പട്ന: (truevisionnews.com)ബിഹാറിലെ ബറൗനി ജംക്ഷനിൽ ട്രെയിനിന്റെ എൻജിനും ബോഗിക്കുമിടയിൽ ഞെരിഞ്ഞമർന്ന് റെയിൽവെ ജീവനക്കാരൻ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.
എൻജിൻ, ബോഗിയിൽനിന്ന് വേർപെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന സമസ്തിപൂർ സ്വദേശി അമർ കുമാർ (35) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എൻജിൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപടകത്തിന് കാരണമെന്ന് റിപ്പോർട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
സ്റ്റേഷനിലെത്തിയ ലഖ്നോ -ബറൗനി എക്സ്പ്രസിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എൻജിൻ വേർപെടുത്താനായി അമർ കുമാർ ട്രാക്കിലിറങ്ങി.
മുന്നോട്ട് എടുക്കേണ്ട എൻജിൻ പക്ഷേ പിന്നിലേക്കാണ് വന്നത്. ക്യാബിനിലിരുന്ന എൻജിൻ ഡ്രൈവറുടെ അശ്രദ്ധയുടെ ഫലമായാണ് ഇത് സംഭവിച്ചത്.
ട്രാക്കിലുണ്ടായിരുന്ന അമർ കുമാർ ബോഗിക്കും എൻജിനുമിടയിൽ കുടുങ്ങി ഞെരിഞ്ഞമർന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ ഡ്രൈവർ ഇറങ്ങിയോടി. എൻജിൻ മുന്നോട്ട് എടുക്കാൻ പോലും നിൽക്കാതെയാണ് ഡ്രൈവർ കടന്നുകളഞ്ഞത്.
ഇതോടെ അമർ കുമാറിന് ജീവൻ നഷ്ടമാകുകയും ചെയ്തു. രണ്ട് മണിക്കൂറിനു ശേഷമാണ് അധികൃതർ കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത്.
യാത്രക്കാരോടൊപ്പം മരിച്ച യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
#employee #died #after #getting #stuck #between #train #coaches #visuals #out