കോട്ടയം: (truevisionnews.com)തേങ്ങയിടീല്‍ യന്ത്രത്തില്‍നിന്ന് പിടിവിട്ട് തലകീഴായി തൂങ്ങി രണ്ട് കാലുകളും കുടുങ്ങി കിടന്നയാള്‍ക്ക് അദ്ഭുത രക്ഷ.
കോട്ടയം അഗ്‌നിരക്ഷാസേനാംഗങ്ങളാണ് രക്ഷകരായത്. ശനിയാഴ്ച വൈകീട്ട് 5.15-നാണ് സംഭവം. കോട്ടയം ചവിട്ടുവരി സൂര്യകാലടി മനയ്ക്ക് സമീപം ചെറുവള്ളിക്കാവിലുള്ള പ്രദീപിന്റെ പുരയിടത്തില്‍ തേങ്ങയിടാന്‍ കയറിയ റോബിന്‍ (56) ആണ് അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞ് കോട്ടയം അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. 75 അടി ഉയരമുള്ള തെങ്ങിലേക്ക് ഏണി ചാരിവച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുവിന്‍, റോപുമായി തെങ്ങിന്‍ മുകളിലേക്ക് കയറി. കയറും മരക്കഷണവുമുപയോഗിച്ച് തെങ്ങില്‍ പടങ്ങുകള്‍ കെട്ടി.
തൊട്ടു പുറകില്‍പുറകിലായി പടവില്‍ ചവിട്ടി സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിബു മുരളി, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.എന്‍.പ്രസാദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ബാസി എന്നിവര്‍ കൂടി തെങ്ങിന്‍ മുകളിലേക്ക് കയറി റോബിനരികിലെത്തി.
റോപ്പ് ഉപയോഗിച്ച് അദ്ദേഹത്തെ സുരക്ഷിതമായി നിര്‍ത്തി. തെങ്ങില്‍ ഹുക്ക് ഘടിപ്പിച്ച് റോബിന്റെ ശരീരത്തില്‍ ബെല്‍റ്റ് പോലെ കയര്‍ കെട്ടി സുരക്ഷിതമായി കാലുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റോബിനെ അതിസാഹസികമായി ഒരുമണിക്കൂറിനകം സേനാംഗങ്ങള്‍ താഴെയിറക്കി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ് ശങ്കര്‍, ഫയര്‍ വുമണ്‍ അനുമോള്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
#young #man #stuck #upside #down #coconut #tree #rescued #great #adventure