ഇസ്ലാമാബാദ്: (truevisionnews.com) സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവെന്ന പരാമര്‍ശം നടത്തിയ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ വിവാദത്തില്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയത്. ജോലിക്കുപോയിത്തുടങ്ങിയതോടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ച സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയെന്നും അന്‍വര്‍ പറയുന്നുണ്ട്.
''സ്ത്രീകള്‍ എന്നുമുതല്‍ ജോലിക്ക് പോയി തുടങ്ങിയോ അന്നുമുതല്‍, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പാകിസ്താനില്‍ വിവാഹമോചന നിരക്ക് 30 ശതമാനം വര്‍ധിച്ചു. നിങ്ങള്‍ക്കൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാര്‍ പറയുന്നു.
സ്വയം സമ്പാദിക്കാനാകുമെന്നും തനിച്ച് വീട്ടുകാര്യങ്ങളെല്ലാം നോക്കാനാകുമെന്നും അവര്‍ പറയുന്നു. ഇതൊരു വലിയ ഗെയിം പ്ലാനാണ്. നല്ല മാര്‍ഗനിര്‍ദേശം ലഭിക്കുന്നതുവരെ നിങ്ങള്‍ക്ക് (പുരുഷന്‍മാര്‍ക്ക്) ഈ ഗെയിം പ്ലാന്‍ മനസിലാകില്ല.'' - അന്‍വര്‍ വീഡിയോയില്‍ പറയുന്നു.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഒരു ഓസ്ട്രേലിയന്‍ മേയറും സമാനമായ ആശങ്കകള്‍ തനിക്ക് മുന്നില്‍ പ്രകടിപ്പിച്ചതായും അന്‍വര്‍ അവകാശപ്പെട്ടു.
സ്ത്രീകള്‍ ജോലിക്ക് പോയിത്തുടങ്ങിയതോടെ സംസ്‌കാരം തകര്‍ന്നുവെന്ന് ഓസ്‌ട്രേലിയന്‍ മേയര്‍ പറഞ്ഞതായാണ് അന്‍വറിന്റെ അവകാശവാദം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് സയീദ് അന്‍വറിനെതിരേ ഉയരുന്നത്.
#Divorces #increased #as #women #went #to #work #Former #Pakistan #player #with #hate #speech