Jun 25, 2025 01:14 PM

( www.truevisionnews.com ) " പ്രവാചകന്മാരേ പറയൂ, പ്രഭാതമകലെയാണോ... "ഇത് ഒരു ചലച്ചിത്ര ഗാനശകലം മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ് ഐ എയ്തുവിട്ട ആഗ്നേയാസ്ത്രം പോലുള്ള ഒരു നോട്ടീസിൻ്റെ തലക്കെട്ടുകൂടിയാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ 1976 അധ്യയന വർഷാരംഭത്തിൽ പ്രസിദ്ധീകരിച്ച ആ ലഘുലേഖയിൽ ഉയർത്തിയത് ഒന്നൊന്നര ചോദ്യമാണ്.


തലവാചകത്തിൽ ആശങ്കയുടെ ലാഞ്ഛന ഉണ്ടായിരുന്നു എന്നത് ശരി. എന്നാൽ ഉളളടക്കത്തിൽ സ്വാതന്ത്ര്യത്തിൻ്റെ പുലരി അരികെയാണെന്ന ഉത്തരത്തിനായിരുന്നു ഊന്നൽ. മാനവികതയുടെ മഹത്വഗായകരായ പല തലമുറക്കാരായ കാവ്യോപാസകരുടെ , കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയുള്ള പ്രതീക്ഷാനിർഭരമായ മറുപടി. അതിൽ ഒരിടത്തും അടിയന്തരാവസ്ഥ എന്ന വാക്കേ ഉണ്ടായിരുന്നില്ല. എങ്കിലും നമ്മുടെ മാതൃരാജ്യത്തെ ഇരുളിലാഴ്ത്തിയ അധികാരഹുങ്കിന് അറുതിയാവാൻ " സമയമാവുന്നു, മണി മുഴങ്ങുന്നു, സൂചന ലഭിക്കുന്നു" എന്ന ഉറച്ച വിശ്വാസം ആദ്യന്തം പങ്കുവെച്ചിരുന്നുതാനും.

ഭരണകൂടത്തിൻ്റെ തലപ്പത്തുള്ളവരെയും കോഴിക്കോട്ടെ പൊലീസ് മേധാവികളെയും അരിശംകൊള്ളിക്കാൻ അതിൽപ്പരമെന്ത് വേണം! 1970കളിലെ ചെറുപ്പക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ വരികളിലാണ് തുടക്കം. ഗാനഗന്ധവർവൻ യേശുദാസിൻ്റെ സ്വരമാധുരിയിൽ വയലാർ രാമവർമ - ജി ദേവരാജൻ ടീം മലയാളികൾക്ക് സമ്മാനിച്ച "അനുഭവങ്ങൾ , പാളിച്ചകളി"ലെ സൂപ്പർ ഹിറ്റ് ഗാനത്തിൽനിന്ന് അടർത്തിയെടുത്തതാണ്. രാഷ്ട്രീയ വായനയ്ക്ക് കാല്പനികത കലർന്ന ഒരാമുഖം.


അതിനു കീഴെ ഒന്നിനൊന്ന് മികച്ച മൊഞ്ചും മൂർച്ചയുമുള്ള കാവ്യ നുറുങ്ങുകളുടെ അത്യപൂർവ ചേരുവയും. രവീന്ദ്രനാഥ ടാഗോറും കുമാരനാശാനും വള്ളത്തോളും വൈലോപ്പിള്ളിയും ഇടശ്ശേരിയും മുതൽ കടമ്മനിട്ടയും സച്ചിദാനന്ദനും കെ ജി ശങ്കരപ്പിള്ളയും വരെയുള്ള മുൻ നിരക്കാരുടെ ആശയഗാംഭീര്യമുള്ള വരികൾ ആദ്യം. തൊട്ടുപിറകെ കുഞ്ഞപ്പ പട്ടാന്നൂർ മുതൽ എം കൃഷ്ണൻകുട്ടി വരെയുള്ള കാവ്യയൗവനത്തിൻ്റെ രോഷഗർജനം ...

അവ രൂപഭാവ ഭദ്രതയോടെ വിളക്കിച്ചേർക്കാൻ ക്യാമ്പസ് കൗമാരത്തിൻ്റെ ശക്തിസൗന്ദര്യം തുളുമ്പുന്ന വാഗ്ധാരയും. അതൊരു പ്രത്യേക സൃഷ്ടിയായിരുന്നു. " സ്വാതന്ത്ര്യം , നൊന്തുപെറ്റ കുഞ്ഞിനെ പൊരിച്ചുതിന്നുന്ന അമ്മയുടെ അലമുറയിടുന്ന ഉദരമായി മാറുമ്പോൾ " നിർവികാരമായ നിശ്ശബ്ദത പുലർത്തുന്ന നിസ്സംഗ നീതിപീഠത്തെ ചോദ്യംചെയ്യുന്നുണ്ട് കവി. ഒപ്പം "പള്ളികളും പള്ളിക്കൂടങ്ങളും നേതാക്കളും നേര് മറച്ചുപിടിക്കുന്ന "തിനെ അപലപിക്കുന്നുമുണ്ട്. മാത്രമല്ല - "ഇന്ത്യാ , നിൻ്റെ വയറ്റിൽ പിറന്നുപോയതിൻ്റെ നാണം മറയ്ക്കാൻ ഒരു ദേശീയപതാക പോലുമില്ലാതെ ഞാൻ ചൂളിയുറഞ്ഞുപോവുന്നു " എന്ന നെഞ്ചുപൊള്ളിക്കുന്ന വിലാപവും...

"പൂവുകളെന്തിന് പുലരികളെന്തിന് പുഷ്പാഭരണ വിഭൂഷിത മോഹന സന്ധ്യകളെന്തിന് പുഞ്ചിരിയെന്തിന് പൂത്തിരിയെന്തിന്............ .......അമ്മേ നിൻ്റെയിളം കൈയുകളിൽ ഇരുമ്പുവിലങ്ങ് കിലുങ്ങുന്നേരം" എന്ന ചോദ്യമുതിർക്കുകയാണ് മറ്റൊരു കവി. എന്നിട്ടും ഹരിത ശീതള കോമളമായ നാടിന് വന്ദേമാതരം ചൊല്ലുകയും ചെയ്യുന്നു.


മറ്റു കവിതകളിൽ " ബംഗാളിൽനിന്ന് ഒരു വാർത്തയുമില്ലാ"ത്തതിൻ്റെ അതിയായ ഉൽക്കണ്ഠയുണ്ട്. മാന്തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയണമെന്ന ഓർമപ്പെടുത്തലുണ്ട്. " വീണ്ടും അവർ വരും പിശാചിൻ്റെ പച്ചച്ചിരിയുമായി വരും" എന്ന മുന്നറിയിപ്പുണ്ട് ; "മാറ്റുവിൻ ചട്ടങ്ങളെ " എന്ന ഉജ്വലമായ സന്ദേശമുണ്ട്. കെട്ട കാലത്തിൻ്റെ എല്ലാ ആസുരതകളെയും അതിജീവിച്ച് " കുതികൊൾക ശക്തിയിലേക്ക് നമ്മൾ " എന്ന ആഹ്വാനവും. അതേ, അങ്ങേയറ്റം ഉള്ളിൽത്തട്ടുന്ന കാവ്യാംശങ്ങൾകൊണ്ടൊരു കൊളാഷ്. ഇപ്പോഴത്തെ ഗാനമേളകളുടെ കൊട്ടിക്കലാശംപോലെ. പാടിപ്പതിഞ്ഞ പാട്ടുകളിലെ ഇഷ്ടഭാഗങ്ങൾ മാത്രം ഇണക്കിച്ചേർത്തുള്ള അവതരണത്തിന് തുല്യം.

ആ കവിതാ ശകലങ്ങൾ മിക്കവയും 1975 ജൂണിനുമുമ്പ് പ്രസാധനം ചെയ്ത കൃതികളിൽനിന്ന് എടുത്തതായിരുന്നു. മാത്രമല്ല , അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നവ ആയിരുന്നുമില്ല. ആലപ്പുഴ അരൂരുകാരനായ കവി എം കൃഷ്ണൻകുട്ടിയുടെ " വന്ദേമാതര "മേ വേറിട്ടതായുള്ളൂ. അത് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനുമേൽ അടിമത്തനുകം വീണ്ടും വെച്ചുകെട്ടാൻ ഒരുമ്പെട്ട ദുഷ്ടശക്തികളെ ആക്ഷേപഹാസ്യത്തിലൂടെ ആഞ്ഞടിക്കുന്നതായിരുന്നു.

ആ കവിത എഴുതിയതിൻ്റെ പേരിൽ അദ്ദേഹത്തെ അധ്യാപക ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇന്ത്യൻ സുരക്ഷാ നിയമപ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയുമുണ്ടായി. എസ് എഫ് ഐ നോട്ടീസിലാകട്ടെ എത് യൂനിറ്റ് എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. എന്നിട്ടും ഗുരുവായൂരപ്പൻ കോളേജിൽ നോട്ടീസ് വിതരണം ചെയ്തതിൻ്റെ പിറ്റേന്ന് പൊലീസ് എന്നെ തേടിയെത്തി. യൂനിറ്റ് സെക്രട്ടറിയായ ഞാൻ അന്ന് ഒളവണ്ണ പഞ്ചായത്തിലെ മാത്തറ - പാലാഴി റോഡിൽ എൻ എസ് എസ് ക്യാമ്പിലായിരുന്നു. ആദ്യം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സ്വകാര്യമായി വിളിപ്പിച്ച് ചോദ്യംചെയ്തു.

നോട്ടീസ് ആരെഴുതി, എവിടെ നിന്ന് അച്ചടിച്ചു എന്നൊക്കെയുള്ള വിവരങ്ങളാണ് അയാൾക്ക് വേണ്ടിയിരുന്നത്. പിന്നെ കസബ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തലായി. തുടർന്ന് കോളേജിൽ സീനിയർ ക്ലാസിൽ പഠിക്കുന്ന സഹപ്രവർത്തകരായ ഇ പി രത്നാകരനെയും മാത്യു തോമസിനെയും കൂടി മാനാഞ്ചിറ ജംഗ്ഷൻ പരിസരത്തെ ലോ ആൻഡ് ഓർഡർ ഡി വൈ എസ് പി ഓഫീസിൽ വിളിപ്പിച്ച് ചോദ്യംചെയ്തു. പല ദിവസങ്ങളിലായി ഇത് ആവർത്തിച്ചു. എന്നാൽ, നോട്ടീസിറക്കിയതിൽ പങ്കില്ലെന്നാണ് ഞങ്ങൾ മറുപടി നൽകിയത്.

പൊലീസ് അധികാരികൾ പക്ഷേ, അതിൽ തൃപ്തരായിരുന്നില്ല. മൂന്നു പേരെയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒടുവിൽ താക്കീത് നൽകി വിടുകയായിരുന്നു. കസബ പൊലീസ് സബ് ഇൻസ്പെക്ടർ അന്ന് എ അബൂബക്കർ എന്ന ഒരു നല്ല മനുഷ്യനായിരുന്നു. സ്വരംകടുപ്പിച്ചുള്ള ശാസന ഏറെനേരം കേൾക്കേണ്ടിവന്നെങ്കിലും പഠിത്തം മുടങ്ങാതിരുന്നത് അദ്ദേഹത്തിൻ്റെ സൗമനസ്യംകൊണ്ടാണ്. ഡി ഐ ആർ അനുസരിച്ച് കേസെടുപ്പിക്കാൻ കെ എസ് യു നേതാക്കൾ ഇടപെട്ട് വീണ്ടും ഏറെ സമ്മർദം ചെലുത്തിയതാണ്. എസ് ഐ നേരിട്ട് സംസാരിച്ച് അവരെ സംയമനപ്പെടുത്തുകയായിരുന്നു.


ഇതേ നോട്ടീസ് പുന:പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ പേരാമ്പ്ര സി കെ ജി - മടപ്പള്ളി ഗവൺമെന്റ് കോളേജുകളിലും പിന്നീട് എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് വേട്ടയാടുകയുണ്ടായി. ഉന്നതശീർഷരും ദീർഘദർശികളുമായ എഴുത്തുകാരുടെ ഭാവനയോ വിമർശനമോ പൊറുക്കാനുള്ള സഹിഷ്ണുതയൊന്നും അന്നത്തെ ഭരണാധികാരികൾക്ക് ഉണ്ടായിരുന്നില്ല. പിന്നെ അവരെങ്ങനെ ഞങ്ങളുടെ നോട്ടീസിനെതിരേ കോപിക്കാതിരിക്കും! കലാ സാംസ്കാരിക പരിപാടികളിലൂടെ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു അടിയന്തരാവസ്ഥയിലെ സംഘടനാ പ്രവർത്തനം. അതിൻ്റെ ഭാഗമായിരുന്നു പ്രക്ഷോഭ പ്രചോദന ശേഷിയുള്ള ഇത്തരം ലഘുലേഖകളും.

കോഴിക്കോട് പുതിയറയിലെ കലാ പ്രസ്സിലായിരുന്നു വെള്ളയിൽ ചുവന്ന അക്ഷരത്തിലുള്ള ദീർഘനോട്ടീസ് ഇരുപുറങ്ങളിലായി അച്ചടിച്ചത്. ഫറോക്കിലെ പി വാസു ആയിരുന്നു ഇതിൻ്റെ ഉടമ. അദ്ദേഹം ഇപ്പോൾ ജീവിപ്പിച്ചിരിപ്പില്ല.

-- കെ വി കുഞ്ഞിരാമൻ

story fiery notice issued by the SFI during the Emergency

Next TV

#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article-big.php(343): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(669): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}