#nipah | നിപ ജാഗ്രതയുമായി മലപ്പുറം ജില്ലയും; അറുപതുകാരി നിരീക്ഷണത്തിൽ

#nipah | നിപ ജാഗ്രതയുമായി മലപ്പുറം ജില്ലയും; അറുപതുകാരി നിരീക്ഷണത്തിൽ
Sep 14, 2023 10:03 AM | By Susmitha Surendran

മഞ്ചേരി: (truevisionnews.com)  കോഴിക്കോട്ട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസലേഷൻ വാർഡ് തുറന്നു.

ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫിസറെ നിയമിച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് സ്ഥിതി വിലയിരുത്തിയത്.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന വാർഡ് ആണ് വെന്റിലേറ്റർ സൗകര്യമുള്ള 9 കിടക്കകളുമായി സജ്ജമാക്കിയത്. ആശുപത്രിയിൽ രോഗിയുടെ കൂടെ കൂട്ടിരിക്കാൻ ഒരാൾ എന്ന നിബന്ധന കർശനമാക്കും.

പാസ് നൽകുന്നവർക്ക് ഒരു മണിക്കൂർ ആണ് സമയം. സുരക്ഷാ ജീവനക്കാർ രാവിലെ 11നും 3നും റോന്ത് ചുറ്റി രോഗിയുടെ കൂടെ ഒന്നിൽ കൂടുതൽ പേരെ കണ്ടാൽ വാർഡിൽനിന്നു പുറത്താക്കും.

സംശയാസ്പദ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവപരിശോധനയ്ക്കും സൗകര്യമൊരുക്കി. ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള സംവിധാനവും ഏർപ്പെടുത്തി.

ഡോ. നിയാസ് മോയിൻ ആണ് നോഡൽ ഓഫിസർ. പ്രിൻസിപ്പൽ ഡോ. എൻ.ഗീത, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി.അഷ്റഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. രാജി, കമ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ജയകൃഷ്ണൻ, ഡോ. സബിത റോസ്, സെക്യൂരിറ്റി ഓഫിസർ അയ്യപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

അറുപതുകാരി നിരീക്ഷണത്തിൽ

∙പനി, അപസ്മാരം എന്നിവയുമായി ചികിത്സ തേടിയ അറുപതുകാരിയെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവ സാംപിൾ ശേഖരിച്ച് കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചു.

ജാഗ്രതാനിർദേശവുമായി ജില്ലാ ഭരണകൂടം

 കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാൽ സമീപ ജില്ലയെന്ന നിലയിൽ മലപ്പുറത്തും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കലക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക എന്നിവർ അറിയിച്ചു.

നിലവിൽ ജില്ലയിൽനിന്നുള്ള ആരും സമ്പർക്കപ്പട്ടികയിൽ ഇല്ലെങ്കിലും കരുതൽ ആവശ്യമാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവുമായെത്തിയ ഒരാളെ ഐസലേഷനിൽ നിരീക്ഷിച്ചുവരുന്നുണ്ട്. നിലവിലെ നിപ്പ സമ്പർക്ക പട്ടികയിൽ ഉള്ള ആളല്ലെങ്കിലും സാംപിൾ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി കലക്ടർ വി.ആർ.പ്രേം കുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കർമപദ്ധതി തയാറാക്കി. മുൻകരുതൽ നടപടികൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുഴുവൻ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാൻ കലക്ടർ നിർദ്ദേശം നൽകി.

ആരോഗ്യവകുപ്പിനു കൂടാതെ മഞ്ചേരി മെഡിക്കൽ കോളജ്, തദ്ദേശ വകുപ്പ്, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പൊലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐസിഡിഎസ് തുടങ്ങിയവയുടെ മേധാവികളും പങ്കെടുത്തു.

നാടുകാണിയിൽ പരിശോധന

 നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിൽനിന്നെത്തുന്ന യാത്രക്കാരെ നാടുകാണി ചെക്പോസ്റ്റിൽ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

ടോൾ‌ ചെക്പോസ്റ്റ് പരിസരത്താണ് ആരോഗ്യവകുപ്പിന്റെ പരിശോധന. യാത്രക്കാരിൽ പനി ലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പരിശോധനയുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണു തീരുമാനം.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

∙മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.

∙ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

∙പനിക്കു പുറമേ തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കുക.

∙രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

കൺട്രോൾ സെൽ തുടങ്ങി

∙ജില്ലാ മെഡിക്കൽ ഓഫിസിൽ പ്രത്യേക നിപ്പ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു. 0483 2734066.


#Malappuram #district #Nipah #alert #60yearold #under #surveillance

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories