(truevisionnews.com) മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് കാന്താരി . കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിൻ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു.

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം.
ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് നന്നല്ല.
സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1–2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേർക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കുന്നതാണ് ഉത്തമം.
Benefits Kantari
