ദില്ലി: (truevisionnews.com) കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി ആനി രാജ. വയനാട് മണ്ഡലം ആരുടെയും കുത്തകയല്ലെന്ന് ആനി രാജ പറഞ്ഞു. 5 വർഷത്തേക്കാണ് എംപിയെ ജയിപ്പിച്ചത്.

അതിനർത്ഥം മണ്ഡലം ആജീവനാന്തം അവർക്കെന്നല്ല. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് കോൺഗ്രസ് ഉറപ്പു വരുത്തണമെന്നും ആനി രാജ പറഞ്ഞു. ഇടത് പക്ഷത്തിനെതിരായ രാഹുൽ ഗാന്ധിയുടെ മത്സരം കഴിഞ്ഞ തവണ തന്നെ ചോദ്യം ചെയ്യപ്പെടണമായിരുന്നുവെന്നും ആനി രാജ പ്രതികരിച്ചു.
നിലവിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, വയനാട്ടില്‍ വീണ്ടും മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം കാത്ത് നിൽക്കുകയാണ് എഐസിസിസി നേതൃത്വം.
വയനാട് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുലിനായി തെലങ്കാന പിസിസി നല്‍ഗൊണ്ട മണ്ഡലം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അതൃപ്തി സിപിഎം ആവര്‍ത്തിച്ചു രംഗത്തെത്തുന്നുമുണ്ട്.
സുരക്ഷിത മണ്ഡലമായ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കുമോയെന്ന അഭ്യൂഹമാണ് സജീവമാകുന്നത്. ദേശീയ തലത്തില്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന തരത്തിലുള്ള പ്രചരണവും ശക്തമാകുന്നത്.
ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്ന സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ചേക്കേറുന്നുവെന്ന വിമര്‍ശനം ഉത്തരേന്ത്യയില്‍ ബിജെപി സജീവമാക്കുന്നുണ്ട്. അമേത്തിയില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുന്നുണ്ട്.
ഇന്ത്യ സഖ്യത്തിലെ കക്ഷിയായ സിപിഐ മത്സരത്തിനെത്തുമ്പോള്‍ സഖ്യത്തിന്‍റെ നായകരിലൊരാളായ രാഹുല്‍ അവര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നതും വിമര്‍ശന വിധേയമാകുന്നുണ്ട്. രാഹുല്‍ മത്സരിക്കുന്നതിനോട് സിപിഐക്ക് താല്‍പര്യമില്ല.
പോരാട്ടം ബിജെപിക്കെതിരെയാണെന്ന് പറഞ്ഞിട്ട് കേരളത്തിലെത്തി രാഹുല്‍ ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാകും നല്‍കുകയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചു.
ഇതിനിടെ, വയനാട് അല്ലെങ്കില്‍ കര്‍ണാടകയിലേക്കോ തെലങ്കാനയിലേക്കോ രാഹുല്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം, രാഹുല്‍ വയനാട്ടില്‍ നിന്ന് പോയാല്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനാവും.
#CPI #candidate #from #Wayanad #LokSabha #Constituency #AniRaja #criticized #Congress
