വർക്കല: (truevisionnews.com) ബി.ജെ.പി വീണ്ടും ജയിച്ച് അധികാരത്തിൽ വന്നാൽ ഒരുപക്ഷേ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ.

വർക്കലയിൽ വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ജനാധിപത്യ വിശ്വാസികളല്ല. സതി സമ്പ്രദായത്തിന് വേണ്ടി വാദിക്കുന്നവരും സ്ത്രീ സ്വാതന്ത്ര്യം പോലും അംഗീകരിക്കാത്തവരുമാണ്.
അതുകൊണ്ടാണ് രാഷ്ട്രപതിയെപ്പോലും ഇവർ അവഹേളിക്കുന്നത്. അധികാരത്തിനുവേണ്ടി ബി.ജെപി മതത്തെ വർഗീയവൽക്കരിച്ചു. ബി.ജെ.പിയും കേന്ദ്ര സർക്കാരും ചേർന്ന് മുസ്ലിം,ക്രിസ്ത്യൻ,പിന്നാക്ക ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. ഇത് അടുത്തെങ്ങും അവസാനിക്കുമെന്ന് കരുതാനാവില്ല.
ഈ അരാചകത്വത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വർഗീയ, ഫാഷിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കണം. അതിന് ഇടതുചേരി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ ന്യൂനത ഇടതുപക്ഷത്തിന്റെ ആൾബലം പാർലമെന്റിൽ കുറഞ്ഞതാണ്. ഇടതിന് പാർലമെന്റിൽ ശക്തിയുണ്ടായിരുന്നപ്പോഴാണ് ഒട്ടേറെ നല്ല വികസന പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ തോൽപ്പിക്കാനാണോ..? അതിന് ഇവിടെ ഞങ്ങളുണ്ടല്ലോ.
അപ്പോൾ യു.ഡി.എഫ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. ഇവർ ജയിച്ചുവന്നാലോ പണം വാങ്ങി ബി.ജെ.പിയിലേക്ക് പോകുന്നവരാണ്.
കോൺഗ്രസിലെ വലിയ നേതാക്കളെല്ലാം ബി.ജെ.പി യിലാണിപ്പോൾ. കോൺഗ്രസ് നേതൃത്വമില്ലാതെ ദുർബലമായെന്നും ജയരാജൻ കുറ്റപ്പെടുത്തി. കെ.എം.ലാജി അധ്യക്ഷത വഹിച്ചു. ബി.പി.മുരളി, അഡ്വ.എസ്.ഷാജഹാൻ, മടവൂർ അനിൽ, വി.മണിലാൽ, എം.കെ.യൂസുഫ്, വി.രഞ്ജിത്ത്, സുനിൽ എന്നിവർ സംസാരിച്ചു.
#BJP #wins #again #won't #another #election #EPJayarajan
