(www.truevisionnews.com) കേരള ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ ഇത്രയേറെ ആവേശത്തോടെ കണ്ടിരുന്ന ഒരു രഞ്ജി മത്സരം ഉണ്ടായിരിക്കുമോ?.... ആവേശപ്പോരിൽ നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി.
സ്‌കോറിങ് വേഗംകൂട്ടി കേരളത്തിന്റെ ഒപ്പമെത്താൻ പരമാവധി ശ്രമിച്ച ഗുജറാത്തിനെ, ഒടുക്കം രണ്ട് റൺസ് അകലത്തിൽ കേരളം എറിഞ്ഞിട്ടു. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കേ 48 പന്തുകള്‍ നേരിട്ട് 10 റണ്‍സുമായി കേരളത്തിനും ഒന്നാമിന്നിങ്‌സ് ലീഡിനും ഇടയില്‍ തടസമായി നിന്നിരുന്ന നാഗ്വസ്വല്ലയെ പുറത്താക്കുന്നതില്‍ നിര്‍ണായകമായത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാനും അദ്ദേഹത്തിന്റെ ഹെല്‍മറ്റുമായിരുന്നു.
അദിത്യ സര്‍വാതെ എറിഞ്ഞ 175-ാം ഓവറിലെ നാലാം പന്ത് നാഗ്വസ്വല്ല അടിച്ചത് സല്‍മാന്റെ ഹെല്‍മറ്റില്‍ ഇടിച്ചാണ് സച്ചിന്‍ ബേബിയുടെ കൈയിലൊതുങ്ങിത്.
നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് ഉറച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചും സല്‍മാന്‍ താരമായിരുന്നു. 202 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും നാല് ഫോറുമടക്കം നിര്‍ണായകമായ 52 റണ്‍സും സല്‍മാന്‍ സ്വന്തമാക്കി.
ആറാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 149 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ പോരാട്ടത്തിലും ഒന്നാമിന്നിങ്‌സ് ലീഡിലും നിര്‍ണായകമായത്. നേരത്തേ രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ണായകമായ ഒരു റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡോടെ കേരളം സെമിയിലെത്തിയതിനു പിന്നിലും സല്‍മാന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ക്കെതിരേ പതറാതെ പോരാടുന്നുണ്ടായിരുന്നു സല്‍മാന്‍ നിസാര്‍ എന്ന തലശ്ശേരിക്കാരന്‍. സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനത്തോടെ കേരളത്തെ സെമിയിലെത്തിച്ചാണ് സല്‍മാന്‍ മടങ്ങിയത്.
മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിലും പുറത്താവാതെ നിന്ന ഒറ്റയാള്‍ പോരാട്ടം. ആദ്യ ഇന്നിങ്‌സില്‍ പതിനൊന്നാമന്‍ ബേസില്‍ തമ്പിയെയും കൂട്ടുപിടിച്ച് നേടിയ ഒരു റണ്‍ ലീഡ്, രണ്ടാം ഇന്നിങ്‌സില്‍ അസ്ഹറുദ്ദീനൊപ്പം നടത്തിയ രക്ഷാപ്രവര്‍ത്തനം. ഇതില്ലായിരുന്നെങ്കില്‍ കേരളം സെമി കാണാതെ പുറത്താകുമായിരുന്നു.
ആന്‍റി ക്ലൈമാക്സ്
അഞ്ചാം ദിനം ജലജ് സക്സേനയിലൂടെയാണ് കേരളം ആക്രമണം തുടങ്ങിയത്. ആദ്യ അഞ്ചോവറുകളില്‍ സര്‍വാതെയെയും സക്സേനയെയും ഫലപ്രദമാി പ്രതിരോധിച്ച ഗുജറാത്തിന് പക്ഷെ അഞ്ചാം ദിനത്തിലെ ആറാം ഓവറില്‍ അടിതെറ്റി. ആദിത്യ സര്‍വാതെയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി.
കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിന്‍റെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 21 റണ്‍സ് കൂടി വേണമായിരുന്നു അപ്പോള്‍ ഗുജറാത്തിന്. സിദ്ദാര്‍ത്ഥ് ദേശായിയും അര്‍സാന്‍ നാഗസ്വാലയും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ കൂടി കേരളത്തിന്‍റെ ക്ഷമ പരീക്ഷിച്ചു.
ഇതിനിടെ അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്വസ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു. അപ്പോള്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 13 റണ്‍സ് കൂടി വേണമായിരുന്നു ഗുജറാത്തിന്.
അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി. ഒടുവില്‍ കാവ്യനീതിപോലെ സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലൊതുങ്ങിയപ്പോള്‍ കേരളം ആനന്ദത്താല്‍ തുള്ളിച്ചാടി.
മത്സരം അവസാനിക്കാൻ മണികൂറുകൾ ബാക്കി ഉണ്ടായിരുന്നെങ്കിലും സമനിലയിൽ കലാശിച്ചതോടെ കേരളം ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Anticlimax #fifthday #Kerala #RanjiTrophy #final #poetic #justice #SalmanNisar #Thalassery #decisive #role
