കോഴിക്കോട്: ( www.truevisionnews.com) 2025 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കേരള ജനിതക ഡാറ്റ സെന്ററിനെ (കെ. ജി. ടി. സി) കുറിച്ച് സാം സന്തോഷ്, ഡോ. വിനോദ് സ്‌കറിയ, ടി.പി. മുബാറക് സാനി എന്നിവരുടെ പങ്കാളിത്തത്തിൽ ഡോ. രാജു റീ മോഡറേറ്ററായി വിശകലനം ചെയ്തു. കേരള ഡെവലപ്മെന്റ് ആൻഡ് ഇൻസൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ (K-DISC)ന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി കേരളത്തെ ജനിതക ശാസ്ത്രത്തിലും ബയോ-ഇൻഫോമാറ്റിക്സിലും ആഗോളകേന്ദ്രമാക്കാനുള്ള ഉദ്ദേശത്തോടെ 2023-ൽ പ്രവർത്തനമാരംഭിച്ചതാണ്.

കെ ജി ഡി സി യുടെ സ്ട്രാടജിക് അഡ്‌വൈസറായ സാം സന്തോഷ് കെ ജി ഡി സിയുടെ ദീർഘകാല വീക്ഷണവും, അതോടൊപ്പം ഈ പദ്ധതിയിലൂടെ കേരളം ഒരു വിജ്ഞാനകേന്ദ്രമായി മാറുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയും പങ്കുവെച്ചു.
ഡോ. വിനോദ് സ്‌കറിയ, ജനിതക രോഗങ്ങൾ പൊതുവെ കൂടുതലായി കാണപ്പെടുന്നുവെന്നും അവയിൽ പലതും രേഖപ്പെടുത്തപ്പെടാതെയോ കൃത്യമായി തിരിച്ചറിയപ്പെടാതെയോ ഇരിക്കുന്നത് ആരോഗ്യ പരിഹാരങ്ങളിൽ വലിയ പോരായ്മകൾ ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് കൃത്യമായ ജനിതക പഠനം അനിവാര്യമാണെന്നും നിരീക്ഷിക്കുകയും കെ. ജി. ഡി. സിയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
ജനിതക ഗവേഷണങ്ങൾ ഭാവിയിൽ വ്യക്തികളുടെ ആരോഗ്യരംഗത്ത് ഗുണം ചെയ്യുമെന്നും, മേഖലയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും ഡോ. ടി. പി മുബാറക് സാനി അഭിപ്രായപ്പെട്ടു. ജനിതക വിവരങ്ങൾ ഉപയോഗിച്ച് പോഷകാഹാരത്തിലെ കുറവുകൾ കണ്ടെത്തുക, ഭക്ഷണരീതികൾ മാറ്റിയെടുക്കുക പോലുള്ള അനന്തമായ സാധ്യതകൾ നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണെന്നും ഡോ. ടി. പി മുബാറക് സാനി പറഞ്ഞു.
ജനിതക ഗവേഷണങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ട് പോകേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ ചർച്ച സമാപിച്ചു.
#KeralaGeneticDataCentre #Kerala #revolution #genetics
