തിരുവനന്തപുരം: (truevisionnews.com) നഗരസഭയുടെ ശുചീകരണത്തൊഴിലാളി ജോയിയെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായിട്ട് 28 മണിക്കൂർ പിന്നിടുന്നു.
വർഷങ്ങളുടെ പഴക്കമുള്ള മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ പ്രതീക്ഷയുടെ നേരിയ തുമ്പിനായുള്ള തെരച്ചിലിലാണ് ദൗത്യസംഘം. ജീവന്റെ തുടിപ്പ് ബാക്കിയെങ്കിൽ രക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് രക്ഷാപ്രവർത്തകർ.
നാവികസേന രക്ഷാപ്രവർത്തനത്തിനായി ഉടനെത്തുമെന്നാണ് വിവരം. എന്നാൽ ഇവരെത്തിയാലും ഇവർക്ക് തെരച്ചിൽ നടത്തുന്നതിനായി മാലിന്യം മുഴുവൻ മാറ്റുക എന്നത് പ്രായോഗികമല്ല.
അത്രത്തോളം മാലിന്യമാണ് തോടിന്റെ ടണലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. ജോയിയെ കാണാതായ സ്ഥലത്തെ മാലിന്യം പോലും ഇതുവരെ പൂർണമായും നീക്കം ചെയ്യാനായിട്ടില്ല എന്നിരിക്കെ, 150 മീറ്റർ നീളമുള്ള തോടിന്റെയും സമാന്തര ടണലുകളിലെയും മാലിന്യം നീക്കി എങ്ങനെ തെരച്ചിൽ നടത്തും എന്നതാണ് ആശങ്ക.
ജോയിക്ക് അപകടം സംഭവിച്ച ഭാഗത്തെ മാലിന്യം നീക്കാൻ മാത്രം 24 മണിക്കൂറാണ് വേണ്ടിവന്നത്. ടണലിനുള്ളിൽ കയറി ഇതുവരെ മാലിന്യനീക്കം നടന്നിട്ടുണ്ടോ എന്ന് പോലും വ്യക്തവുമല്ലെന്നിരിക്കെ ഇതിന് വേണ്ടി വന്നേക്കാവുന്ന സമയവും വെല്ലുവിളിയാണ്.
കല്ലുപോലെ ഉറച്ച ഈ മാലിന്യം നീക്കം ചെയ്യുന്നതിന് സൂപ്പർ സക്കർ മെഷീനേർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന് പരിധിയുണ്ട് എന്നുള്ളതാണ് ആശങ്ക.
ഇന്നലെ രാവിലെ 11.30ഓടെയാണ് ജോയി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയത്. 1500 രൂപയായിരുന്നു പ്രതിഫലം. ജോയി ഉൾപ്പടെയുള്ള ഏതാനും തൊഴിലാളികളെ ഏൽപ്പിച്ച ജോലിയാണ് ഇന്നൊരു വലിയ സംഘം ചെയ്യുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇതിനിടെ അഞ്ചാം പ്ലാറ്റ്‌ഫോമിലെ മാൻഹോളിൽ ഇറങ്ങിയ സ്‌കൂബ ടീം തിരിച്ചിറങ്ങിയതായാണ് വിവരം. ഉള്ളിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ ദുഷ്‌കരമാണെന്നാണ് സംഘം അറിയിക്കുന്നത്. വെള്ളം പമ്പ് ചെയ്തുകൊണ്ട് ചെളി നീക്കിയ ശേഷം വീണ്ടും തെരച്ചിൽ നടത്താനാണ് തീരുമാനം.
#1500 #rupees #Joey #went #turtle #market #Rock #solid #garbage #years #old.