(truevisionnews.com) ജിലേബി എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ദീപാവലി, വിവാഹം, പിറന്നാൾ തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു മധുര പലഹാരമാണ് ജിലേബി. വളരെ എളുപ്പത്തിൽ ജിലേബി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കിയാലോ...

ചേരുവകൾ
മൈദ - 1 കപ്പ്
തൈര് - 1 ടേബിൾ സ്പൂൺ
പഞ്ചസാര - 1കപ്പ്
അരിപ്പൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞള്‍ പൊടി - ആവശ്യത്തിന്
ഏലക്ക - 2 എണ്ണം
ബേക്കിങ് പൗഡര്‍ - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയും തൈരും വെള്ളവും ചേർത്ത് നല്ല രീതിയിൽ കലക്കി ആറു മണിക്കൂർ വെയ്ക്കുക. ശേഷം മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് മാറ്റിവയ്ക്കുക.
ഇനി പഞ്ചസാര പാനി ഉണ്ടാക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് പാനിയാക്കി എടുക്കുക. പാനി ഒരു നൂൽ പരുവം ആവുമ്പോൾ അതിലേക്കു ഏലക്കാ പൊടിച്ചതും ചേർത്ത് കൊടുക്കുക.തീ കെടുത്തിയ ശേഷം നെയ്യും കൂടി ചേർത്ത് ഇളക്കി മാറ്റി വെയ്ക്കുക.
തുടർന്ന് നേരത്തെ അരച്ചുവച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിൽ കോൺ ആകൃതിയിൽ ആക്കി വക്കുക. പാനിൽ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂർത്ത അറ്റം ആവശ്യത്തിന് വലിപ്പത്തിൽ മുറിച്ച് ജിലേബിയുടെ ഷേപ്പിൽ ഒഴിക്കുക. എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
അതിനു ശേഷം എണ്ണയിൽ നിന്ന് എടുത്ത് ചെറു ചൂടുള്ള പഞ്ചസാര പാനിയിലേയ്ക്ക് ഇടുക. പാനി തണുത്തുപോയെങ്കിൽ ഇടയ്ക്കിടെ ചൂടാക്കി വെയ്ക്കണം. 10 മിനിട്ടിനു ശേഷം പാനിയിൽ നിന്ന് കോരിമാറ്റി വെക്കുക. രുചിയൂറും ജിലേബി റെഡി.
#tasty #jilebi #make #home
