തിരുവനന്തപുരം:(truevisionnews.com) ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് അടിയന്തരയോഗം. രാജ്യം ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ കേരളവും അതിന്റെ ഭാഗമായി അണിനിരക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐഎംഎഫ് സഹായങ്ങൾ പാകിസ്താന് നൽകുന്നത് തടയാനുള്ള നീക്കവും ഇന്ത്യ തുടങ്ങി.

ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും. കൂടാതെ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ എടുക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെയും ഇന്ത്യ എതിർക്കും.
പാകിസ്താന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുള്ളതാണ് ഐഎംഎഫ് സാമ്പത്തിക സഹായം. ഇത്തരം സാമ്പത്തിക സഹായങ്ങൾ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.
Operation Sindoor: Emergency cabinet meeting in Kerala today
