ന്യൂഡൽഹി: ( www.truevisionnews.com) ഇന്ധനക്ഷാമമില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ഐഒസിഎൽ). എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ലഭ്യമാണെന്നും ഇന്ധന വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

പെട്രോൾ പമ്പുകളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും ശാന്തത പാലിക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകളിൽ ആളുകൾ ക്യൂ നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസ്താവന പുറത്തിറക്കിയത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു പിന്നാലെ ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്.
ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ ബിസിസിഐ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. വിദേശ താരങ്ങളുടെ ഉൾപ്പടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ മത്സരങ്ങൾ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
indian oil assures public fuel stocks amid rising tensions
