Jul 30, 2025 08:43 PM

കണ്ണൂര്‍: ( www.truevisionnews.com) ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേക്കും ലഡുവുമായി തന്‍റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം പാംപ്ലാനി തുറന്നടിച്ചു.

വിഷയത്തിൽ എം വി ഗോവിന്ദൻ പക്കാരാഷ്ട്രീയം പറയുകയാണ്. എന്നാൽ, ഛത്തീസ്ഗഡിൽ സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത സംഭവത്തെ സഭ രാഷ്ട്രീയമായി കാണുന്നില്ല. ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിലും അധികാരത്തിന്‍റെ തണലിലും സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടുകയാണ്. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ല.

കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നത്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന നാടകം ഇനിയും വിശ്വസിക്കില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു.  കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട.. എന്ന് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു കണ്ണൂരിൽ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാറിന് കടുത്ത മുന്നറിയിപ്പുമായാണ് ക്രൈസ്തവ സഭാ നേതൃത്വം തെരുവിലിറങ്ങിയത്. കണ്ണൂരിലെ പ്രതിഷേധത്തിന് പുറമെ തിരുവനന്തപുരത്ത് വിവിധ സഭകള്‍ സംയുക്തമായി രാജ്ഭവൻ മാര്‍ച്ച് നടത്തി.

വാ മൂടികെട്ടിയായിരുന്നു പ്രതിഷേധ ധര്‍ണ. ഇതെല്ലാം കണ്ട് സുവിശേഷം മടക്കിവെക്കുമെന്ന് കരുതേണ്ടെന്ന് തലസ്ഥാനത്തെ പ്രതിഷേധ പൊതുയോഗത്തിൽ കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ തുറന്നടിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് വാ മൂട് കെട്ടിയുള്ള രാജ്ഭവൻ മാർച്ചിന് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും ആർച്ച് ബിഷപ്പുമാരായ തോമസ് ജെ നെറ്റോയും മാർ ജോസഫും തറയിലുമാണ് നേതൃത്വം നൽകിയത്. സിസ്റ്റർമാർക്ക് നീതി കിട്ടിയിട്ട് മതി ഇനി ചായകുടിയെന്ന് രാവിലെ ബിജെപി നേതൃത്വത്തോട് പറഞ്ഞ കർദ്ദിനാൾ മാർച്ചിലും കടുത്ത നിലപാട് തുടര്‍ന്നു.

arrest of malayali nuns catholic congress protest kannur archbishop pamplany

Next TV

Top Stories










//Truevisionall