മുംബൈ: (truevisionnews.com) ചൈനയിൽ പടരുന്ന വൈറസ് ബാധയ്ക്കു സമാനമായ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ ജാഗ്രതാനിർദ്ദേശവുമായി മഹാരാഷ്ട്ര.
തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ രണ്ടു കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം.
റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്.എം.പി.വി. കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിൽ രണ്ടു കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയ്ക്കെതിരേ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവിഭാഗം ഡയറക്ടർ ഡോ. നിതിൻ അംബാദേക്കർ സംസ്ഥാനത്തുടനീളമുള്ള ഡെപ്യൂട്ടി ഡയറക്ടർമാർ, സിവിൽ സർജന്മാർ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദ്ദേശം നൽകി.
ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാനത്ത് എച്ച്.എം.പി.വി. കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി.
ബെംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളും അന്താരാഷ്ട്രയാത്രകൾ നടത്തിയിട്ടില്ല. അതിനാൽ, അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ജലദോഷം അല്ലെങ്കിൽ പനിപോലുള്ള ലക്ഷണങ്ങളാണ് ഇത് കാണിക്കുന്നത്. എല്ലാ പ്രായത്തിലുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം.
കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞമൂക്ക്, തൊണ്ടവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. അസുഖം മൂർച്ഛിച്ചാൽ ശ്വാസംമുട്ടലും ശ്വാസതടസ്സവുംപോലുള്ള വിഷമതകൾ നേരിടുമെന്ന് ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കുന്നു.
#HMPV #Alert #Health #Department #Maharashtra