( www.truevisionnews.com ) സ്ത്രീകൾ സാരി ചുറ്റി ഒരുങ്ങി ഇറങ്ങിയാൽ കാണാൻ എന്തൊരു ചേലാണ്... ആരായാലും ഒന്ന് നോക്കി പോകും. അതാണ് സാരിയുടെ ഭംഗി.
എന്നാൽ ഇതേ സാരി കേടു പറ്റാതെ സൂക്ഷിച്ചു വെയ്ക്കുന്ന കാര്യം അത്ര എളുപ്പമല്ല. എങ്ങനെയെങ്കിലും അലക്കി എവിടെയെങ്കിലും വെച്ചാൽ സാരിയുടെ കഥ കഴിയും. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തെങ്കിൽ മാത്രമേ ഇവ ഏറെക്കാലം പുതുമയോടെ ഉപയോഗിക്കാൻ കഴിയൂ.
ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും മികച്ചതാകും.
അതിനാൽ തന്നെ കൃത്യമായി സൂക്ഷിച്ചാൽ തലമുറകൾ കൈമാറി ഉപയോഗിക്കാൻ കഴിടുന്നതാണ് ഓരോ സാരിയും. സാരികൾ കേടു കൂടാതെ എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം.
ഹെവി സാരികൾ
നിങ്ങളുടെ കയ്യിൽ വിവിധ തരം സാരികൾ ഉണ്ടാകും. നേർത്തത്, കട്ടിയുള്ളത്, മൃദുവായത്, കല്ലുകളും മുത്തുകളും പതിപ്പിച്ചത്, ത്രെഡ് വർക്ക് ചെയ്തത് തുടങ്ങി വിവിധയിനം.
ഇവയെല്ലാം ഒരുമിച്ചാണോ സൂക്ഷിക്കുന്നത്? എങ്കിൽ സാരികളുടെ ആയുസ് കുറയും. കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികൾ നിങ്ങൾ പ്രത്യേകമായി തന്നെ സൂക്ഷിക്കണം.
ഹെവി ഡിസൈൻ ആയതിനാൽ ഇവ മറ്റ് സാരികളിൽ കൊളുത്തി നിൽക്കാനും അവയ്ക്ക് കേടുപാടുകൾ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ഇത്തരം സാരികൾ പ്രത്യേക ബാഗുകളിൽ മടക്കി വെച്ച് സൂക്ഷിക്കുന്നതാണ് നല്ലത്
കറ നീക്കം ചെയ്യാനായി
പലപ്പോഴും സാരി ഉടുക്കുന്ന സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കറ പറ്റാൻ സാധ്യത കൂടുതലാണ്. പല കറകളും പൂർണമായും നീക്കം ചെയ്യാൻ പ്രയാസവുമാകും. അതിനാൽ തന്നെ കറ വീണു കഴിഞ്ഞാൽ എത്രയും വേഗം അവ നീക്കം ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
ഏറെ നേരത്തിന് ശേഷം ഇവ നീക്കം ചെയ്യാൻ കഴിയണമെന്നില്ല. കറ വീണ ഉടൻ ആ ഭാഗം നന്നായി കഴുകുക. പൂർണമായും നീക്കം ചെയ്യാനായി വിനാഗിരി, നാരങ്ങാ നീര്, സോപ്പ് എന്നിവ ചേർത്ത് ഉപയോഗിക്കാം.
ഇസ്തിരി ചെയ്യുമ്പോൾ
സാരി ഇസ്തിരി ചെയ്യുമ്പോൾ മറ്റ് വസ്ത്രങ്ങൾ അയൺ ചെയ്യുന്നതിനേക്കാൾ ശ്രദ്ധ വേണം. കാരണം കൂടിയ ചൂടിൽ ഇസ്തിരി ഇടുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ കുറഞ്ഞ ചൂടിൽ പതുക്കെ വേണം അയേൺ ചെയ്യാൻ.
പെട്ടെന്ന് ചൂടേൽക്കാൻ സാധ്യതയുള്ള ഫാബ്രിക് ആണെങ്കിൽ അതിനു മുകളിൽ മറ്റൊരു തുണി വെച്ച ശേഷം അയേൺ ചെയ്യുന്നത് ഗുണം ചെയ്യും. ഫാബ്രിക് നശിക്കാതിരിക്കാനും നിറം മങ്ങാതിരിക്കാനും ഈ വിദ്യ സഹായിക്കും.
കഴുകുമ്പോൾ വേണം ശ്രദ്ധ
സാരി അലക്കി വൃത്തിയാക്കുന്നതും അത് മടക്കി വെയ്ക്കുന്നതും അല്പം സമയമെടുക്കുന്ന പണി തന്നെയാണ്. എന്നാൽ എല്ലാ സാരികളും ഒരേ രീതിയിൽ അലക്കാൻ കഴിയില്ല. പല സാരികളും പല തരത്തിലുള്ളതാകും. സാരി ഉപയോഗിക്കുന്നതിനു മുൻപ് തന്നെ ഇവ അറിഞ്ഞിരിക്കണം.
ചിലത് വാഷിംഗ് മെഷീനിൽ അലക്കാൻ കഴിയുമെങ്കിൽ മറ്റ് ചിലത് കൈകൾ ഉപയോഗിച്ച് മൃദുവായ രീതിയിൽ കഴുകി വൃത്തിയാക്കാൻ നിർദേശിച്ചവയാകും.
ചില സാരികൾ ഡ്രൈ ക്ലീൻ മാത്രം ചെയ്യേണ്ടവയാകും. ഇക്കാര്യങ്ങൾ പാലിക്കാതെ എങ്ങനെയെങ്കിലും അലക്കിയെടുത്താൽ സാരികൾ പെട്ടെന്ന് ചീത്തയാകും. അതിനാൽ വാങ്ങിക്കുമ്പോൾ തന്നെ സാരി അലക്കേണ്ട രീതിയും അറിഞ്ഞിരിക്കാം.
മടക്ക് നിവർത്താം
സാരികൾ മടക്കി വെച്ച രീതിയിൽ വർഷങ്ങളോളം ഇരിക്കുന്നത് നല്ലതല്ല, മടക്കുകളിൽ വര വീഴാനും നിറ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും. അതിനാൽ ഇടയ്ക്കെങ്കിലും ഈ മടക്കുകൾ നിവർത്തി വീണ്ടും മടക്കി വെയ്ക്കുന്നതിനായി ശ്രദ്ധിക്കണം. ഒരേ മടക്കുകൾ മാറ്റുന്നതും നല്ലതാണ്. പ്രത്യേകിച്ച് സിൽക്ക് സാരികൾ. പ്രകാശം വീഴാത്ത സ്ഥലങ്ങളിൽ വേണം സാരികൾ സൂക്ഷിക്കാൻ.
#Want #keep #sarees #fresh #Take #care #like #this