കോഴിക്കോട്: (truevisionnews.com) രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ നിപ രോഗബാധയുടെ ആശങ്കയ്ക്ക് ഇടയിൽ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക.

അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവർ ഗസ്റ്റ് ഹൗസിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്. ഇതിനു ശേഷം നിപ ബാധിത മേഖലകളിലേക്കു പോകുമെന്നാണ് വിവരം.
അതേസമയം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകാണ്. ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൺടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിച്ചു.
കോഴിക്കോട് ഇതുവരെ നിപ്പ ബാധിച്ച് ചികിത്സയിലുള്ളത് 3 പേരാണ്. ഇതുവരെ ആകെ അയച്ചത് 18 പേരുടെ സാംപിളുകളാണ്. ഇതിൽ മരിച്ച ഒരാൾ ഉൾപ്പെടെ 4 പേർക്കു രോഗം സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമില്ലെന്നും.
ഇന്നലെ അയച്ച 11 പേരുടെ ഫലമാണ് വരാനുള്ളത്. പനി, മസ്തിഷ്കജ്വരം, ന്യുമോണിയ ലക്ഷണങ്ങളോടെ 18 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് നിപ്പ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.
#Nipah #Central #team #reached #Kozhikode #high #alert #district
