( www.truevisionnews.com) മനുഷ്യരുടെ അമിതമായ ഉപഭോഗ സംസ്കാരവും, വ്യവസായവൽക്കരണവും പ്രകൃതിയെ വലിയ രീതിയിൽ ബാധിച്ച് ഹരിത ഗൃഹവാതകങ്ങളുടെ ഉദ്ഗമനം മൂലം ഭൂമിയുടെ താപനില അനുദിനം വർദ്ധിക്കുന്നത് ഒരു വസ്തുതയാണ്.
അന്തരീക്ഷ താപനില രണ്ട് ഡിഗ്രിയിൽ കൂടാതിരിക്കുവാനും, 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തുന്നതിനും കാർബൺ ഉദ്ഗമന നിരക്ക് വ്യവസായ യുഗത്തിന് മുമ്പത്തെ അവസ്ഥയിൽ എത്തിക്കുന്നതിനും വേണ്ടി 2015 ൽ 200 ലധികം ലോക നേതാക്കൾ പാരീസിൽ ഒത്തുകൂടി എടുത്ത തീരുമാനവും തുടർ പദ്ധതികളും ലോകത്ത് ഏറ്റവും വലിയ കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമായ അമേരിക്കയിലെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരാഹണത്തോടെ എന്താകുമെന്ന് പ്രവചിക്കാൻ പറ്റാത്ത രീതിയിലായിരിക്കുകയാണ്.
2015 ൽ മുൻ പ്രസിഡണ്ട് ബരാക് ഒബാമ പാരിസിൽ വച്ച് ഒപ്പിട്ട ഉടമ്പടി അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് എന്നാണ് 78 വയസ്സുള്ള 2025 ജനുവരി 20ന് 47 മത് പ്രസിഡണ്ടായി അമേരിക്കയിൽ ചുമതലയേൽക്കുന്ന റൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അംബര ചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കുന്ന വ്യവസായം ആരംഭിച്ച്,1990ല്‍ ബിസിനസുകൾ അമ്പേ പരാജയപ്പെടുകയും പിന്നീട് ടെലിവിഷൻ അവതാരകനായി 4000 ത്തിലധികം നിയമനടപടികൾ നേരിട്ട മുൻ സൈനിക സേവനമോ സർക്കാർ സേവനമോ ഇല്ലാത്ത ട്രമ്പിന്റെ കാലാവസ്ഥാ വ്യതിയാന സംബന്ധിച്ചുള്ള നയപരിപാടികൾ നെടുവീർപ്പോടുകൂടിയാണ് ലോകം കേട്ടുനിൽക്കുന്നത്.
2016ൽ ട്രംപിന്റെ ഇലക്ഷനിൽ റഷ്യയുടെ സഹായം ലഭിച്ചു എന്ന് മുള്ളർ അന്വേഷണ കമ്മീഷൻ കണ്ടെത്തിയതും, പ്രസിഡണ്ടായി ആദ്യമായി അധികാരത്തിലേറി ആറുമാസത്തിനുള്ളിൽ ലോകത്തിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന രീതിയിൽ പാരീസ് ഉടമ്പടിയിൽ നിന്നും ഏകപക്ഷീയമായ രീതിയിൽ പിൻവാങ്ങിയതും, തന്റെ മുൻ ഭരണകാലത്ത് നൂറിലധികം പാരിസ്ഥിതിക നിയമങ്ങളും നയങ്ങളും പിൻവലിച്ച ട്രെമ്പിൽ നിന്നും ലോകം ഇതുതന്നെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.
2021ൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അനുയായികളെയും കൂട്ടി യുഎസ് ക്യാപ്പിറ്റലിലേക്ക് മാർച്ച് ചെയ്ത് കലാപത്തിന് നേതൃത്വം കൊടുത്തതും, പ്രസിഡണ്ട് ആയിരുന്നപ്പോൾ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുകയും,കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്ത അമേരിക്കയുടെ ആദ്യ പ്രസിഡണ്ടായ റൊണാൾഡ് ട്രംപില്‍ നിന്നും ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
പരിമിതമായ അളവിലുള്ള ഊർജ്ജം വ്യായാമ മൂലം കുറയുന്നതിനാൽ വ്യായാമം ചെയ്യേണ്ടതില്ല എന്നും, ഭൂമി ചൂടാകുന്നില്ല എന്നും ആഗോളതാപനം, ഊർജ്ജനയം എന്നിവയിൽ നിഗൂഢതകൾ ഉണ്ട് എന്നും പ്രസ്താവിച്ച വ്യക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ അമരത്ത് വീണ്ടും എത്താൻ പോകുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോൽപ്പിക്കാൻ, നശിച്ചുപോകാൻ സാധ്യതയുള്ള കാർഷിക വിത്തുകളെ ഭൂഗർഭ അറയിൽ സംരക്ഷിക്കുവാൻ നോർവേ പോലുള്ള രാജ്യങ്ങൾ ഭഗീരഥ പ്രയത്നം നടത്തുമ്പോഴാണ് നിലവിൽ പ്രതിദിനം 18 ബില്യൺ ബാരൽ എണ്ണ ഉത്പാദനം വർദ്ധിപ്പിച്ച് "കുഴിക്കൂ കുഴിക്കൂ, വീണ്ടും വീണ്ടും കുഴിക്കു "എന്ന് ആഹ്വാനം ചെയ്യുന്ന പ്രസിഡണ്ടാണ് അമേരിക്കയിൽ അധികാരത്തിലേറാൻ പോകുന്നത്.
വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും സവിശേഷമായ ചേരുവുകളിൽ പിറന്നുവീണ, നിയമപരമായ ബാധ്യത അടിച്ചേൽപ്പിക്കാത്ത പാരീസ് ഉടമ്പടിയിൽ നിന്നാണ് അമേരിക്ക പുറത്തു ചാടുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലോൺ മസ്ക്ക് ട്രമ്പിനെ മെരുക്കുമോ?
കാലാവസ്ഥാ വ്യതിയാനം യാഥാർത്ഥ്യമാണെന്നും, പാരിസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങുന്നത് അമേരിക്കക്കും ലോകത്തിനും ഗുണകരമല്ല എന്നാണ് സ്വയം ഒരു പ്രകൃതിവാദിയാണ് എന്ന് വിശേഷിപ്പിക്കുന്ന ഇലോൺ മസ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രമ്പിന്റെ വിജയത്തിനുശേഷം ഇക്കാര്യത്തിൽ അഭിപ്രായ വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സോളാർ പാനലിന്റെ പ്രചാരകനായ മസ്ക്, ലിക്വിഫൈഡ് ഗോൾഡ് മറ്റേത് രാജ്യങ്ങളേക്കാൾ കൂടുതലുള്ള രാജ്യമാണെന്ന് സ്വയം പ്രഖ്യാപിച്ച് റഷ്യക്കും, സൗദി അറേബ്യക്കും മുന്നിൽ ബഹുദൂരം സഞ്ചരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിനോടുള്ള സമീപനം എന്തായിരിക്കും എന്ന് കാത്തിരുന്നു കാണാവുന്നതാണ്.
ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററി ഉല്പാദിപ്പിക്കുന്ന ബിസിനസ് തന്റെ ആകെ വരുമാനത്തിന്റെ 10% ആണ് എന്നത് വിസ്മരിച്ച് , ബിസിനസ് താൽപര്യങ്ങൾക്ക് എന്നും മുൻതൂക്കം നൽകുന്ന ഇലോൺ മസ്ക്ക് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ട്രംപിനോട് എന്ത് ഉപദേശമാണ് നൽകാൻ പോകുന്നത് എന്ന് ലോകം സാകൂതം വീക്ഷിക്കാൻ വേണ്ടി പോവുകയാണ്.
കോളേജ് കാലത്ത് തന്നെ ആഗോളതാപനം വലിയ പ്രശ്നമാണ് എന്ന് പറഞ്ഞ മാസ്ക്, ബെൽജിയത്തിലെ കർഷകർ നൈട്രജൻ രാസവളത്തിന്റെ അമിത ഉപയോഗം കാരണം നെൽപ്പാടങ്ങൾ ബഹിഷ്കരിച്ച് നടത്തിയ സമരത്തെ 'എക്സ് 'സാമൂഹ്യ മാധ്യമത്തിൽ കർഷകർ പാടത്തിൽ നിന്നും മാറി നിന്നാൽ കാലാവസ്ഥ വ്യതിയാനം പരിഹരിക്കുവാൻ സാധിക്കില്ല എന്ന് കളിയാക്കിക്കൊണ്ടു പോസ്റ്റിട്ടത്.
കാലാവസ്ഥാ വ്യതിയാനം പ്രവർത്തനങ്ങളെ ആത്മാർത്ഥമായി സഹായിക്കുന്ന ഒരു മാനസിക അവസ്ഥയിലുള്ള വ്യക്തിയല്ല എന്ന് മസ്ക് സ്വയം തെളിയിച്ചതിനാൽ കച്ചവട താൽപര്യങ്ങൾക്കപ്പുറമുള്ള മറ്റൊന്നും കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങളിൽ ഇലോൺ മസ്കിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഓയിൽ & ഗ്യാസ് ഉപയോഗിക്കുന്നത് നിർത്തലാക്കിയാൽ അമേരിക്ക പട്ടിണിയിലാകുമെന്നാണ് ട്രമ്പിന്റെ ഭാഷ്യം.
പാരീസ് ഉടമ്പടി കാരണം അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥ തകരുമെന്ന് ട്രമ്പ് പറയുന്നു. സോളാർ എനർജിയെ കുറിച്ച് വാചാലനാകുന്ന മസ്കും, ന്യൂക്ലിയർ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്ന ട്രമ്പും വിരുദ്ധ ചേരികളായി ഇരിക്കുന്നത് എങ്ങനെയാണ് ലോകത്തെ സ്വാധീനിക്കാൻ പോകുന്നത് എന്ന് വരുംദിനങ്ങളിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് .
2015 ലെ പാരീസ് ഉടമ്പടിയിൽ നിന്നും ട്രംപിന്റെ ഒന്നാമത്തെ ഭരണ കാലത്ത് പിൻവാങ്ങിയതിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ രണ്ട് ഉപദേശക കൗൺസിൽ നിന്നും രാജിവെച്ച് കടുത്ത തീരുമാനമെടുത്ത മസക്ക് ഇപ്പോൾ ആ നിലപാട് പിന്തുടരുമോ എന്ന് അറിയില്ല.
ട്രമ്പിനെ ജയിപ്പിക്കാൻ 1689 കോടി രൂപ ചെലവഴിച്ച 24.49 ലക്ഷം കോടി ഡോളർ ആസ്തിയുള്ള സാമൂഹ്യ മാധ്യമമായ "എക്സ്"മുതൽ ഭാവിസാധ്യതയായ "സ്പേസ് എക്സ്" വരെയുള്ള ലോകത്തിലെ എല്ലാത്തരം ബിസിനസ്സുകളുടെയും അമരത്തുള്ള ഇലോൺ മാസ്കിന്റെ ബിസിനസ് താൽപര്യം മാത്രമായിരിക്കും ഇക്കാര്യത്തിൽ അദ്ദേഹം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
6.75 ലക്ഷം കോടി യുഎസ് ഡോളറിന്‍റെ വാർഷിക ബഡ്ജറ്റിൽ 6758 കോടി രൂപയുടെ ചെലവ് ചുരുക്കൽ പദ്ധതി, മസ്ക്കിനെയും പാലക്കാട് കാരനായ വിവേക് രാമസ്വാമിയെയുമാണ് ട്രംപ് ഏൽപ്പിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവിന്റെ ഇപ്പോഴത്തെ ആത്മ മിത്രമായ ഭൂമിയിലെ ഏറ്റവും വലിയ ധനാഢ്യനായ ഇലോൺ മസ്ക്കിന്റെ താല്പര്യങ്ങൾ എത്രത്തോളം സംരക്ഷിക്കും എന്നത് ഊഹിക്കാൻ കഴിയുന്നതാണ്.
യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും അവരുടെ ജിഡിപിയുടെ 2% പ്രതിരോധത്തിന് ചെലവഴിക്കണം എന്നാണ് ലോകത്തെ ഏറ്റവും വലിയ ആയുധ കച്ചവടക്കാരായ അമേരിക്ക ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ട്രമ്പിന്റെ സമീപനം വളരെ അപരിഷ്കൃതമാണെങ്കിലും ഇതൊന്നും ട്രമ്പിനെ വിജയിപ്പിക്കുവാനുള്ള മസ്കിന്റെ പരിശ്രമത്തിന് വിലങ്ങു തടിയായില്ല.
അമേരിക്കയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രതിദിനം പണം നൽകി ട്രംപിനെ വിജയിപ്പിച്ചെടുക്കുന്ന തന്ത്രമാണ് മസ്ക്ക് പുറത്തിറക്കിയത്, ഇതിൽ നിന്നും ഭാവി ബിസിനസ് വ്യാപനം മസ്ക് മനസ്സിൽ കണ്ടിട്ടുണ്ടാകും . കടൽ എട്ടിഞ്ച് കരയിലേക്ക് കയറി എന്ന് വിലപിക്കുന്ന പ്രകൃതി വാദികളുടെ വാദങ്ങൾ മുഴുവനായും നിരാകരിക്കുകയാണ് ട്രംപ് ചെയ്യുന്നത്.
ഓയിൽ കമ്പനി ഭീമൻ ഹരോൾഡ് ഹം അടക്കമുള്ള വൻ കിട ഓയിൽ കമ്പനികളിൽ നിന്ന് 75 ദശലക്ഷം യുഎസ് ഡോളർ ട്രംപിന്റെ ഇലക്ഷൻ ക്യാമ്പയിനിലേക്ക് ഒഴുകിയതിന് പ്രത്യുപകാരം ട്രംപ് ചെയ്യുമെന്ന് ഉറപ്പാണ്, ഇതെങ്ങനെയാണ് മസ്ക് നേരിടുന്നത് എന്ന് കണ്ടു തന്നെ അറിയണം.
കാലാവസ്ഥാ വ്യതിയാന പ്രവർത്തനത്തിന്റെ ഭാവി എന്താകും?
1992 മുതൽ പ്രവർത്തിക്കുന്ന ഐക്യാ രാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള യുഎൻ ഫ്രെയിം വർക്ക് ഓഫ് കൺവെൻഷൻ ക്ലൈമറ്റ് ചേഞ്ച് എന്ന സംഘടനയുടെ ഭാവി അനിശ്ചിതത്തിലാണ്. ബൈഡൻ ഉണ്ടാക്കിയ മൂന്നു ബില്യൺ യുഎസ് ഡോളറിന്റെ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിനും എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.
യുഎസ് കോൺഗ്രസ് പാസാക്കിയ മാസ്സിവ് ഇൻവെസ്റ്റ്മെന്റ് ഓൺ ക്ലീൻ എനർജി നിയമം, ശുദ്ധ ഊർജ്ജത്തെ എതിർക്കുന്ന ട്രംപ് നടപ്പിലാക്കുമെന്ന് പറയാൻ കഴിയില്ല. ബൈഡൻ നിർത്തിവെച്ച ഗ്യാസ് ടെർമിനൽ ട്രംപ് തുറക്കുമെന്ന് ഉറപ്പാണ് എൽപിജി, എൽഎൻജി ഗ്യാസ് കൂടുതലായി ഉപഭോക്താക്കളിലേക്ക് എത്തുന്ന കാലമാണ് വരാൻ പോകുന്നത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള COP 29 ഉച്ചകോടി അസർബൈജാനിലെ ബാക്കുവിൽ അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ, കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായിട്ടുള്ള പ്രാധാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവികസിത രാജ്യങ്ങൾക്ക് നൽകുവാനുള്ള ഒരു വർഷത്തെ 100 ബില്യൺ യുഎസ് ഡോളറിന്റെ ഫണ്ടിൽ അമേരിക്ക ധനസഹായം ചെയ്യില്ല എന്ന ട്രംമ്പിന്റെ പ്രഖ്യാപനം കരിനിഴലാണ് വീഴ്ത്തിയത്.
പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയാൽ അത് അമേരിക്കയുടെ മരണ മണിയാകുമെന്ന് പരിസ്ഥിതിവാദികൾ പറയുന്നുണ്ടെങ്കിലും അത് നേർത്ത ശബ്ദമായി മാത്രമേ മാറുന്നുള്ളൂ.
കഴിഞ്ഞ ആറുവർഷമായി എണ്ണ ഉൽപ്പാദനത്തിൽ അമേരിക്കയാണ് ലോകത്ത് ഒന്നാമത്. അമേരിക്കയുടെ വരുമാനത്തിന്റെ 8% വും ലഭിക്കുന്നത് ഈ മേഖലയിൽ നിന്നാണ് ഇത് ആർട്ടിക് പോലുള്ള മരുഭൂമിയിൽ അടക്കം എണ്ണ പര്യവേഷണം നടത്തി ട്രമ്പ് എണ്ണ ഉൽപാദനം വർദ്ധിപ്പിച്ച് സമ്പത്ത് വ്യവസ്ഥക്ക് ഊർജ്ജം പകരുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഈയിടെയാണ്. 2025 നകം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന നിർദ്ദേശത്തിന് ഇനി ആയുസ്സ് ഇല്ലാതാവുകയാണ്.
അതിവേഗത്തിലുള്ള കാലാവസ്ഥാ വ്യതിയാനം ചുറ്റുവട്ടത്ത് ദൃശ്യമാണെങ്കിലും, അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും അതികഠിനമായ മഴ, വേനൽ,കൊടുങ്കാറ്റ്, വരൾച്ച എന്നിവ സംഭവിക്കുന്നുണ്ട് എന്നതും പുതിയ പ്രസിഡണ്ടിനെ അലോസരപ്പെടുത്തുന്നില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽനിരപ്പ് ഉയരുന്നതും ഹിമാനികൾ ഉരുകി സമുദ്രങ്ങളിൽ എത്തി വെള്ളപ്പൊക്കം ഉണ്ടാവുന്നതും, സമുദ്ര ജലം ചൂടാകുന്നതും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.കൃഷിയിലെ പ്രതിസന്ധി, ജൈവവൈവിധ്യങ്ങളുടെ ശോഷിപ്പ്, പല ജീവികളുടെയും വംശനാശം,രോഗ വ്യാപനം, പകർച്ച വ്യാധി വ്യാപനം,ഭൂമിയുടെ താപനില വർദ്ധിപ്പിക്കുന്നത്, മലിനീകരണം, മരുഭൂമികരണം, ക്ലോറോഫ്ലോറോ കാർബണുകളുടെ ഉപയോഗം കാരണം ഓസോൺ പാളികളിലെ ദ്വാരം ഇതൊക്കെ സംഭവിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ പരിഹാരമായി പാരീസ് ഉടമ്പടി നിർദേശിച്ച ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പുനരൂപയോഗ ഊർജ്ജസ്രോതസ്സുകളിലേക്ക് മാറണം എന്ന് ആഹ്വാനം ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നക്കാരനായ അമേരിക്ക ചെവികൊള്ളുന്നില്ല എന്നത് പരിസ്ഥിതിവാദികളെ നിരാശപ്പെടുത്തുന്നു.
ഫോസിൽ ഇന്ധനത്തിന്റെ പ്രചുരപ്രചാരകനായ ക്രിസ് റൈറ്റിനെ ഊർജ്ജ സെക്രട്ടറിയായി ട്രംപ് പ്രഖ്യാപിച്ചതും കാലാവസ്ഥാ വ്യതിയാനം കെട്ടുകഥയാണ് എന്ന് പറയുന്ന റൈറ്റിന് ഏറ്റവും ഉന്നതസ്ഥാനം നൽകിയതും പരിസ്ഥിതിവാദികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പുരോഗമനപരമായി അമേരിക്കയിൽ ഉണ്ടാക്കിയ ക്ലീൻ എയർ ആക്ട്,ക്ലീൻ വാട്ടർ ആക്ട് എന്നീ നിയമങ്ങളുടെ ഭാവി ട്രംപിന്റെ വരവോടെ തുലാസിൽ ആയിരിക്കുകയാണ്.
സൗരോർജ്ജം വാതാക്കോർജ്ജം തുടങ്ങിയ ഊർജ്ജസ്രോതസ്സുകളെ സംബന്ധിച്ച് പരിസ്ഥിതി സംഘടനകളായ ഗ്രീൻപീസ്,സിയാറ ക്ലബ്ബ് എന്നി സംഘടനകളുടെ സജീവ ഗവേഷണം ലോകത്തിന് പ്രത്യാശ പകരുമ്പോഴാണ് പുതിയ ഭരണ മാറ്റം അമേരിക്കയിൽ ഉണ്ടാകുന്നത്.
ട്രംപ് അധികാരത്തിലേറുന്നത് ഇത്തരം ഗവേഷണങ്ങൾക്ക് ഭാവിയിൽ സാമ്പത്തിക സഹായം ലഭിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.ഹരിത സമ്പത്ത് വ്യവസ്ഥയുടെ ഭാഗമായി ഇത്തരം ഗവേഷണ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് പ്രവചിക്കാൻ വയ്യാത്ത അവസ്ഥയിലാണ്.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് 3.1 ഡിഗ്രി സെൽഷ്യസ് ആയി വർദ്ധിക്കും എന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പിന് ട്രംപ് പുല്ലു വിലയാണ് നൽകാൻ വേണ്ടി പോകുന്നത്.
ലോക സമ്പത്ത് വ്യവസ്ഥയുടെ 10% തുക എന്താണ്ട് 10 ട്രില്ലിയൻ യുഎസ് ഡോളർ എങ്കിലും കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾക്ക് ആവശ്യമായി വേണ്ടി വരും. ഹരിത സമ്പത്ത് വ്യവസ്ഥയിൽ ഒരു കോടി തൊഴിലവസരങ്ങൾ അമേരിക്കയിൽ ഉണ്ടാകുമ്പോഴും, ഹരിത ഗൃഹ വാതകവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നലക്ഷം തൊഴിൽ അവസരങ്ങൾ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്ന തിരിച്ചറിവ് ട്രമ്പിന് ഉണ്ടാകുമോ എന്ന് പറഞ്ഞറിയേണ്ടതായിട്ടുണ്ട്.
നാഷണൽ ഓഷ്യാനിക്ക് അറ്റ്മോസ്ഫിയർ അഡ്മിനിസ്ട്രേഷൻ, നാഷണൽ hurricane സെന്റർ എന്നിവ കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങളിൽ പോലും ഗവേഷണം നടത്തി ലോകത്തിനു മുമ്പാകെ പുതിയ അറിവുകൾ എത്തിക്കുന്ന അമേരിക്കയിലെ സർക്കാർ സ്ഥാപനങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ ഭാവി എന്താകുമെന്ന് കണ്ടറിയേണ്ടത് ആയിട്ടുണ്ട്. അന്തരീക്ഷത്തിൽ മീഥേയനിന്റ അളവ് കുറക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമ പരിഷ്കാരങ്ങൾ ട്രംപ് തുടരില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ അധ്യക്ഷൻ മുക്താർ ബാബകെവി, അമേരിക്ക,ബ്രിട്ടൻ, ചൈന,റഷ്യ,ഇന്ത്യ അടക്കമുള്ള 12 ഓളം രാജ്യങ്ങളുടെ പ്രധാനപ്പെട്ട വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഇടറുന്ന ശബ്ദത്തിൽ സംസാരിച്ചത് ലോകത്ത് ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോകത്ത് കാർബൺ ബഹിർഗമനം ഏറ്റവും കൂടുതൽ നടത്തുന്ന ഹരിത ഗൃഹവാതങ്ങളുടെ ബഹിർഗമനത്തിൽ 62.76% വും അമേരിക്ക, ചൈന,യൂറോപ്യൻ യൂണിയൻ,ഇന്ത്യ,റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. കാലാവസ്ഥ വ്യതിയാന സംബന്ധിച്ചുള്ള ഉച്ചകോടികൾ വ്രഥാവിലാകുന്ന അവസ്ഥയിലാണ്,ലോകത്തെ വൻകിട രാജ്യങ്ങളുടെ ഉത്തരവാദിത്തപ്പെട്ടവർ പങ്കെടുക്കാതിരിക്കുന്നതിലൂടെ സംജാതമായിട്ടുള്ളത്.
കഴിഞ്ഞവർഷം ദുബായിൽ വച്ച് നടന്ന COP 28 നേക്കാൾ വലിയ പുരോഗതി അസർബൈജാനിലെ ബാക്കുവിലെത്തിയപ്പോൾ ഉണ്ടായിട്ടില്ല. ശുദ്ധ ഊർജ്ജ ഉപയോഗത്തിന് വേണ്ടി പത്തായിരം കോടി യുഎസ് ഡോളർ സമാഹരിക്കും എന്ന തീരുമാനം എവിടെയും എത്താത്ത രീതിയിലാണ് ഉള്ളത്.
2024ലെ കാർബൺ എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് യു എൻ ഇ പി പുറത്തിറക്കിയത് ഈയിടെയാണ്. ലോകത്തെ വൻകിട ജി 20 രാജ്യങ്ങൾ ഹരിത ഗൃഹവാതകങ്ങളുടേ വാർഷിക വിസർജന തോത് വെട്ടി കുറയ്ക്കേണ്ട ആവശ്യകത ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2023 ൽ 2022 നേക്കാൾ 1.3% അധികം ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തിയിട്ടുണ്ട്.
2023 ൽ 57.1 ഗിഗാ ടണിന് തുല്യമായ ഹരിത ഗൃഹവാതകങ്ങളാണ് അന്തരീക്ഷത്തിൽ എത്തിയത്, ഇതിൽ ഊർജ്ജ മേഖലയിൽ നിന്നും 15.1 ഗിഗാ ടണും, ഗതാഗതം,വ്യവസായം എന്നിവയിൽ നിന്നും കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തിയിട്ടുണ്ട്.
ആകെ കാർബൺ ബഹിർ ഗമനത്തിന്റെ 2 % വ്യോമായന മേഖലയിൽ നിന്നാണ്. വർഷത്തിൽ 19.5 % വർദ്ധനവാണ് ഈ മേഖലയിൽ നിന്ന് ഉണ്ടാകുന്നത്,ആഗോള ജനസംഖ്യയിലെ 11% മാത്രം ആണ് വ്യാമ മേഖലയെ ആശ്രയിക്കുന്നത്.
ഭൂമിയുടെ ചൂട് 1.5 ഡിഗ്രി സെൽഷ്യസിൽ തളച്ചിടണമെങ്കിൽ കാർബൺ ബഹിർഗമന നിരക്ക് നിലവിലുള്ളതിൽ നിന്ന് 69% കുറയണം, ചുരുങ്ങിയത് രണ്ട് ലക്ഷം കോടി ഡോളർ ഉണ്ടെങ്കിലേ നിർധന രാജ്യങ്ങൾക്ക് വിഷവാതകങ്ങൾ കുറയ്ക്കുവാനും കാലാവസ്ഥ പ്രത്യാഘാതങ്ങളെ നേരിടാൻ സാധിക്കുകയുള്ളൂ. സുസ്ഥിര വികസനത്തിന്റെ കടക്കൽ കോടാലി വെക്കുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം സാമ്പത്തിക തകർച്ച നേരിടുന്ന അവികസിത,വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി ഒരു പൊതു ഫണ്ട് രൂപീകരിക്കുന്നതിന് തീരുമാനിക്കുകയും 2020 ഓടെ ഈ തുക അവികസിത രാജ്യങ്ങൾക്ക് നൽകാമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പിലായില്ല,പ്രഖ്യാപിച്ച തുക കടങ്ങളിലും സഹായങ്ങളിലും തട്ടിക്കഴിക്കുന്ന രീതിയും ഉണ്ടായിട്ടുണ്ട്, ഇത്തരം സഹായങ്ങൾക്ക് പലിശ വാങ്ങുന്നതായും ചില രാജ്യങ്ങൾ പരാതിപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനായി അടിയന്തരമായും ഒരു വർഷത്തിൽ ആവശ്യമുള്ള 100 ബില്യൺ യുഎസ് ഡോളർ ലോകത്തെ പത്ത് മികച്ച ഫുട്ബോൾ കളിക്കാരുടെ വാർഷിക ശമ്പളത്തിന് തുല്യമാണ് എന്നാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ അഭിപ്രായം.
സൂര്യൻ,കാറ്റ് എന്നിവയിൽ നിന്ന് ഊർജ്ജമേഖലയിൽ ഉൽപാദനം വർദ്ധിപ്പിച്ചാൽ 2035 ആകുമ്പോഴേക്കും കാർബൺ വിസർജന തോത് 30 % തുറക്കാൻ സാധിക്കും പക്ഷേ അമേരിക്കയുടെ പുതിയ സാമ്പത്തിക നിലപാടും നയങ്ങളും ഇതിന് ഘടക വിരുദ്ധമാണ്. ഫോസിൽ ഇന്ധനം ഉപയോഗം വെട്ടി ചുരുക്കുന്ന കാര്യത്തിൽ നൈതികതയില്ലാത്ത ഒരു ഭരണകൂടത്തിന്റെ അധ്യക്ഷൻ വസ്തുതാപരമായി അല്ലാതെ പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതും കാലാവസ്ഥാ വ്യതിയാന പ്രവർത്തനത്തെ പിന്നോട്ട് അടിപ്പിക്കുന്നതാണ്.
പാരീസ് ഉടമ്പടിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട 100 ബില്യൺ യുഎസ് ഡോളർ സാമ്പത്തിക സഹായത്തിന്റെ കാലാവധി 2025 അവസാനിക്കുന്നതാണ് ഈ കാലയളവിലും അമേരിക്കയുടെ ഭാഗത്തുനിന്നും വലിയ സാമ്പത്തിക സഹായം ഇനി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ബ്രസീലിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന്റെ വേദിക്ക് പുറത്ത് ജനങ്ങൾ ഒറ്റ സ്വരത്തിൽ പ്രതിഷേധിച്ച് അഭ്യർത്ഥിച്ചത് ഈ ഭൂമിയെ കടലിൽ മുങ്ങുന്നതിനു മുമ്പ് രക്ഷിക്കണം എന്നാണ് കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ പാരീസ് ഉടമ്പടി യാഥാർത്ഥ്യമാകണം എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്
Article by ടി ഷാഹുൽ ഹമീദ്
*
#Will #Climate #Defense #Be #Off #Track #With #donaldtrump