തിരുവനന്തപുരം: ( www.truevisionnews.com) പരമ്പരാഗത കലാരൂപങ്ങളുടെ നിലനില്പിൽ വർഷാവർഷം നടക്കുന്ന കലോത്സവങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.
അത്തരം കലാരൂപങ്ങളുടെ കൂട്ടത്തിലേക്ക് മംഗലം കളി,പണിയ നൃത്തം,ഇരുളർ നൃത്തം എന്നീ തനത് ഗോത്ര കലാരൂപങ്ങൾ കൂടി ഇടംപിടിക്കുന്നു.
ആദ്യമായാണ് ഈ ഗോത്ര കലാരൂപങ്ങൾ കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുന്നത്.ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം.
ഈ ഗോത്ര കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന് ഭാഗമാക്കണമെന്നുള്ള വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് ഈ കലാരൂപങ്ങളുടെ സ്കൂൾ കലോത്സവത്തിലേക്കുള്ള രംഗപ്രവേശനം.
കല്യാണ ആഘോഷങ്ങളുടെ ഭാഗമായാണ് മംഗളംകളി അവതരിപ്പിക്കുന്നത്. മാവിലൻ മലവേട്ടുവൻ സമുദായങ്ങളുടെ തനത് കലാരൂപമാണ് മംഗലം കളി. ഉണ്ടാച്ചു, പാളത്തൊപ്പി, കല്ലുമാല എന്നിവയാണ് അവതരണ സമയത്ത് ഉപയോഗിക്കുന്നത്.
തുടിയാണ് പ്രധാന വാദ്യോപകരണം. തുടി വ്യത്യസ്ത രീതിയിൽ ചലിപ്പിച്ച് താളത്തിൽ വ്യത്യാസം വരുത്തുന്നു. സ്വയം ദേഹത്ത് അടിച്ചു കൊണ്ടാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.
ഒരു പാട്ടിന് ഒരേ തരം ചുവടു തന്നെ എന്ന രീതിയാണ് അവലംബിച്ചു വരുന്നത്. പല പാട്ടുകൾ ഈ കലാരൂപത്തിൽ ഉപയോഗിക്കാറുണ്ട്. ഓരോ പാട്ടുകൾക്കും ഓരോ അർത്ഥങ്ങളാണ് ഉദാഹരണത്തിന് "ഒവഞ്ചി മറട്ടുണ്ടിക.. " എന്നു തുടങ്ങുന്ന പാട്ടിന് ദേഹത്തെ ഉറുമ്പിനെ തട്ടിക്കളയുക എന്നതാണ് അർത്ഥം.
"ചിങ്കിരിയാം " എന്ന് തുടങ്ങുന്ന പാട്ടിന് നായാട്ടിന് പോവുന്ന കഥായാണ് പൊരുൾ. പ്രധാനമായും തുളു, മലയാളം തുടങ്ങിയ ഭാഷകളിലാണ് പാട്ടുകൾ ഉള്ളത്.
കഴിഞ്ഞവർഷം കൊല്ലത്തുവച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ്കൂൾ കലോത്സവ മാന്വലിൽ ആണ് മംഗലം കളി അടക്കമുള്ള ഗോത്ര കലാരൂപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ഗോത്ര കലാരൂപങ്ങൾ ഒരുപാട് ജനശ്രദ്ധ ഉള്ള കലോത്സവത്തിന്റെ ഭാഗമാക്കുന്നതിലൂടെ കേരളത്തിൻറെ കലാചരിത്രത്തിൽ ഗോത്ര കലകൾക്ക് കൂടുതൽ ദൃശ്യത ലഭിക്കുന്നതിന് സഹായകമാകുന്നു.
കനകക്കുന്ന് നിശാഗന്ധി വേദിയിൽ വച്ച് നടന്ന മംഗലം കളിക്ക് ഉയർന്ന ജനസമ്മതി തന്നെയാണ് ലഭിച്ചത്. കേരളത്തിൻറെ കലാചരിത്രത്തിൽ ഇനി ഗോത്ര കലകളും മുദ്രപതിപ്പിക്കും.
Article by Sivani R
ICJ Calicut Press Club 8078507808
#Gotra #arts #will #set #new #record #history #Kerala #School #Arts #Festival