2016 നവംബർ 8- രാജ്യത്തെങ്ങും സാധാരണക്കാരുടെ ഉള്ള കഞ്ഞിയും വെള്ളത്തിലാക്കി മോദി പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ ദിനം.
ഗുജറാത്തിലെ വംശഹത്യയ്ക്ക് കൂട്ടുനിന്ന ഭരണനായകൻ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിൻ്റെ മിടുക്ക് കാട്ടാൻ കൊണ്ടുവന്ന ആദ്യ തീവ്രനടപടി പൊയ് വെടിയായതിൻ്റെ നാലാം വാർഷികമാണിന്ന്. സംഘികളുടെ വിപ്ലവവായാടിത്തം കേട്ട് നാടാകെ വശംകെട്ടുപോയ ദിവസം.
ചെറിയ സമ്പാദ്യവും 500 ൻ്റെയോ 1000 ത്തിൻ്റെയോ നോട്ടുകളായിപ്പോയതിൻ്റെ പേരിൽ അവ മാറിക്കിട്ടാൻ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ മണിക്കൂറുകളോളം ക്യൂനിന്ന് കുഴഞ്ഞുവീണ കഷ്ടകാലത്തിൻ്റെ ആരംഭം. രാജ്യചരിത്രത്തിൽ ആകെ നാല് സ്മരണീയനാളുകളേ ഹിന്ദുത്വരാഷ്ടീയചിന്ത സംഭാവന ചെയ്തിട്ടുള്ളൂ.
അവയെല്ലാം പക്ഷേ, ജനങ്ങൾ ഓർക്കുന്നത് പേടിയോടെയാണ്; ചിലപ്പോൾ നടുക്കത്തോടെയും . സമാധാനവാദികളായ വിശ്വോത്തര നേതാക്കളിൽ ഒന്നാമനായ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ജനുവരി 30 ആണ് അവയിൽ ആദ്യത്തേത് (1948).
പിന്നെ ലോകമാകെ മാനിച്ചുപോന്ന ഇന്ത്യൻ മതേതര പാരമ്പര്യത്തിൻ്റെ പ്രതീകമായ അയോധ്യയിലെ ബാബറി മസ്ജിദ് സംഘപരിവാർ കർസേവകർ തകർത്ത ഡിസംബർ 6 ( 1992). ഗുജറാത്തിൽ മത ന്യൂനപക്ഷ വേട്ടയ്ക്ക് തുടക്കമിട്ട ഫെബ്രുവരി 27 (2002 )എന്നിവയാണ് മനുഷ്യമനസ്സിനെ എന്നും പൊള്ളിക്കുന്ന നോവൂറുന്ന മറ്റു തിയ്യതികൾ.
കള്ളപ്പണക്കാരെ വരിഞ്ഞുകെട്ടാൻ എന്ന കൊട്ടിഘോഷിച്ച പ്രചാരണത്തോടെയായിരുന്നു രാത്രി വൈകിയ നേരത്ത് മോദി നോട്ടുമരവിപ്പിക്കൽ പ്രഖ്യാപിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെയുള്ള തീരുമാനം ജനകോടികളെ കടുത്ത കഷ്ടപ്പാടുകളിലാഴ്ത്തി.
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽപോലും ഇക്കാര്യം വെളിപ്പെടുത്തുകയോ ചർച്ചയ്ക്ക് അവസരം നൽകുകയോ ചെയ്തിരുന്നില്ല. കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരൻ്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപമായി എത്തിക്കും എന്നായിരുന്നു 2014 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി ജെ പി വാഗ്ദാനം.
പക്ഷേ, നോട്ട് റദ്ദാക്കൽ വഴി എത്ര കള്ളപ്പണം കണ്ടെത്താനായി എന്നത് ഇതേവരെ ഔദ്യോഗികമായി പാർലമെൻറിൽപോലും അറിയിച്ചിട്ടില്ല. കണക്കിൽ പെടുത്താത്ത പണം നോട്ടുകെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിക്കുന്ന രീതി നാട്ടിൽ പൊതുവെ എവിടെയുമില്ലെന്ന് നിശ്ചയമില്ലാതെയല്ല, നോട്ടുനിരോധനത്തിലേക്ക് മോദി നീങ്ങിയത്.
ബിനാമി പേരുകളിലുൾപ്പെടെസ്വർണമോ ഭൂമിയോ വാങ്ങിയും കെട്ടിടങ്ങളുണ്ടാക്കിയും മറ്റുമാണ് കള്ളപ്പണം ഏറെയും നിക്ഷേപിക്കാറുള്ളത്. സ്വിസ് ബാങ്ക് പോലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ പണമയച്ച് രഹസ്യമായി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണമൊന്നും ഉണ്ടായിട്ടേയില്ല.
പ്രചാരണത്തിൻ്റെ മേനിയിൽ സംഘപരിവാറുകാർ നെഗളിച്ചതല്ലാതെ വേറെ ജനങ്ങൾക്ക് എന്ത് നേട്ടം എന്ന ചോദ്യത്തിനാകട്ടെ ഇത്തരവുമില്ല. അതേസമയം നോട്ടുനിരോധനം വരുത്തിവെച്ച ഞെരുക്കവും ദുരിതവും വിട്ടുമാറാതെ ഇന്നും തുടരുകയാണ്. – കെ വി
November 8, 2016 - Modi announces note cancellation day across the country.