( truevisionnews.com ) ട്രെയിനുകളിൽ എല്ലാവരും പോയിട്ടുണ്ടാകും എന്നാൽ വ്യത്യസ്തമാർന്ന ഒരു ട്രെയിൻ യാത്രയുണ്ട്. കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ട്രാക്കിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു വിന്റേജ് തീമിലുള്ള ട്രെയിനാണ് മേട്ടുപാളയം-കൂനൂർ-ഊട്ടി പൈതൃക ട്രെയിൻ.

മറ്റാരേക്കാളും കുട്ടികളെ ആവേശം കൊള്ളിക്കുന്നതിനാൽ ‘ടോയ് ട്രെയിൻ' എന്ന് വിളിപ്പേരുള്ള ഈ റെയിൽവേ ലൈൻ 1000 മില്ലിമീറ്റർ നീളമുള്ള ഒരു മീറ്റർ ഗേജാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതാണ് നീലഗിരി പർവത റെയിലിന്‍റെ യാത്ര. നിരവധി സിനിമകളിൽ പൈതൃക ട്രെയിൻ ഇടം പിടിച്ചിട്ടുണ്ട്. കോയമ്പത്തൂരിനടുത്ത മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് ഓട്ടം.
45.88 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര പൂർത്തിയാക്കാൻ മൂന്നര മുതൽ നാലര മണിക്കൂർ വരെ സമയമെടുക്കും. വിനോദ സഞ്ചാരികളുടെ ഇഷ്ട യാത്രയായതിനാൽ ടിക്കറ്റുകൾ ലഭിക്കാൻ മാസങ്ങൾക്ക് മുൻപേ റിസർവ് ചെയ്യണം. 1908-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ ട്രെയിൻ ആവി യന്ത്രത്തിലാണ് പ്രവർത്തിക്കുന്നത്.
മേട്ടുപാളയം-കൂനൂർ-ഊട്ടി പാതയിൽ 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളുമുണ്ട്. രാവിലെയും വൈകീട്ടും ഓരോ സർവിസാണുള്ളത്. രാവിലെ 7.10ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12 മണിയോടെ ഊട്ടിയിലെത്തും. ഉച്ച രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവിസ് വൈകീട്ട് 5.30ന് മേട്ടുപ്പാളയത്ത് അവസാനിക്കും.
റിസർവേഷൻ ടിക്കറ്റുകൾ ഐ.ആർ.സി.ടി.സി വഴിയും ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും ലഭിക്കും. ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കന്റ് ക്ലാസിന് 295 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് എടുക്കാൻ വളരെ നേരത്തെ പോയി ക്യൂ നിൽക്കണം.
ടിക്കറ്റ് ലഭിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് വ്യത്യസ്തമാർന്ന ഒരു പുത്തൻ അനുഭവം തന്നെയാകും. ഒരിക്കലെങ്കിലും ഈ യാത്ര പോകേണ്ടത് തന്നെയാണ്.
#travel #ooty # toytrain #hills #valleys
