തിരുവനന്തപുരം: (truevisionnews.com) പ്ലസ് വൺ വിദ്യാർത്ഥി ആഷിന്തിന് ഓട്ടൻ തുള്ളലിൽ എ ഗ്രേഡ് ലഭിക്കുന്നത് രണ്ടാം തവണയാണ്.
കോഴിക്കോട് പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ആഷിന്ത് നാലുവർഷമായി ഓട്ടൻതുള്ളൽ അഭ്യസിക്കുന്നുണ്ട്.
കലാസ്വാദകരായ കുടുംബത്തിന്റെ പിന്തുണയാണ് ആഷിന്റെ ആത്മവിശ്വാസം.
ഓട്ടൻതുള്ളൽ കൂടാതെ കർണാട്ടിക് സംഗീതവും ഡാൻസും ചെണ്ടയും പഠിക്കുന്നുണ്ട്. .ഇരട്ടക്കുളങ്ങര രാമ വാര്യരാൽ രചിക്കപ്പെട്ടതും ജനപ്രിയവുമായ കിരാതമാണ് ആഷിന്ത് തുള്ളലിന്റെ പ്രമേയമായി തിരഞ്ഞെടുത്തത്.
പ്രഭാകരൻ പുന്നശ്ശേരി ആണ് ഗുരു. ഫാറൂഖ് ജി.വി.എച്ച്.എസ്.എസിലെ താൽക്കാലിക അധ്യാപികയാണ് മാതാവ് രവിത, പിതാവ് ഗോപിനാഥൻ ഡ്രൈവറാണ്.
കഴിഞ്ഞ വർഷവും ഓട്ടൻതുള്ളലിന് ആഷിന്തിന് എ ഗ്രേഡ് ലഭിച്ചെങ്കിലും അന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ സാമ്പത്തിക ബാധ്യത പോലും ഇപ്പോഴും വീട്ടാൻ കഴിഞ്ഞിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് മറ്റു വിഭാഗങ്ങളിലെ മത്സരങ്ങളിൽ നിന്ന് ആഷിന്റെ പിന്മാറേണ്ടി വന്നതെന്ന് അമ്മ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും ആഷിന്തിന് ആത്മവിശ്വാസം പകരാൻ മുത്തച്ഛൻ രവീന്ദ്രൻ നായരും കലോത്സവ വേദിയിൽ ഒപ്പമെത്തി.
ആഷിന്തിന്റെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കാൻ അധ്യാപകരായ അനിത ടീച്ചറും, സുരേഷ് മാഷും, രൂപേഷ് മാരാരും, ആനന്ദ് നല്ലൂരും കൂടെയുണ്ടെന്ന് കുടുംബം സന്തോഷത്തോടെ പറയുന്നു.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#second #time #Plus #One #student #Ashint #got #Agrade #OttenThullal.