കോഴിക്കോട്: (truevisionnews.com) കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇടപെടുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര സംഘം സ്ഥലത്തെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

രോഗലക്ഷണങ്ങളോടെ കോഴിക്കോട് മരിച്ച രണ്ട് പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പൂനയിലെ വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് ഇവർക്ക് നിപ പോസീറ്റീവാണെന്ന് തെളിഞ്ഞത്.
ഫലം വന്നതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാൻ പൂർണ സജ്ജമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും വീണ കേന്ദ്രമന്ത്രിയെ അറിയിച്ചു.
അതേസമയം ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. അമിത ആശങ്ക വേണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് മന്ത്രിമാരടക്കമുള്ളവർ പറയുന്നത്.
നിലവിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാവരും മാസ്ക്ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി മുഹമ്മദ് റിയാസടക്കമുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. ആറ് മണിയോടെ കോഴിക്കോട് ഉന്നതതല യോഗം ചേർന്ന് നിപ പ്രതിരോധത്തിലെ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഈ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടായേക്കും.
#nipaH #Kozhikode #highalert #central #team #Kerala #latest #information
