മുംബൈ: (truevisionnews.com) മുംബൈയിൽ ഭർത്താവിനെയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ഗോരേഗാവിൽ ജവഹർ നഗറിലെ ടോപ്പിവാല മാൻഷന് മുന്നിലെ റോഡിലാണ് ഇതേ ഫ്ലാറ്റിലെ താമസക്കാരനായ 58 കാരനായ കിഷോർ പെഡ്‌നേക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികളാണ് കിഷോറിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരമറിയിക്കാനായി അപ്പാർട്ട്മെന്‍റിലെത്തിയപ്പോഴാണ് ഇയാളുടെ ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കിഷോർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കിഷോർ താമസിച്ചിരുന്ന ഫ്ലാറ്റിന് തൊട്ടടുത്തുള്ള റോഡിലാണ് ഇയാളെ പ്രദേശവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിം ഉപകരണങ്ങൾ വിൽക്കുന്ന കിഷോർ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. കിഷോറിന്‍റെ മൃതദേഹം കണ്ടെത്തിയതോടെ വിവരം ഭാര്യ രാജശ്രീയെ അറിയിക്കാനായി അയൽവാസികൾ ഫ്ലാറ്റിലെത്തി.
എന്നാൽ എത്ര വിളിച്ചിട്ടും രാജശ്രീ വാതിൽ തുറന്നില്ല. ഇതിനിടെയാണ് കിഷോറിന്‍റെ മൃതദേഹത്തിൽ കഴുത്തിൽ വീടിന്‍റെ താക്കോൽ ലോക്കറ്റായി തൂക്കിയിട്ടത് കണ്ടത്.
പൊലീസെത്തി ഫ്ലാറ്റ് തുറന്നപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന രാജശ്രീയെ ആണ്. തെറാപ്പിസ്റ്റായ രാജ്രശ്രീ(57) കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ നടത്തിയ പരിശോധനയിൽ വിഷാദരോഗത്തിനും പ്രമേഹത്തിനുമുള്ള നിരവധി മരുന്നുകൾ പൊലീസ് കണ്ടെത്തി. വിഷാദ രോഗത്തിന് അടിമയായ കിഷോർ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്നും ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അന്വേഷണത്തിൽ ദില്ലിയിലുള്ള മകന് മുംബൈയിലേക്ക് വരാനായി കിഷോർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൌണ്ടുകളെപ്പറ്റിയുള്ള വിശദാംശങ്ങൾ ബന്ധുവിന് കിഷോർ വാട്ട്സ്ആപ്പിൽ അയച്ചിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#man #lying #dead #road #house #key #neck #Reached #flat #dead #mystery