തിരുവനന്തപുരം: (truevisionnews.com) പങ്കെടുത്ത കായിക മത്സരങ്ങളിലൊന്നും മെഡൽ നേടാതെ ലീല മടങ്ങിയിട്ടില്ല. 1996 മുതൽ ദേശീയ, അന്തർദ്ദേശീയ വെറ്ററൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന നേമം പ്രാവച്ചമ്പലം സ്വദേശിനി ലീലയുടെ പേരിൽ 268 ഓളം മെഡലുകളും സർട്ടിഫിക്കറ്റുകളുമുണ്ട്.
എന്നാൽ ലീലയുടെ സങ്കടം ഇതെല്ലാം സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ല എന്നതാണ്.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യമന്ത്രിയുമായി സംസാരിച്ച് വീടിനായി നാല് ലക്ഷം രൂപ വീടിനായി അനുവദിച്ച് തന്നെങ്കിലും അതിൽ ഒരു പുരോഗതിയും പിന്നീട് ഉണ്ടായില്ല.
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിൽ താൽക്കാലിക ജീവനക്കാരിയായി ജോലി നോക്കുകയാണ് ഈ അഭിമാന താരം.
പങ്കെടുക്കുന്ന മത്സരങ്ങൾ സംസ്ഥാനമോ ദേശീയമോ അന്തർദ്ദേശിയമോ എന്ന് ലീല നോക്കാറില്ല. ലഭിക്കുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തും.
സ്കൂൾ തലം മുതൽ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പി.ടി.ഉഷ, ഷൈനി വിൽസൺ തുടങ്ങിയവരോടൊപ്പം സംസ്ഥാനതലത്തിൽ മത്സരിച്ചു.
സാമ്പത്തിക ഞെരുക്കത്താൽ ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. കായികമോഹം എന്നും മനസിലുണ്ടായിരുന്നെങ്കിലും അവസരങ്ങൾ ലഭിച്ചിരുന്നില്ല.
1993ൽ സ്പോർട്സ്കൗൺസിൽ പാർട്ട് ടൈം ജീവനക്കാരിയായ ശേഷം 1998 മുതൽവെറ്ററൻ മത്സരങ്ങളിലൂടെ കായിക രംഗത്തേക്ക്തിരിച്ചെത്തി.
100 മീറ്റർ ഓട്ടം, ഹർഡിൽസ്, ട്രിപ്പി ൾജമ്പ്, ഹൈജമ്പ് എന്നിവയാ ണ് പ്രധാന ഇനങ്ങൾ. ഇന്ത്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നടന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ഇനത്തിലും സമ്മാനം നേടി.
അവസാനമായി പങ്കെടുത്തത് 2024 മേയിൽ അയോദ്ധ്യയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ്.
പങ്കെടുത്ത രണ്ട് ഇവന്റുകളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പി.എഫിൽ നിന്നുള്ള വായ്പയും സൊസൈറ്റിയിൽ നിന്നുള്ള ലോണുമാണ് യാത്രാചെലവിനുള്ള ഏക വഴി.
ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്ക് വേണ്ടി മന്ത്രി വി അബ്ദുറഹിമാനും, സിംഗപ്പൂർ യാത്രയ്ക്കായി ഇ പി ജയരാജനും ടിക്കറ്റ് എടുത്ത് നൽകി സഹായകമായിട്ടുണ്ട്.
2025ൽ ഇന്തോനേഷ്യയിൽ നടക്കുന്ന 23-ാമത് ഏഷ്യാ മാസ്റ്റേഴ്‌സ് അത്ലറ്റിക്സ് ചാമ്പ്യ ൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലീല.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Sport #important #art #familiar #face #Central #Stadium #PLeela #remarkable #presence #stage #festival