കൊല്ലം: ( www.truevisionnews.com ) കെ.കെ. ശൈലജയുടെ മോര്‍ഫ് ചെയ്ത പോസ്റ്ററും വീഡിയോയും യു.ഡി.എഫ്. തയ്യാറാക്കിയെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതിന്റെ ജാള്യം മറയ്ക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ എല്‍.ഡി.എഫ്. നേതാക്കള്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മോര്‍ഫ് ചെയ്തു എന്ന് പറയപ്പെടുന്ന പോസ്റ്റര്‍ ആരും കണ്ടിട്ടില്ല. പി.ആര്‍. ഏജന്‍സികള്‍ വഴി അത് തയ്യാറാക്കേണ്ട സ്ഥിതിയാണ് എല്‍.ഡി.എഫിനിപ്പോള്‍. വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയുടെ അവസ്ഥയിലാണ് മുഖ്യമന്ത്രി.
പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒട്ടേറെ കേസുകളില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരേ എന്തുകൊണ്ട് ഇ.ഡി. നോട്ടീസ് നല്‍കുന്നില്ല എന്നാണ് അദ്ദേഹം ചോദിച്ചതെന്നും സതീശന്‍. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിക്കുന്ന മോദിക്കും പിണറായിക്കും ഒരേസ്വരമാണ്.
ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളും എന്‍.ഡി.എ. തൂത്തുവാരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് ബി.ജെ.പിയെ സഹായിക്കാനാണ്. 'ഇന്ത്യ' മുന്നണിയേക്കേള്‍ സി.പി.എമ്മിനു യോജിച്ചത് എന്‍.ഡി.എയാണ്. തിരുവനന്തപുരം രൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംസ്ഥാന പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
വിഴിഞ്ഞം സമരത്തില്‍ തീവ്രനിലപാടുകാരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. അതിനാലാണ് അദാനിയുടെ തുറമുഖപദ്ധതിക്കെതിരെ ശബ്ദിച്ചത്. വിദ്വേഷത്തിന്റെ വിഷവിത്ത് പാകുന്ന നടപടിയാണ് പ്രചാരണത്തില്‍ മോദി നടത്തുന്നത്.
മോദിയുടെ ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നതു ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമായതിന്റെ ലക്ഷണമാണ്. ബി.ജെ.പി.ക്ക് ഇടമൊരുക്കിനല്‍കാനാണ് പൂരത്തിലെ പോലീസ് അഴിഞ്ഞാട്ടത്തിലൂടെ സി.പി.എം. ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിക്ക് പൗരത്വപ്രേമമാണ്. പൗരത്വനിയമ ഭേദഗതി കേന്ദ്ര ലിസ്റ്റിലുള്ള വിഷയമാണ്. അത് നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. കേരളത്തില്‍ എല്‍.ഡി.എഫ്. ഒരുസീറ്റ് പോലും നേടില്ല. 19 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മിന് എന്തിനാണു പ്രകടനപത്രികയെന്നും സതീശന്‍ ചോദിച്ചു.
#cpm #pinarayivijayan #tried #play #vatakara #fake #video #issue #says #vdsatheesan