(truevisionnews.com) പുതുതലമുറയുടെ ഇടയിൽ ട്രെൻഡിങ് ആയ വിഭവമാണ് മോമോസ്. വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റിയ വിഭവം കൂടിയാണിത്.

സ്ട്രീറ്റ് ഫുഡ് ആയിട്ടാണ് മോമോസ് കണക്കാക്കുന്നത്. എന്നാൽ അത് നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?
ചേരുവകൾ
മൈദ - 2 കപ്പ്
എണ്ണ - 1 1/2 ടേബിൾ സ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
മോമോസ് ഫില്ലിങ്സ് ബോൺലെസ്സ് ചിക്കൻ - 1/2 kg
ഇഞ്ചി - 1 മീഡിയം സൈസ്
വെളുത്തുള്ളി - 4 എണ്ണം
സോയ സോസ് - 1 ടേബിൾ സ്പൂൺ
ചെറുജീരകം (പൊടിച്ചത്) - 1/2 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ
സ്പ്രിങ് ഒനിയൻ - 4 തണ്ട് (ചെറുതാക്കി അരിഞ്ഞത്)
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ മൈദ എടുത്ത് ഉപ്പും എണ്ണയും വെള്ളവും മിക്സ് ചെയ്യുക. പാകത്തിന് കുഴച്ച് ബോൾ രൂപത്തിലാക്കുക. കുറച്ച് എണ്ണ ഈ മാവിന്റെ മുകളിലാക്കിയതിന് ശേഷം ചെറിയ നനവുള്ള തുണി കൊണ്ട് 30 മിനിറ്റോളം മൂടി വെക്കുക. മോമോസ് ഫില്ലിങ്സ് തയ്യാറാക്കുന്നതിന് വേണ്ടി ബോൺലെസ്സ് ചിക്കൻ ചെറിയ കഷ്ണങ്ങളാക്കുക.
അടുത്തതായി ഫുഡ് പ്രോസസ്സർ ജാറിലേക്ക് ചിക്കൻ, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ടതിനു ശേഷം പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇതിലേക്ക് സോയ സോസ്, ചെറുജീരകം, മല്ലിപൊടി, ഉപ്പ്, കുരുമുളക് പൊടി, കുറച്ച് സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക. നേരത്തെ കുഴച്ച മൈദ മാവ് സോഫ്റ്റായി കിട്ടിയിട്ടുണ്ടാകും. കുറച്ച് മൈദ പൊടി ഇട്ട് വളരെ കനം കുറച്ച് പരത്തിയെടുക്കുക.
ചെറിയ വട്ടങ്ങളാക്കി ഇത് മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ വട്ടത്തിന്റെയും നടുവിൽ കുറച്ച് ഫില്ലിങ്സ് വെച്ചതിനുശേഷം ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്കായി മടക്കുക. മടക്കിയതിനു ശേഷം അതിന്റെ അറ്റം കയ്യ് കൊണ്ട് നന്നായി അമർത്തി കൊടുക്കുക.
പിന്നീട് ഫോർക് ഉപയോഗിച്ചും അമർത്തുക. അടുത്തതായി ട്രേയിൽ കുറച്ച് എണ്ണ എടുത്ത് എല്ലാ ഭാഗത്തും പുരട്ടുക. അതിലേക്ക് ഫിൽ ചെയ്ത മോമോസ് വെക്കുക. ചെറിയ നനവുള്ള തുണി കൊണ്ട് ഇത് മൂടി വെക്കുക.
ആവി പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് അതിന്റെ തട്ടുകളിൽ അൽപ്പം എണ്ണ പുരട്ടുക. അതിലേക്ക് മോമോസ് ഓരോന്നായി എടുത്ത് വെച്ച് അടച്ച് വെക്കുക. 30 മിനിറ്റ് നന്നായി ആവിയിൽ ചൂടാക്കുക. രുചികരമായ ചിക്കൻ മോമോസ് തയ്യാറായി കഴിഞ്ഞു.
#ChickenMomos #Recipe
