ഇന്ത്യ-പാക് സംഘര്‍ഷം; പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

ഇന്ത്യ-പാക് സംഘര്‍ഷം;  പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു
May 9, 2025 11:03 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്നാണ് വിവരം.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്ലുപോലുള്ള ഒരു ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക യുഎഇ ബോര്‍ഡിനുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വെച്ചുപുലര്‍ത്തുന്നത്. ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇ യില്‍ വെച്ച് നടന്നിട്ടുണ്ട്.

ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റാനുള്ള തീരുമാനം പിസിബി കൈക്കൊള്ളുകയായിരുന്നു.

സംഘർഷം ശക്തമായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങള്‍ രംഗത്തെത്തിയതോടെ പിസിബി സമ്മര്‍ദത്തിലായി. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്‌സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലര്‍-കാഡ്‌മോര്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാര്‍ണര്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ഡെര്‍ ദസ്സന്‍ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്‌സാണ്‍ഡ്ര ഹാര്‍ട്ട്‌ലിയും ഇത്തവണ പിഎസ്എല്ലിന്റെ ഭാഗമായി പാകിസ്താനിലുണ്ട്.

നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാര്‍ സല്‍മി കറാച്ചി കിങ്‌സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി പറഞ്ഞിരുന്നു.




India Pakistan conflict Pakistan Super League postponed indefinitely

Next TV

Related Stories
Top Stories










Entertainment News