കോഴിക്കോട്: (truevisionnews.com) 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിവസമായ ഇന്ന് ഹയർസെക്കൻഡറി വിഭാഗം വട്ടപ്പാട്ട് മത്സരം പട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമ്പോൾ കാഴ്ചക്കാർ നിരവധിയാണ്.
തെക്കൻ കേരളത്തിന് അന്യമായ കലയാണെങ്കിലും കലോത്സവ വേദിയിലെ ഇരിപ്പിടങ്ങൾ നിറയെ കാണികളായിരുന്നു.
കേരളത്തിലെ മലബാർ മേഖലയിൽ ഉത്ഭവിച്ച നാടോടി സംഗീതത്തിന്റെയും കവിതയുടെയും ഒരു പരമ്പരാഗത രൂപമാണ് വട്ടപ്പാട്ട്.
കല്യാണ പാട്ട്, പുതിയാപ്പിളപ്പാട്ട്,ആൺ ഒപ്പന എന്ന പേരുകളിലും അറിയപ്പെടുന്നു. ഒപ്പന പോലെ കല്യാണവീടുകൾ തലേദിവസം ചെറുക്കന്റെ കൂട്ടുകാർ നടത്തിവരുന്ന നൃത്തമാണ്.
മലബാർ മേഖലയിൽ ഇപ്പോഴും വിവാഹ ചടങ്ങുകൾക്ക് ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. വെളുത്ത കുർത്തയും മുണ്ടും കല്യാണ ചെക്കന്റെ കഴുത്തിൽ ആഭരണങ്ങളും ആണ് വട്ടപ്പാട്ടിന്റെ വേഷവിധാനങ്ങൾ.
10 പേര് അടങ്ങുന്ന ഒരു സംഘമായാണ് ഇത് അവതരിപ്പിക്കുന്നത്. 9 സുഹൃത്തുക്കളും വരനും അടങ്ങുന്നതാണ് 10 അംഗ സംഘം.
മുസ്ലിം സമുദായത്തിലെ പ്രവാചകന്മാരുടെ വിവാഹത്തിന് അവരുടെ സുഹൃത്തുക്കൾ ആഘോഷപൂർവ്വം നടത്തിയിരുന്ന ഒരു കലാരൂപം എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ വട്ടപ്പാടിന്റെ ഗാനം പ്രവാചകന്മാരുടെ പേരുകൾ പറഞ്ഞുകൊണ്ട് സ്തുതിക്കുന്നതാണ് പ്രധാന അവലംബം.
ഒരു വട്ടപ്പാട്ടിൽ തന്നെ പദം,വരവ്,അപ്പം, കല്യാണ പാട്ട് എന്നിങ്ങനെ പല ഭാഗങ്ങളുണ്ട്, വരവ് എന്ന ഭാഗം കല്യാണ ചെറുക്കനെ വേദിയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കല്യാണവുമായി ബന്ധപ്പെട്ട് വിളമ്പുന്ന ഭക്ഷണങ്ങളെ കുറിച്ച് പോലും വട്ടപ്പാട്ട് പ്രതിപാദിക്കുന്നു. വയനാട് സുൽത്താൻബത്തേരി സെൻമേരിസ് സ്കൂളിലെ ടീമും വട്ടപ്പാടിന്റെ ആവേശത്തിലാണ്.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ മിസാബ് മൊയ്തീൻ, ഷിഫാൻ റോഷൻ, സലിം മുഹമ്മദ്, ഫറസ് അബീൽ, എൽവിൻ സണ്ണി, അശ്വിൻ ബേസിൽ, മൃദുൽ പി റജി,ആഷിക് ജോഷി, റെനീസ് മുഹമ്മദ്, ബേസിൽ ബെന്നി എന്നിവർ അടങ്ങിയ ടീമാണ് വയനാട്ടിൽ നിന്ന് അനന്തപുരിയിലേക്ക് വട്ടപ്പാടിന്റെ ആവേശവുമായി എത്തിയിരിക്കുന്നത്.
സാലിഹ് ബിൻ ഉസ്മാൻ ആണ് ഇവരുടെ പരിശീലകൻ.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Anantapuri #also #large #crowd #Vattapatt #Malabar