---
title: "തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ ഭാര്യയും"
english_title: "The ex-minister's wife also fulfilled her dream of going home to sleep"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/237/the-ex-ministers-wife-also-fulfilled-her-dream-of-going-home-to-sleep"
published_at: "2021-09-24T13:41:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d88dd14c5d_minister wife.jpg"
keywords: []
---

# തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായി മുൻ മന്ത്രിയുടെ ഭാര്യയും

> **Lead Summary:** **തിരുവനന്തപുരം : **വിദേശ പണത്തിൻ്റെ പേരിൽ സാധാരണക്കാരൻ്റെ സ്വപ്നമായ ലൈഫ് പദ്ധതിയെ വിവാദത്തിൽ മുക്കുമ്പോൾ തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായതിൻ്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ്സ് നേതാവായ മുൻ മന്ത്രിയുടെ ഭാര്യയും ‘‘വളരെ സന്തോഷം.

## Article Content

**തിരുവനന്തപുരം : **വിദേശ പണത്തിൻ്റെ പേരിൽ സാധാരണക്കാരൻ്റെ സ്വപ്നമായ ലൈഫ് പദ്ധതിയെ വിവാദത്തിൽ മുക്കുമ്പോൾ തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായതിൻ്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ്സ് നേതാവായ മുൻ മന്ത്രിയുടെ ഭാര്യയും ‘‘വളരെ സന്തോഷം.

സർക്കാരിനോടും നഗരസഭയോടും നന്ദിപറയാൻ വാക്കുകളില്ല’’. തലചായ്‌ക്കാൻ വീടെന്ന സ്വപ്‌നം സഫലമായപ്പോൾ, കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ പി കെ വേലായുധന്റെ ഭാര്യ ഗിരിജയുടെ വാക്കുകളിൽ ആഹ്ലാദം നിറഞ്ഞു. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം കോർപ്പറേഷനാണ്‌‌ മുൻ മന്ത്രിയുടെ ഭാര്യക്ക്‌ ഫ്‌ളാറ്റ്‌ അനുവദിച്ചത്‌. ‘വാടകവീട്ടിൽ മാറി മാറിയായിരുന്നു താമസം.

കോൺഗ്രസ്‌ ഭരിച്ചപ്പോൾ പോലും എന്റെ അപേക്ഷ കേട്ടില്ല. എന്താവശ്യമുണ്ടെങ്കിലും പാർടിക്കാരെ അറിയിച്ചാൽ മതി; അവർ സഹായിക്കുമെന്നാണ്‌ മരിക്കുംമുമ്പ്‌ അദ്ദേഹം പറഞ്ഞത്‌. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ വീടിനായി സമീപിച്ചു; ഒന്നും കിട്ടിയില്ല. കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരനെ കണ്ടും സങ്കടം പറഞ്ഞു. സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി വീട്‌ നൽകണമെന്ന്‌ സുധീരൻ ഉമ്മൻചാണ്ടിക്ക്‌ കത്ത്‌ നൽകി. ഒന്നും നടന്നില്ല. വാടകവീട്‌ തന്നെയായി ആശ്രയം. കൂട്ടിന്‌ അസുഖങ്ങളും.

മുൻമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ എംഎൽഎ ഹോസ്‌റ്റലിൽ ക്ലിനിക്കിൽ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ ജീവിതസാഹചര്യങ്ങൾ ഡോക്ടറോട്‌ പറഞ്ഞു. ഡോക്ടറാണ്‌ മന്ത്രി എ കെ ബാലന്‌ വിവരം കൈമാറുന്നത്‌. തുടർന്ന്‌ മന്ത്രി വിളിപ്പിച്ചു; തിരുവനന്തപുരം നഗരസഭ വീട്‌ നൽകുമെന്നും അറിയിച്ചു. ‘‘ഇത്രവേഗം എന്റെ ആവശ്യം നിറവേറ്റുമെന്ന്‌ സത്യം പറഞ്ഞാൽ ഞാൻ വിശ്വസിച്ചില്ല’’–- -ഗിരിജ ചിരിച്ചു.

നഗരസഭയുടെ കല്ലടിമുഖത്തെ ഭവന സമുച്ചയത്തിലാണ്‌ ഫ്‌ളാറ്റ്‌. നിലവിൽ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ്‌ ഗിരിജയുടെ താമസം. 1982 ലെ കെ കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്നു പി കെ വേലായുധൻ. 2003 ൽ മരിക്കുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/237/the-ex-ministers-wife-also-fulfilled-her-dream-of-going-home-to-sleep)