കോഴിക്കോട് : (truevisionnews.com) കാലിക്കറ്റ് സർവ്വകലാശാല ബി.സോൺ കലോത്സവത്തിന് നാളെ പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തുടക്കമാകും.

രചനാ മത്സരങ്ങൾ നാളെയും മറ്റെന്നാളുമായി നടക്കും. അഞ്ചുദിവസം നീളുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 104 ഇനങ്ങളിൽ 8000ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 27, 28 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 29,30,31 തിയ്യതികളിൽ അഞ്ചു വേദികളിലായി സ്റ്റേജ് ഇനങ്ങളും നടക്കും.
ഫലസ്തീൻ ജനതയുടെ അതിജീവനത്തിന് ക്യാമ്പസുകളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പരമ്പരാഗത നൃത്ത രൂപമായ "ഡാബ്കെ" ലയാലി എന്നാണ് കലോത്സവത്തിന് നാമകരണം ചെയ്തത്.
ഫലസ്തീൻ കവികളും മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരുമായ ദർവേഷ്, ഗസ്സാൻ, സാമിയ, റഫാത്, ഷിറീൻ എന്നിവരുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. അഞ്ചു ദിനരാത്രങ്ങൾ നാടിന് ഉത്സവച്ഛായ പകരുന്ന കലോത്സവത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.
കലോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും.
സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ മുഖ്യാതിഥിയാവും.
ബി സോൺ കലോത്സവത്തിന്റെ വിളംബരമായി ഇന്നലെ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി. കല്ലാച്ചി എസ് ബി ഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണിലാണ് സമാപിച്ചത്.
#Preparations #complete #Calicut #University #BZone #Arts #Festival #start #tomorrow
