കോഴിക്കോട് : ( truevisionnews.com ) ജില്ലയിൽ മരിച്ച രണ്ടു പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തും.

സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെയാണു പരിശോധിച്ചത്.
ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലുണ്ട്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതർ വിവരം സർക്കാരിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. നേരത്തെ രണ്ടു വട്ടം കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്.
മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒൻപതും വയസ്സുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒൻപതു വയസ്സുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്.
ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അടുത്തയാൾ മരിച്ചത്. ആദ്യ രോഗി മരിച്ചപ്പോൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
#kozhikkode #nipahvirus #2people #died #Union #Minister #four #sample #results #coming
