Jun 28, 2024 08:29 AM

ന്യൂഡല്‍ഹി:(truevisionnews.com) ഹൈക്കോടതി വിധിക്കെതിരെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ടിപി കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‌

ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നതാണ് പ്രതികളുടെ ആവശ്യം. ‌കഴിഞ്ഞ 12 വ‍ർഷമായി തങ്ങൾ ജയിലിലാണെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു.

ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണൻ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹർജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു.

ടി പി വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാർശയിൽ വിവാ​ദങ്ങൾ കനക്കുന്നതിനിടെയാണ് പ്രതികളുടെ നീക്കം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്.

സർക്കാർ നിർദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാൽ ശുപാർശ വിവാദമായതോടെ മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

#TP #case #accused #Supreme #Court #against #High #Court #verdict; #petition #questioned #double #life #sentence

Next TV

Top Stories