരിക്കൽ പോലും സംശയം ജനിപ്പിക്കാത്ത രീതിയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ യുവ സമൂഹം പ്രാപ്തി നേടിയതിനാൽ മുതിർന്നവരുടെ സ്നേഹത്തിന്റെയും സമൂഹത്തിന്റെ സാമൂഹ്യവലയത്തിലൂടെയും മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
മാനസിക കഴിവുകൾ, മാനസികാവസ്ഥ എന്നീ മനുഷ്യരുടെ സഹജ വാസനകളെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് ലഹരി. പ്രായഭേദമില്ലാതെ ശരീരഘടനയെ ലഹരി ക്യാൻസർ പോലെ കാർന്നു തിന്നുന്നതാണ്.ആക്രമോൽസുകത പ്രക്ഷോഭം, ഉൽക്കണ്ഠ, അലസത, മയക്കം എന്നിവ ലഹരിയുടെ ഉപ ഉൽപ്പന്നങ്ങളാണ്. റിസ്ക് എടുക്കുന്ന സ്വഭാവും ചിലരിൽ ഉണ്ടാകാം.ആധുനിക ലഹരി ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച് രാസ ലഹരി വസ്തുക്കൾ പ്രവചനതീതമായ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്.
തലച്ചോറിൽ സിഗ്നൽ സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന നാഡീകോശങ്ങളെ (ന്യൂറോമറുകൾ) ലഹരി സാരമായി ബാധിക്കുന്നു. മനുഷ്യരിൽ 100ൽ അധികം ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉണ്ട്, അവ മനുഷ്യന്റെ നാഡീവ്യവസ്ഥയിൽ തലച്ചോറിൽ നിരവധി വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്നു. ബോധം,അറിവ്,ശ്രദ്ധ, വികാരം,വിചാരം എന്നിവ ന്യൂറോ ട്രാൻസ്മിറ്റാൽ ബന്ധമാണ് ഇതിനൊക്കെ ലഹരി താളം തെറ്റിക്കുന്നതാണ്.
ലഹരി ഉപയോഗിക്കുന്നവർ സ്വയം പരിക്കേൽപ്പിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കുവാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. നാളെയുടെ വികസന ഭാഗധേയം നിർണയിക്കുന്ന യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ, സകല തിന്മകളുടെയും മാതാവായ മദ്യം,മയക്കുമരുന്ന് എന്നിവക്കെതിരെ സന്ധിയില്ലാത്ത പോർമുഖം തീർക്കാൻ മാനസികമായി തയ്യാറാവേണ്ടതായിട്ടുണ്ട്.
ആധുനികതയുടെ തിരക്കേറിയ ജീവിത രീതികളിൽ അണു കുടുംബാമായി ജീവിക്കുമ്പോഴും, സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ദുഷിച്ച പ്രവണതയ്ക്കെതിരെ ജാഗ്രത ഉണ്ടാകേണ്ട സന്ദർഭമാണ് സംജാതമായിട്ടുള്ളത്. ചുറ്റുവട്ടത്തുള്ള ലഹരി മാഫിയയുടെ കണ്ണി പൊട്ടിച്ചെറിയുവാൻ ആരോഗ്യ ദൃഢഗാത്രങ്ങളായ കരങ്ങൾ ആവശ്യമാണ്.
കേരനിരകൾ ഹരിത ചാരുത മെനഞ കേരളം ലഹരിക്കിണിയിൽ പെടാതിരിക്കുവാനും, പെട്ടവരെ മോചിപ്പിക്കുവാനും, ലഹരിയിലേക്ക് വഴുതി വീഴാൻ സാധ്യതയുള്ളവരെ രക്ഷപ്പെടുത്തുവാനുമുള്ള മഹായജ്ഞത്തിന് സമൂഹം മുന്നോട്ടു വരണം. മ്ലേച്ഛതകളെ നിയന്ത്രിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടാൽ നാശത്തിന്റെ വാതായാനങ്ങളാണ് തുറന്നുവരിക എന്നത് വർത്തമാനകാലം നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

Article by ടി ഷാഹുൽ ഹമീദ്
*
#Let's #create #social #circle #against #addiction.
