കോഴിക്കോട് : (truevisionnews.com) കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജെ ഡി ടി ഇസ്ലാം പോളിടെക്നികിൻ്റെ സഹകരണത്തോടെ ഒരുക്കിയ കേരള ഓട്ടോ ഷോ -2025 കാലിക്കറ്റ് ട്രേഡ് സെന്ററിൽ തുടങ്ങി.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോർ വാഹനങ്ങളെ അടുത്ത് അറിയാനുള്ള അവസരവുമായി വെള്ളിയാഴ്ച മുതൽ ആരംഭിച്ച ഓട്ടോ ഷോ ഈ മാസം 25 ന് സമാപിക്കും.
1930- 70 വരെയുള്ള ക്ലാസിക് കാറുകളും വിൻ്റേജ് കാറുകളും പ്രീമിയം വാഹനങ്ങളായ ബെൻലി, ഡിഫൻ്റർ, പോർഷേ , ബി എം ഡ്ബ്യൂ, ഓഡി തുടങ്ങി. ഏറ്റവും പുതിയ സ്പോർട്സ് വാഹനങ്ങൾ വരെ പ്രദർശനത്തിലുണ്ട്.
ഇന്ത്യയിലെ എല്ലാ മോട്ടോർ വാഹന നിർമ്മാതാക്കളും നേരിട്ടും ഏജൻസി വഴിയും ഓട്ടോ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
വാഹനങ്ങളിലെ പുതിയ സാങ്കേതിക മാറ്റങ്ങൾ , പുതിയ നിയമങ്ങൾ, വായ്പാ രീതികൾ , വാഹനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവർ തുടങ്ങിയവർ ഷോയിൽ പങ്കെടുക്കും.
ജെ ഡി ടി ഒരുക്കുന്ന ഇലക്ട്രിക് ആൻ്റ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദർശനം, ബൈക്കുകളുടെ ഓഫ് റോഡ് ട്രാക്ക് പരിശീലനം, റിമോട്ട് കൺട്രോൾ കാർ അഭ്യാസ പ്രകടനം, കുട്ടികൾക്കായുള്ള ബൈക്ക് പ്രദർശനം , മുതിർന്നവർക്കായി ട്രാക്കിൽ ഓടിക്കുന്ന കാർ, ബൈക്ക് എന്നിവയുടെ പ്രദർശനവും പുതിയ അനുഭവമാകും.
എൻ ഐ ടി വിദ്യാർഥികൾ നിർമ്മിച്ച ഗോ- കാർട്ട് , ഫോർമുല കാറുകളും ഓട്ടോഷോയുടെ ഭാഗമാകുന്നു. ഇതോടൊപ്പം യു ഐ സി ഗെയിംസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കോമ്പാക്ട് ഫൈറ്റ് ലീഗ്- മുവ് -തായി ഷോ 21 മുതൽ 23 വരെ ട്രേഡ് സെന്റർ ഹാളിൽ നടക്കും. ബോബി ചെമ്മണ്ണൂർ ( ബോച്ചേ ) യും സംഘവും വാഹന പ്രദർശനവുമായി നാളെ ശനിയാഴ്ച വൈകീട്ട് എത്തും.
ഒരു ലക്ഷം മുതൽ 5 കോടി വരെയുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ വിൽപ്പന മേളയും ഒരുക്കിയിട്ടുണ്ട്. ട്രാവൽസ് ഫുഡ് മേഖലയിൽ പ്രതിഭ തെളിയിച്ച യുട്ടൂബേർസ് , വ്ലോഗേർസ് , ബ്ലോഗേർസ് , എഴുത്തുകാർ എന്നിവരുമായുള്ള അനുഭവങ്ങൾ പങ്കിടുന്ന ഷോയും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് ആദ്യമായി ഓൺ ലൈൻ കാബ് സർവ്വീസിനായി 200 കാറുകളുടെ ഓൺ ലൈൻ ആപ്പ് 18 ന് ട്രേഡ് സെൻ്ററിൽ ലോഞ്ച് ചെയ്യും.
ഏറ്റവും പുതിയ വാഹനങ്ങളെ നേരിട്ട് കാണാനും അവ വാങ്ങാനും അവസരം ഒരുക്കുന്നതോടൊപ്പം കൗതുകം നിറഞ്ഞ വിവിധ തരം വാഹനങ്ങളുടെ പഴയ മോഡൽ കാണാനും അവയെ കുറിച്ച് മനസിലാക്കാനും അവസരമുണ്ട്.
ദിവസവും വൈകീട്ട് 4 മുതൽ രാത്രി 12 വരെ ഷോ നടക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 22 ന് മുമ്പായി 2 മിനിറ്റിൽ കുറയാത്ത വീഡിയോ അയക്കാവുന്നതാണ്.
ഫോൺ : 8848003378.
വരും വർഷങ്ങളിൽ റംസാൻ മാസം കൂടുതൽ വിപുലമായ രീതിയിൽ ഓട്ടോഷോ നടത്താനാണ് തീരുമാനമെന്ന് വാർത്ത സമ്മേളനത്തിൽ കാലിക്കറ്റ് ട്രേഡ് സെന്റർ ചെയർമാൻ അബ്ദുൾ കരീം ഫൈസൽ പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ നിജേഷ് പുത്തലത്ത്, ജനറൽ മാനേജർ എം ഗിരീഷ് ഇല്ലത്ത് താഴം, പ്രൊജക്ട് മാനേജർ എം പി അൻഷാദ് , ജെ ഡി ടി ഇസ്ലാം പോളി ടെക്നിക് ഓട്ടോ മൊബൈൽ ലക്ച്ചറർ അജയ് ആനന്ദ്, സ്റ്റുഡൻ്റ് കോർഡിനേറ്റർ സി എസ് രാഹുൽ എന്നിവർ പങ്കെടുത്തു.
കാലിക്കറ്റ് ട്രേഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും നടത്തി.
#Kerala #Auto #Show #begins #Calicut #Trade #Center
