#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം

#vsachuthanandan | വിസ്മയിപ്പിക്കുന്നു, ഈ വീരചരിതം
Oct 21, 2024 02:08 PM | By Athira V

( www.truevisionnews.com  )ത് നിലവാരത്തിലുള്ള മോട്ടിവേഷൻ ക്ലാസിലും പങ്കാളികളെ പ്രചോദിപ്പിക്കാൻ വിശ്വവ്യാപകമായി ഉപയോഗിക്കാവുന്ന പാഠപുസ്തകമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതം.

അവിശ്വസനീയമായ അതിജീവനത്തിന്റെ അപൂർവ കഥകളിൽ ചേർത്തുവെക്കാവുന്ന ഇത്ര ധന്യമായ ഒന്ന് വേറെ കണ്ടുകിട്ടുക എളുപ്പമല്ല. സാമൂഹികവും ജാതീയവുമായ അസമത്വം അസഹ്യമായ ഒരു നൂറ്റാണ്ടുമുമ്പത്തെ മലയാളമണ്ണിൽ ദരിദ്ര പിന്നാക്കസമുദായ കുടുംബത്തിൽ പിറവി.


നാലാം വയസ്സിൽ അമ്മയുടെ മരണം, വസൂരി പിടിപെട്ട് . പതിനൊന്നാവുമ്പോഴേക്ക് അച്ഛനും . അനാഥത്വത്തിന്റെ ആഴപ്പരപ്പുകളിൽ വീണുപോയ ആ കുട്ടി നിലവിളിയമർത്തി കൈകാലിട്ടടിച്ച് കരകയറിയത് നിസ്സാരമായ വീണ്ടെടുപ്പല്ല. അത് വ്യക്തിപരം. രാഷ്ട്രീയത്തിലോ ... സ്വന്തം പാർട്ടിയിൽനിന്നുവരെ പടിയിറക്കം ഉറപ്പിച്ച പല പ്രതിസന്ധികളെയും വെട്ടിനിരത്തി മുന്നേറി അജയ്യത തെളിയിച്ച ധീരപോരാളി.

എന്തിനേറെ ... തെരഞ്ഞെടുപ്പിൽ മത്സരിക്കുകയേ വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടും സ്ഥാനാർത്ഥിയായ , സംസ്ഥാന മുഖ്യമന്ത്രിയായ മറ്റൊരാൾ വേറെ ഏത് നാട്ടിലുണ്ട് ; പാർട്ടിയിലുണ്ട് ! അതും സംഘടനാകാര്യങ്ങളിൽ കടുത്ത ശാഠ്യങ്ങളുള്ള - രാജ്യത്തിന്റെ പ്രധാനമന്ത്രിപദം മറ്റു കക്ഷികളെല്ലാം ചേർന്ന് വെച്ചുനീട്ടിയിട്ടും വേണ്ടെന്ന് പറഞ്ഞ പാർട്ടിയുടെ - തീരുമാനങ്ങളെ തിരുത്തിക്കാൻ തന്റേടം കൈവന്ന ജനനായകൻ വേറെയാര് ... ഇന്നലെകളിലെന്നല്ല, നാളെയായാലും ഇങ്ങനെയൊരു സാധ്യത കമ്മി.

അച്യുതാനന്ദൻ എന്ന വാക്കിന്റെ അർത്ഥം നാശമില്ലാത്ത സന്തോഷം അനുഭവിക്കുന്നവൻ എന്നാണ്. ആ പേര് അന്നത്തെ നിലയിൽ രക്ഷിതാക്കൾ ഭാവിയെക്കുറിച്ചുള്ള വലിയ സങ്കല്പങ്ങളോടെയൊന്നും വിളിച്ചതാവാനിടയില്ല. പക്ഷേ ഏത് പരാജയത്തിലും പിറകോട്ടടിയിലും പിടിച്ചുനിൽക്കാൻ തന്റെ നാമധേയവും അദ്ദേഹത്തിന് കരുത്തായിട്ടുണ്ടാവണം.


തോൽവി ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്നുപോലും രാഷ്ട്രീയനിരീക്ഷകർ വി എസിനെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ മാരാരിക്കുളത്തിന് മുമ്പും ശേഷവുമായുള്ള അത്തരം പതനങ്ങളിലൊന്നും (1996) വല്ലാതെയങ്ങ് പതറിപ്പോയിട്ടില്ല. തന്റെ നിലപാടിലെ ശരിയിലുള്ള ദൃഢവിശ്വാസം. അതിനുവേണ്ടി എത്ര സഹിക്കുകയും ത്യജിക്കുകയും ചെയ്യേണ്ടിവന്നാലും ലഭിക്കുന്ന അതിരറ്റ ആത്മസംതൃപ്തി.

" നിങ്ങൾ നല്ല ബോധ്യത്തോടെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുക . അവസ്ഥകളിൽ മാറ്റമുണ്ടാകും. നിരാശപ്പെടരുത്. ചരിത്രം പഠിപ്പിക്കുന്നത് അതാണ് " - അന്താരാഷ്ട്രതലത്തിൽ മാനിക്കപ്പെടുന്ന പ്രമുഖ യു എസ് ചരിത്രകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആബീ ഹോഫ്സന്റെ വാക്കുകൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചോ... അതോ, ചിരകാലാനുഭവങ്ങളിൽനിന്ന് സ്വയം ഉൾക്കൊണ്ട വലിയ പാഠമോ ... മറ്റുള്ളവർ കടുംപിടുത്തമായി കരുതുന്ന ആ സ്വഭാവവിശേഷമായിരുന്നു പലപ്പോഴും വി എസിന്റെ വിജയ രഹസ്യവും.

സീറോയിൽനിന്ന് ഹീറോ ആയി വളർന്ന , എളിമയോടെയുള്ള ചുവടുവെപ്പിന്റെ തുടർകഥകളാണ് അച്യുതാനന്ദന്റെ നാൾവഴികളിൽ ആദ്യന്തം ചിതറിക്കിടക്കുന്നത്.

പാർലമെന്ററി രംഗത്തും സംഘടനയിലും ഒരേപോലെ ശോഭിച്ചു ആ നേതൃപാടവം. 35 വർഷം നിയമസഭയിൽ, അതിൽ 15 കൊല്ലം പ്രതിപക്ഷ നേതാവ് , 2006-11 ൽ മുഖ്യമന്ത്രി, 11 വർഷം പാർട്ടി സംസ്ഥാന സെക്രട്ടറി, ഒടുവിൽ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, പല കാലയളവിലായി എൽ ഡി എഫിന്റെ കൺ വീനർ ; ദേശാഭിമാനി ചീഫ് എഡിറ്റർ ചുമതലയും.


പെരുകിവന്ന ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ വിശ്രമത്തിന്റെ സ്വാദറിഞ്ഞതേയില്ല. ആദ്യകാല പ്രവർത്തനമാവട്ടെ അങ്ങേയറ്റം ക്ലേശപൂർണമായിരുന്നു. നേർത്ത ജുബ്ബയിൽ എന്നും തെളിഞ്ഞുനിന്ന സുതാര്യതയും ലാളിത്യവും - അത് പൊതുജീവിതത്തിൽ ഒരിക്കലും കൈവിടാതെ കാത്തുപോന്ന മറ്റൊരു സുകൃതം.

രാഷ്ട്രീയത്തിലെ വി എസ് ശൈലി പുതിയ തലമുറകൾ ഒന്നു വേറിട്ട് വിലയിരുത്തി പഠിക്കേണ്ടതു തന്നെയാണ്. അതിരറ്റ ആത്മാർത്ഥതയും അർപ്പണവും സന്നദ്ധതയും - ഈ കൈമുതൽ വേണ്ടുവോളമുള്ളതിനാലാണ് പരിമിതികൾ പലതും മറികടക്കാനായത്. ഇത്ര ആശയ സ്ഫുടതയോടെയും അക്ഷരശുദ്ധിയോടെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാക്കൾ നന്നേ കുറവാണ്.

നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലെ വാചകഘടനയ്ക്കുപോലും വള്ളിപുള്ളി വ്യത്യാസമുണ്ടാകില്ല. എന്നാൽ എതിരാളികളെ പുളയ്ക്കുന്ന മർമ്മഭേദിയായ പ്രയോഗങ്ങളും ഇടയ്ക്കിടെ കേൾക്കാം അക്കൂട്ടത്തിൽ .ഏത് പ്രശ്നം ശ്രദ്ധയിൽ പെടുത്തിയാലും അതിന്റെ എല്ലാ വശങ്ങളും ചോദിച്ചറിയും. ഒരു പക്ഷംമാത്രം കേട്ട് ചാടി പുറപ്പെടില്ല.


എത്ര സങ്കീർണമായ വിഷയത്തിലും സമഗ്രമായ പഠനവും മനനവും നടത്തും. എന്നിട്ടേ ഇടപെടൂ ; അതും സാമാന്യ ന്യായവാദങ്ങൾക്കപ്പുറമുള്ള സാമൂഹ്യ നീതിപാലനത്തിൽ നല്ല നിഷ്ഠയോടെ. അതേപോലെ നന്നായി ആലോചിച്ചേ അഭിപ്രായങ്ങളും തുറന്നു പറയൂ . സുദീർഘ പൊതുപ്രവർത്തനത്തിനിടയിലെ പ്രതികരണങ്ങളിൽ പ്രതിഛായക്കു നിരക്കാത്ത നാക്കുപിഴയും വിരളം.

മുഖ്യമന്ത്രിയോ പാർട്ടി നേതാവോ ആയ അച്യുതാനന്ദനെ ഇഷ്ടപ്പെടാത്ത ആളുകൾ അനേകമുണ്ടാകും. എന്നാൽ വി എസ് എന്ന പ്രതിപക്ഷ നേതാവിനെ ഒരിക്കലെങ്കിലും നെഞ്ചേറ്റി ലാളിക്കാത്ത ആരും രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളിൽ ഉണ്ടാവില്ല. ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും അഴിമതിക്കാരെ നേരിടുന്നതിലും ഇത്ര വീറും വാശിയും കാട്ടിയ വേറെ ഏതെങ്കിലും നേതാക്കളുണ്ടോ... സംശയമാണ്.

ഇക്കാര്യത്തിൽ രാജ്യമാകെ പരിശോധിച്ചാലും അദ്വിതീയനാണ് വി എസ്. നിയമസഭയിൽ മാത്രമല്ല, നീതിപീഠങ്ങൾ മുമ്പാകെയും പ്രശ്നങ്ങൾ ഉന്നയിച്ച് ന്യായമായ തീർപ്പിലെത്തിക്കുന്നതിന് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ശുഷ്കാന്തി പുലർത്തി. ഇക്കാര്യത്തിൽ താരതാമ്യപ്പെടുത്താൻ മറ്റൊരു നേതാവുമില്ല.

സംസ്ഥാനരാഷ്ട്രീയത്തിൽ വി എസ് അച്യുതാനന്ദന്റെ കാലം കഴിഞ്ഞു എന്ന് പല സന്ദർഭങ്ങളിൽ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് പ്രചാരവേല നടത്തിയിട്ടുണ്ട്. സി പി ഐ - എമ്മിൽ മാത്രമല്ല പൊതുജനങ്ങളിലും അങ്ങനെ ആശങ്ക പ്രകടമായ സന്ദർഭങ്ങൾ ധാരാളം. പാർട്ടിയിൽ രൂക്ഷമായ ഭീഷണിയുയർത്തിയ എം വി രാഘവനെയും കൂട്ടരെയും പുറത്താക്കേണ്ടിവന്ന ഘട്ടത്തിലും വി എസിനെ ഒറ്റപ്പെടുത്തിയായിരുന്നു അവരുടെ അധിക്ഷേപം.


ഇടതുപക്ഷ - ജനാധിപത്യ മുന്നണിയിലേക്ക് വരാൻ ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് കാലോങ്ങിനിന്ന അവസരത്തിലും വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ ആശയസ്ഥൈര്യം,ലാവ് ലിൻ കേസുമായി ബന്ധപ്പെട്ട ഭിന്നസ്വരം, ഐ എം എഫ് - എ ഡി ബി വായ്പപോലുള്ള വിദേശഫണ്ട് സ്വീകരിക്കുന്നതിലെ വേറിട്ട അഭിപ്രായം, നേതൃത്വത്തിന്റെ അനിഷ്ടസമീപനത്തിൽ സഹികെട്ട് ആലപ്പുഴ പാർട്ടി സംസ്ഥാനസമ്മേളനത്തിന്റെ സമാപന നാളിലെ വിട്ടുനിൽക്കൽ എന്നിങ്ങനെ കത്തിപ്പടർന്ന ഒട്ടേറെ വിവാദങ്ങളും ഓർമ്മയിലുണ്ട്.

ചുറ്റുപാടും കണ്ട അനീതികൾക്കെതിരേ മാത്രമല്ല, താൻകൂടി പാടുപെട്ട് വളർത്തി വലുതാക്കിയ പാർട്ടിക്കകത്തും തെറ്റുകൾക്കെതിരേ വിരൽചൂണ്ടി. സ്ഥാനമാന നഷ്ടഭീതിയില്ലാതെ സന്ധിയില്ലാത്ത എതിർപ്പുയർത്തി. ഇടവേളയില്ലാത്ത അടർക്കളത്തിൽ ഒന്നൊന്നര പുരുഷായുസ്സ് ... നാടിന്റെ നാനാവിധ പരിവർത്തനങ്ങൾക്ക് സാക്ഷിയായും ചുക്കാൻ പിടിച്ചും നീണ്ട എട്ടുപതിറ്റാണ്ടുകൾ ... അതിനിടെ ചിലപ്പോഴെങ്കിലും പാർട്ടിയുടെ അച്ചടക്ക നടപടികൾക്കും ഇരയായി. ശാസനകളും സസ്പെൻഷനും പി ബിയിൽനിന്ന് മാറ്റിനിർത്തലും വരെ . ഇത്ര സമരനിർഭരമായ പൊതുജീവിതം അവകാശപ്പെടാവുന്ന നേതാക്കൾ രാജ്യത്ത് ചുരുക്കമാണ്.


ആരോഗ്യ കാരണങ്ങളാൽ തീരേ വയ്യാതായതോടെയാണ് വി എസ് സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയത്. നാലുവർഷമായി പൊതുവേദികളിൽ ആ വലിയ ശബ്ദത്തിന്റെ മുഴക്കമില്ല. അസൂയ ജനിപ്പിക്കുന്ന സമർത്ഥമായ ഇടപെടലുകളുമില്ല. വേണ്ടിടത്ത് ആരെയും വിമർശിക്കാനും തിരുത്താനും തയ്യാറാവുന്ന ചങ്കൂറ്റമുള്ള ആ വാക്കുകളുടെ അഭാവം പൊതുസമൂഹം ഇപ്പോൾ തിരിച്ചറിയുകയാണ്.

ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പാരമ്യദശയിലാണ് അച്യുതാനന്ദൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുന്നത്. ആലപ്പുഴ ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു അപ്പോൾ. അവിടെനിന്നാണ് ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തുന്നത് ; 1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ ആ കൗമാരക്കാരൻ പിന്നീട് പല പടവുകൾ കയറി.

അവിഭക്ത പാർട്ടിയിൽതന്നെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുംവരെയായി. യഥാക്രമം 1956, 1958 വർഷങ്ങളിൽ . നയപരമായ അഭിപ്രായവ്യത്യാസം മുറുകിയപ്പോൾ പിന്നെ ഇടതു ചേരിയിലേക്ക് . വലതുപക്ഷത്തിന്റെ പിടിയിലമർന്ന പാർട്ടി ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളിൽ അച്യുതാനന്ദനും മുന്നിലുണ്ടായിരുന്നു.

1964 ൽ സി പി ഐ (എം) രൂപീകരിച്ചപ്പോൾ തുടക്കത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി . ക്രമേണ ഉയർന്ന് സി സി യിൽനിന്ന് പൊളിറ്റ് ബ്യൂറോവിൽ. 1980 മുതൽ 91 വരെ സംസ്ഥാന സെക്രട്ടറിയും . ഇന്ന് ഇന്ത്യയിലെ മാത്രമല്ല, സാർവദേശീയമായി നോക്കിയാലും ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവാണ്. ദേശീയതലത്തിൽ കേരളത്തിന്റെ സംഭാവനയായി ഉയർന്നുവന്നവരിൽ പി കൃഷ്ണപിള്ള , ഇ എം എസ് നമ്പൂതിരിപ്പാട് , എ കെ ഗോപാലൻ, ഇ കെ നായനാർ, സി അച്യുതമേനോൻ എന്നിവർക്കൊപ്പം തലയെടുപ്പുള്ള ഒന്നാം നിരക്കാരൻ .


കേരളത്തിലായാലും ഇതര സംസ്ഥാനങ്ങളിലായാലും മിക്ക ജനനേതാക്കളും വിപുലമായ പൊതുസ്വീകാര്യത നേടിയത് അധികാരത്തിന്റെ മുഖ്യശ്രേണിയിൽ വന്നതോടെയാണ്. അവരിൽ പലരെയും അളവറ്റ മാധ്യമ പരിലാളനയും പിന്തുണയും നന്നായി അനുഗ്രഹിച്ചിട്ടുണ്ടുതാനും. എന്നാൽ വി എസിനെ പരിഹസിക്കാനാണ് ഇവിടെ മുഖ്യധാരാ മാധ്യമങ്ങൾ പലതും മത്സരിച്ചിരുന്നത്. മാതൃഭൂമിയേ ചില അവസരങ്ങളിലെങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകിയിട്ടുള്ളൂ.

എന്നിട്ടും 80 പിന്നിട്ടശേഷവും ഏറ്റവും ജനപ്രിയനും "ക്രൗഡ് പുള്ള "റുമായ പ്രതിപക്ഷ നേതാവായി അദ്ദേഹം തിളങ്ങി. വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ച 2006 - ൽ മാത്രമല്ല അതിന്റെ പ്രതിഫലനം കണ്ടത്. തുടർവാഴ്ചയുടെ വക്കോളമെത്തിയ നേരിയ വ്യത്യാസം കുറിച്ച 2011 - ലെ തെരഞ്ഞെടുപ്പുഫലത്തിലും മത്സര രംഗത്തെ വി എസ് ഘടകത്തിനുതന്നെ ആയിരുന്നു മുൻതൂക്കം.

മുഖ്യമന്ത്രി ആയപ്പോൾ ആ മൊഴിയൊതുക്കത്തിന് മൂർച്ചയും വശ്യതയും അല്പം കുറയുകയായിരുനു. അതേ, മികച്ച ഭരണാധികാരി എന്നതിലുപരി സ്ഥാപിത താല്പര്യങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത പ്രക്ഷോഭനായകനായാണ് വി എസിനെ ചരിത്രം അടയാളപ്പെടുത്തുന്നത്.

പുന്നപ്ര - വയലാർ സമര സംഘാടനം മുതൽ സഹിക്കേണ്ടിവന്ന പൊലീസ് പീഡനങ്ങൾ , അറസ്റ്റ്, ജയിൽ ശിക്ഷ (1946-48), പാർട്ടി നിരോധിക്കപ്പെട്ട കാലത്തെ ഒളിവിലും തെളിവിലുമായുള്ള സാഹസിക പ്രവർത്തനങ്ങൾ (1948- 52 ), കുപ്രസിദ്ധമായ "വിമോചന "സമരനാളുകളിലെ സംഘർഷം (1959 ) ഇന്ത്യ- ചൈന യുദ്ധവേളയിലെ കരുതൽ തടങ്കൽ (1962-63) അടിയന്തരാവസ്ഥയിലെ ചെറുത്തുനില്പ് - ജയിൽവാസം (1975-77) . അങ്ങനെ എത്രയെത്ര തീക്ഷ്ണാനുഭവങ്ങൾ ...

#vsachuthanandan #kvkunjiraman

Next TV

Related Stories
#WorldSocialDevelopmentSummit | ലോകത്തിന്  വിശക്കുന്നു ...  സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ

Oct 13, 2024 09:13 PM

#WorldSocialDevelopmentSummit | ലോകത്തിന് വിശക്കുന്നു ... സാമൂഹ്യ സുരക്ഷ വലയം ഇല്ലാത്ത ലോകം; ലോക സാമൂഹ്യ വികസന ഉച്ചകോടിയിൽ പ്രതീക്ഷ

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിക്ക് മുമ്പായി ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം 2024ലെ ലോക സാമൂഹ്യ...

Read More >>
#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

Jul 26, 2024 03:55 PM

#bear | വീടിന് പുറത്ത് അസാധാരണ ശബ്ദം, പരിശോധിക്കാനെത്തിയ വീട്ടുകാർ കണ്ടത് കാറിനുള്ളിലും പുറത്തും കരടികളെ

വ്യാഴാഴ്ച രാവിലെ കാറിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളിൽ കരടികളെ...

Read More >>
#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

Jul 20, 2024 09:51 AM

#PrakashBabu | 'ഞാൻ നേടി അച്ഛാ.... പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...' ബിജെപി നേതാവ് പ്രകാശ് ബാബുവിന് ഒന്നാം റാങ്ക്

കഴിഞ്ഞ രണ്ട് വർഷം ഞങ്ങൾക്ക് ലഭിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ഷീന ഷുക്കൂർ, കോളജിലെ അധ്യാപകർ ഇവർ തന്ന...

Read More >>
#smartphones | സ്മാർട്ട് ഫോൺ  അമിത ഉപയോഗം പുതുതലമുറയിൽ  'കൊമ്പ് ' മുളക്കുന്നതായി  പഠനങ്ങൾ

Jul 15, 2024 09:18 AM

#smartphones | സ്മാർട്ട് ഫോൺ അമിത ഉപയോഗം പുതുതലമുറയിൽ 'കൊമ്പ് ' മുളക്കുന്നതായി പഠനങ്ങൾ

കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം അവരിൽ രക്താർബുദ സാധ്യത വളരെ കൂടുതലാക്കുന്നു എന്നും ചില പഠനങ്ങളിൽ...

Read More >>
#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്

Jul 8, 2024 10:59 AM

#BharatSancharNigamLtd | അതിവേഗം മാറുന്ന ഭാരതം - ബഹുദൂരം മാറാത്ത ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡ്

എൻട്രി ലെവൽ റീചാർജ് 249 രൂപയാണ് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി സ്വകാര്യ കമ്പനികൾ നൽകുന്നതെങ്കിൽ BSNL 107 രൂപക്ക് 35 ദിവസത്തെ വാലിഡിറ്റിയോടുകൂടി സേവനം...

Read More >>
#DrVSanalkumar | പ്രാചീന ചേരനാടിനെക്കുറിച്ചുളള പുത്തൻ കണ്ടെത്തലുകളുടെ ഗ്രന്ഥരചന പൂർത്തീകരിച്ച് പ്രാചീന ചരിത്ര ഗവേഷകൻ ഡോ. വി. സനൽകുമാർ

Jun 28, 2024 02:51 PM

#DrVSanalkumar | പ്രാചീന ചേരനാടിനെക്കുറിച്ചുളള പുത്തൻ കണ്ടെത്തലുകളുടെ ഗ്രന്ഥരചന പൂർത്തീകരിച്ച് പ്രാചീന ചരിത്ര ഗവേഷകൻ ഡോ. വി. സനൽകുമാർ

ഇതിനു പുറമെ ആര്യഭടനടക്കമുള്ള ജ്യോതി ശാസ്ത്ര പണ്ഡിതരുടെ ചേരനാടുമായുള്ള ബന്ധം, ഇനിയും ഉത്തരം കിട്ടാത്ത ചേരനാട്ടിലെ കൊല്ലവർഷത്തിൻ്റെ ആരംഭത്തെയും...

Read More >>
Top Stories