(www.truevisionnews.com) ലോകമെമ്പാടുമുള്ള മാതൃഭാഷകളുടെ പ്രാധാന്യം, സംരക്ഷണം, പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് ഫെബ്രുവരി 21ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക മാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു. ഭാഷാപരവും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളെ കുറിച്ച് പൂർണ്ണമായ അവബോധം വളർത്തുന്നതിനും, പരസ്പര ധാരണ, സഹിഷ്ണുത, സംഭാഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ നടത്തി ഭാഷ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിന് മാതൃഭാഷാ ദിനം ഉപകരിക്കുന്നു.

എന്താണ് ഭാഷകൾ :-
ഭാഷകൾ സുസ്ഥിര വികസനത്തിന്റെ അഭിവാദ്യ ഘടകമാണ്, വിജ്ഞാന കൈമാറ്റത്തിനും സാംസ്കാരിക തനിമ നിലനിർത്തുന്നതിനും ഭാഷകൾ മികച്ച പങ്കാണ് വഹിക്കുന്നത്. ഒരു വ്യക്തി തന്റെ ഭാഷ പല ഉദ്ദേശങ്ങൾക്കായി ഉപയോഗിക്കുന്നു.
വിചാരങ്ങൾ പ്രകടിപ്പിക്കുന്നതിനും, സമൂഹ ജീവിതം നയിക്കുന്നതിനും, അവന്റെ സ്പഷ്ടവും അദൃശ്യവുമായ പൈതൃകം സംരക്ഷിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളാണ് ഭാഷകൾ. ആശയ വിനിമയത്തിനുള്ള ഉപാധിയോടൊപ്പം, സംസ്കാരം, അറിവ് നേടൽ,തൊഴിൽ സാധ്യതകൾ എന്നിവ ഭാഷകളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഒന്നിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നതിലൂടെ തലച്ചോറിന്റെ വികാസം സംഭവിക്കുന്നു എന്ന് ശാസ്ത്രീയമായ പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.
മാതൃഭാഷകളുടെ പ്രാധാന്യം :-
മാതൃഭാഷ എന്നത് അമ്മയെ പോലെയാണ് മറ്റു ഭാഷകൾ കേവലം തൊഴിൽ ലഭിക്കുന്നതിന് മാത്രമാണ് പഠിക്കേണ്ടത്. സങ്കടവും, സന്തോഷവും,ദേഷ്യവും എല്ലാം പറഞ്ഞറിയിക്കുവാൻ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഭാഷയെ നിർവചിക്കുന്നത് "ചിന്തകളുടെ പ്രകടനത്തിനായി വാക്കുകളും അവ സംയോജിപ്പിക്കുന്ന രീതികളും "എന്നാണ്. ഒരു വ്യക്തിയുടെ മാതൃഭാഷ അമ്മിഞ്ഞി പാലിനോടൊപ്പം അവന്റെ ഓരോ കോശത്തിലും നിവേഷിക്കപ്പെട്ടതാണ്.
മാതൃഭാഷ ജനതയുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും അടയാളമാണ്.
ചരിത്രം :-
ലോക മാതൃഭാഷാ ദിനത്തിന്റെ ചരിത്രം ബംഗ്ലാദേശുമായി ബന്ധപ്പെട്ടതാണ്. മാതൃഭാഷകളെ വംശനാശത്തിൽ നിന്നും രക്ഷിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1998 ജനുവരി 9 ന് കാനഡയിലെ വാൻകൂറിൽ താമസിക്കുന്ന ബംഗ്ലാദേശി സ്വദേശി റഫീഖുൽ ഇസ്ലാം അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ കോഫി അന്നന് ഒരു കത്ത് എഴുതി, ഭാഷാ പ്രസ്ഥാനത്തിനുവേണ്ടി 1952 ഫെബ്രുവരി 21-ൽ ബംഗ്ലാദേശിലെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ ജീവത്യാഗം വരിച്ചതിന്റെ ഓർമ്മക്കായി അന്നത്തെ ദിവസം ഭാഷാ ദിനമായി ആചരിക്കണം എന്നാണ് ആവിശ്യം.
ബംഗ്ലാ ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി നടത്തിയ സമരത്തിനെതിരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ നിരവധി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 21 ന് ബംഗ്ലാദേശിൽ ഭാഷക്ക് വേണ്ടി പോരടിച്ചവരുടെ സമരവുമായി അന്താരാഷ്ട്ര മാതൃഭാഷ ദിനത്തിന് ബന്ധമുണ്ട്.
1947 ൽ പാകിസ്ഥാൻ രൂപീകൃതമായപ്പോൾ വിദൂര സ്ഥലങ്ങളായ കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും രണ്ടു ഭാഷാ, സംസ്കാരം എന്നിവ പുലർത്തി പോന്നിരുന്ന പ്രദേശങ്ങൾ ആയിരുന്നു. 1948 ൽ പാകിസ്ഥാൻ അസംബ്ലിയിൽ പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയായ ഉറുദുവിന്റെ കൂടെ ബംഗ്ലാ ഭാഷയെയും ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം എന്നാവശ്യമുന്നയിക്കപ്പെടുകയും, ഈ കാര്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപകമായ പ്രതിഷേധം ഉടലെടുക്കുകയും തുടർന്ന് ഫെബ്രു 21 ന് ബംഗ്ലാദേശിൽ ഉണ്ടായ അതിദാരുണമായ സംഭവവികാസം ലോകത്തെ ഭാഷ പ്രസ്ഥാനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഒരു ആവേശമായ സംഭവമായി മാറുകയും ,ലോകത്ത് മാതൃഭാഷകൾ സജീവമായി നിലനിർത്തേണ്ടതിന്റെ ചുണ്ടുപലകയായി തീരുകയും ചെയ്തു.
1999 നവംബർ 17ന് യുനോസ്കോയുടെ മുപ്പതാമത് സമ്മേളനം മാതൃഭാഷ ദിനം ഫെബ്രുവരി 21ന് ആചരിക്കുവാൻ തീരുമാനിക്കുകയും 2000 മുതൽ ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആചരിക്കുകയും ചെയ്തുവരുന്നു.
ലോക മാതൃഭാഷാ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്,
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, എല്ലാ ഭാഷകളെയും ബഹുമാനിക്കുക, ഭാഷാ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക, മാതൃഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കുക, ചെറു ഭാഷകളുടെ സംരക്ഷണം ഉറപ്പാക്കുക, മാതൃഭാഷ ഒരു വ്യക്തിയുടെ സംസ്കാരത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണ്.
മാതൃഭാഷയിൽ വിദ്യാഭ്യാസം നേടുന്നത് കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് സഹായകമാകും. അതുകൊണ്ട്, മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോക മാതൃഭാഷാ ദിനം ആചരിക്കുന്നതിന്റെ ഇരുപത്തിയഞ്ചാമത്തെ വർഷമാണ് ഈ വർഷം ആഘോഷിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2022 മുതൽ 2032 വരെ തദ്ദേശീയ ഭാഷകളുടെ ഉന്നമനത്തിന് വേണ്ടി ദശാബ്ദം ആചരിച്ചു വരുന്നുണ്ട്.
ഭാഷകളുടെ അവസ്ഥ:-
ലോകത്ത് പകുതിയിലധികം ഭാഷകൾ ഈ നൂറ്റാണ്ടിൽ തന്നെ വിസ്മൃതിയിലാകും, ഓരോ ഭാഷയും ഒരു സംസ്കാരത്തേയും , അറിവിനെയും ചരിത്രത്തെയും പ്രതിനിദാനം ചെയ്യുന്നു. ഒരു ഭാഷ നഷ്ടമാകുമ്പോൾ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് നഷ്ടമാകുന്നത്.
ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷകൾ പോലും അപകടത്തിൽ ആയിക്കൊണ്ടിരിക്കുന്നു, ചെറു സമൂഹങ്ങൾ സംസാരിക്കുന്ന ഭാഷകൾക്ക് വംശനാശ ഭീഷണി കൂടുതലായിട്ടുണ്ട്. ആഗോളവൽക്കരണം, മറ്റു ഭാഷകളുടെ സ്വാധീനം, ചെറുപ്പക്കാർ മാതൃഭാഷ ഉപയോഗിക്കാത്ത പ്രവണത എന്നിവയെല്ലാം ഭാഷകളുടെ മരണത്തിന് കാരണമാകുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഭാഷകളുടെ പട്ടിക യുനോസ്കോ പ്രസിദ്ധീകരിച്ചിട്ടുണ്ട്, പ്രസ്തുത പട്ടികയിൽ നിരവധി ഇന്ത്യൻ ഭാഷകൾ ഉൾപ്പെട്ടിട്ടുണ്ട്. ചമ്പാ,ഡ്രോങ്കി, ഗോങ്ങി,കാശ്മീരി, കൊങ്ങിണി,ലംബോഡി, മൈഥിലി,മണിപ്പൂരി, മാൾട്ടോ, ഒറിയ, പഞ്ചാബി,സന്താലി, സിന്ദ്യ,തുളു എന്നിവയാണ് ഇത്തരം ഭാഷകൾ.
ആഫ്രിക്കയിലെ പല ഭാഷകളും മരണത്തിന്റെ വക്കിലാണ്. അമേരിക്കയിലെ തദ്ദേശീയ ഭാഷകളും ഗുരുതരമായ ഭീഷണി നേരിടുന്നു. ഓരോ ഭാഷയും മരിക്കുന്നത് തടയാൻ പദ്ധതികൾ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. ലോകത്ത് 8324 ഭാഷകൾ ഉണ്ട്,മാതൃഭാഷകൾ ഉൾപ്പെടെയുള്ള ഭാഷകൾക്ക് മരണ മണിയാണ് മുഴങ്ങുന്നത്.
ആകെയുള്ള ഭാഷകളിൽ 7000ത്തിലധികം ഭാഷകൾ പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹങ്ങൾ സംസാരിക്കുന്ന ഭാഷകളാണ്.
യൂനുസ്കോവിന്‍റെ അഭിപ്രായത്തിൽ ലോകത്ത് 50% ഭാഷകളും നാശോൻ മുഖഘട്ടത്തിലാണ് അതിൽ വംശനാശം വരുന്ന വിഭാഗത്തിന്റെയും തദ്ദേശീയ വിഭാഗം ജനങ്ങളുടെയും ഭാഷകളും ധാരാളമായി ഉൾപ്പെട്ടിട്ടുണ്ട്. ലോകത്ത് തദ്ദേശീയജന വിഭാഗക്കാരുടെ 3000 ഭാഷകൾ അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.
ലോകത്ത് ഇന്ന് നിലവിലുള്ള ഭാഷകളിൽ 96% ഉപയോഗിക്കുന്നത് ജനസംഖ്യയിലെ 4% വരുന്ന ജനങ്ങളാണ്, ഇത് ഭാഷകൾ അതിവേഗം അപ്രത്യക്ഷമാക്കുന്നതിന്‍റെ ദൃഷ്ടാന്തമാണ്. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്തെ 90% ഭാഷകളും പ്രതിനിധാനം ചെയ്യുന്നില്ല, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലോകത്തുനിന്നും ഒരു ഭാഷ അപ്രത്യക്ഷമാകുന്നു.
80 % ആഫ്രിക്കയിലെ ഭാഷകൾക്കും കൃത്യമായി സ്ഥാപിക്കപ്പെട്ട എഴുത്ത് സംവിധാനമില്ല എന്നത് അതിവേഗം അപ്രത്യക്ഷമാകുന്നതിന് കാരണമാകുന്നു. ആഗോള വിദ്യാഭ്യാസ മോണിറ്ററിംഗ് റിപ്പോർട്ട് പ്രകാരം ലോകത്ത് 40% ജനങ്ങൾക്ക് അവർ സംസാരിക്കുന്ന ഭാഷകളിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ല.
പിറന്ന് വീണപ്പോൾ കേട്ടതും മനസ്സിലാക്കിയതുമായ ഭാഷയിലൂടെ സാർത്ഥകമായ വികാരവിചാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്തവരായി ലോകത്ത് വലിയ വിഭാഗം ജനങ്ങൾ ഉണ്ട്. പപ്പു ഗനിയാ ദ്വീപിൽ 840 ഭാഷകൾ സംസാരിക്കുന്നു, 250,000 വാക്കുകൾ ഉള്ള ഇംഗ്ലീഷ് ഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ.
2025ലെ ലോക മാതൃഭാഷാ ദിനത്തിന്റെ സന്ദേശം "വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുവാൻ ബഹുഭാഷകളിൽ ഉള്ള വിദ്യാഭ്യാസം അത്യാവശ്യമാണ്" എന്നാണ്. മാതൃഭാഷാ പഠനം കാലികമായി ഉണ്ടാവേണ്ട വിമർശനാത്മക ചിന്ത വളർത്തികൊണ്ട് വരുവാൻ കാരണമാകുന്നു.
സ്വായത്തമാക്കുവാൻ വളരെ ബുദ്ധിമുട്ടുകൾ ഉള്ള ഭാഷകൾ, ഐസ്ലാൻഡീ,മാൻഡറിൻ,കൊറിയൻ, ഹംഗേറിയൻ, ഫിന്നിഷ്, അറബിക്, പോളിഷ് എന്നീ ഭാഷകളാണ്. മാതൃഭാഷ പഠിക്കുന്നതിന് പിന്നോക്ക രാജ്യങ്ങളിലെ 37% ത്തിന് അവസരം ലഭിക്കുന്നില്ല,അറബി ചൈനീസ്,ഇംഗ്ലീഷ്, ഫ്രഞ്ച്,റഷ്യൻ സ്പാനിഷ് എന്നീ ഭാഷകൾ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും, ഐക്യരാഷ്ട്രസഭാ സെക്രട്ടറിയേറ്റിൽ 160 ഭാഷകൾ ഉപയോഗിക്കുന്നുണ്ട്.
മാതൃഭാഷ പ്രചരണത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും കോടതി നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും മലയാളത്തിൽ പൂർണമായും ഉത്തരവുകൾ വരുന്ന രീതി രൂപപ്പെട്ടു വന്നിട്ടില്ല, ഓഫീസുകളുടെ ഫയലുകളിൽ മലയാളം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പൂർണ്ണമായും അത് പ്രവർത്തികമാക്കുന്നതിന് കഴിഞ്ഞിട്ടില്ല,
ഫയലുകൾ എഴുതി തയ്യാറാക്കുമ്പോൾ മലയാളം നിർബന്ധമാക്കുന്ന രീതി എല്ലാ ഓഫീസുകളിലും പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല ലോകാ മാതൃഭാഷാ ദിനം ആചരിക്കുമ്പോൾ നമ്മുടെ മലയാളം നമ്മുടെ ഭാഷ പൂർണമായ അർത്ഥതലത്തിൽ എല്ലാ സംവിധാനങ്ങളോടും കൂടി നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Article by ടി ഷാഹുൽ ഹമീദ്
*
#Mothertongues #sounding #death #knell #LanguageDay #February
