(truevisionnews.com) വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വർക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവർക്ക്. പല ഭക്ഷണങ്ങളും നമ്മൾ പൂർണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുൾപ്പെടുത്തുകയും ആവാം.

ഇത്തരത്തിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിലുൾപ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാൽ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുൾപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്.
ഫൈബർ മാത്രമല്ല ധാരാളം ജലാംശവും നമ്മുടെ ആരോഗ്യത്തിനാവശ്യമായ വിവിധ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു. വേറെയും ചില പ്രത്യേകതകൾ കൂടി ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുൾപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്നു. ക്യാരറ്റ്, നമുക്കറിയാം ഇളം മധുരമുള്ള രുചിയുള്ള പച്ചക്കറിയാണ്.
ഈ മധുരവും നമ്മെ സംതൃപ്തിപ്പെടുത്തുമത്രേ. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാൻ നോക്കുന്നതിൻറെ ഭാഗമായി മധുരം ഒഴിവാക്കുമ്പോൾ. വിശപ്പിനെ ശമിപ്പിക്കാനുള്ള കഴിവാണ് ക്യാരറ്റിൻറെ മറ്റൊരു പ്രത്യേകത. ഇതുമൂലം അമിതമായി മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാകുന്നു. ഇനി ക്യാരറ്റ് കൊണ്ടുള്ള സലാഡുകളിലേക്ക്. ഇവ എങ്ങനെ തയ്യാറാക്കമെന്ന് മനസിലാക്കാം.
ക്യാരറ്റും കുക്കുമ്പറും ചേർത്തുള്ള സലാഡിനെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്. കലോറി തീരെ കുറഞ്ഞ, ഫൈബറിനാലും ജലാംശത്താലും വൈറ്റമിനുകളും ധാതുക്കളാലുമെല്ലാം സമ്പന്നമായ സലാഡ് ആയിരിക്കും ക്യാരറ്റ്- കുക്കുമ്പർ സലാഡ്. ഇഷ്ടമുള്ള രീതിയിൽ ഇതിനായി ക്യാരറ്റും കുക്കുമ്പറും മുറിച്ചെടുക്കാം. ഡ്രസിംഗായി ചെറുനാരങ്ങാനീരോ, വിനാഗിരിയോ, തേനോ. ഒലിവ് ഓയിലോ എല്ലാം ഉപയോഗിക്കാം. കൂട്ടത്തിൽ ആവശ്യത്തിന് ഉപ്പും കുരുമുളകും. ആവശ്യമെങ്കിൽ മല്ലിയിലയും ഇതിലേക്ക് ചേർക്കാം.
അൽപം സ്പൈസൊക്കെ ഇഷ്ടമുള്ളവർക്ക് രസിക്കുന്ന സലാഡ് ആണ് അടുത്തത്. സ്പൈസി ക്യാരറ്റ് -ടൊമാറ്റോ സലാഡ്. പേരിൽ സൂചിപ്പിക്കുന്നത് പോലെ തക്കാളിയാണ് ക്യാരറ്റിനെ കൂടാതെ ഈ സലാഡിൽ പ്രധാന ചേരുവയായി ചേർക്കുന്നത്. ഗ്രേറ്റ് ചെയ്ത ക്യാരറ്റിനൊപ്പം ചെറുതായി മുറിച്ച തക്കാളിയും ചേർക്കണം. ഇനി ഇതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞതും, മുളകുപൊടിയും ചേർക്കാം. ആവശ്യത്തിന് ഉപ്പും. ചെറുനാരങ്ങാനീര്, ചാട്ട് മസാല, ജീരകപ്പൊടി, ഓയിൽ എന്നിങ്ങനെ ഇഷ്ടമുള്ളവ ഡ്രസിംഗായി ഉപയോഗിക്കാം.
ക്യാരറ്റിനൊപ്പം തന്നെ എപ്പോഴും പറയാറുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ക്യാരറ്റും ബീറ്റ്റൂട്ടും ചേർത്തുള്ളൊരു സലാഡാണ് അടുത്തത്. ആൻറി-ഓക്സിഡൻറ്സ്, മറ്റ് വിവിധ പോഷകങ്ങൾ എന്നിവയാലെല്ലാം സമ്പന്നമായിരിക്കും ഈ സലാഡ്. തുല്യമായ അളവിൽ ക്യാരറ്റും ബീറ്റ്റൂട്ടും ഗ്രേറ്റ് ചെയ്തെടുത്തോ, ചെറുതായി മുറിച്ചോ എടുത്ത് ഇതിലേക്ക് ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേർക്കാം. ഒപ്പം ഒലീവ് ഓയിലും, ആവശ്യത്തിന് ഉപ്പും കുരുമുളകും.
#Want #lose #weight #make #these #carrot #salads #regular
