ഗാസ സിറ്റി: (truevisionnews.com) ആഹാരത്തിന് കാത്തുനിന്നവർക്കിടയിലേക്ക് ബോംബ് വർഷിച്ച ഇസ്രയേലിന്റെ നടപടി ഗുരുതര യുദ്ധക്കുറ്റമെന്ന് പലസ്തീൻ പ്രസിഡൻ്റ് മഹമൂദ് അബാസ്. മനുഷ്യത്വരഹിതമായ പ്രവർത്തിയെന്ന് ഈജിപ്തും ജോർദാനും പ്രതികരിച്ചു.
പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ കഴിയുന്നില്ലെന്നാണ് റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നത്. വ്യോമാക്രമണത്തൽ പരിക്കേറ്റവർ ചികിത്സ കിട്ടാതെ നരകിക്കുകയാണ്. ഗുരുതര പരിക്കേറ്റവർക്കും പ്രാഥമിക ശുശ്രൂഷ മാത്രമാണ് നൽകാനാവുന്നതെന്നും റെഡ‍് ക്രോസ് അറിയിച്ചു.
ചികിത്സ നൽകാൻ സൗകര്യങ്ങളില്ലെന്ന് അൽ ശിഫ ആശുപത്രിയും വ്യക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മരണം 104 ആയിരിക്കുകയാണ്. 760 പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അൽ റാഷിദ് തെരുവിൽ ഭക്ഷണത്തിന് വരിനിന്നവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 30,000 കടന്നു. എന്നാൽ ആക്രമണത്തെപ്പറ്റി അറിയില്ലെന്നാണ് ഇസ്രയേൽ സൈനിക വക്താവിന്റെ പ്രതികരണം.
ഇതിനിടെ നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കൻ ഗാസയിലെ ആശുപത്രികളിൽ ആറ് കുട്ടികൾ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ രണ്ട് കുട്ടികൾ മരിച്ചതായി മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.
വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതായും മറ്റ് ഏഴ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനത്തിൻ്റെ അഭാവം കാരണം ആശുപത്രിയുടെ പ്രവർത്തനം നിലച്ചെന്ന് കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൗത്ത് പറഞ്ഞു.
ചൊവ്വാഴ്ച ജബാലിയയിലെ അൽ-ഔദ ആശുപത്രിയും ഇതേ കാരണത്താൽ സർവീസ് നിർത്തിയിരുന്നു. അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ജനത്തെ വലയ്ക്കുന്നുണ്ട്. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീൻകാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.
#Israel #dropped #bombs #people #waiting #food #Gaza