ലണ്ടന്‍: (www.truevisionnews.com)ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രണ്ട് വർഷത്തിനുള്ളിൽ അനേകം മനുഷ്യരെ കൊല്ലാൻ തക്ക വണ്ണം ശക്തമാകുമെന്ന മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി റിഷി സുനകിന്‍റെ ഉപദേശകൻ. ഇൻഡിപെൻഡന്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിരവധി പേരുടെ മരണങ്ങൾക്ക് തന്നെ കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ നിർമ്മിക്കാൻ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയായ മാറ്റ് ക്ലിഫോർഡ് പറയുന്നത്. എഐയുടെ നിർമ്മാതാക്കളെ ആഗോള തലത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യന്റെ കൈപിടിയിലൊതുങ്ങാത്ത സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചാറ്റ്‌ജിപിടി, ഗൂഗിൾ ബാർഡ് എന്നിങ്ങനെയുള്ള എഐ ലാഗ്വേജ് മോഡലുകളെ പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് യുകെ സർക്കാരിന്റെ ഫൗണ്ടേഷൻ മോഡൽ ടാസ്‌ക്‌ഫോഴ്‌സ്. നിലവിൽ ഇതിൽ പ്രധാനമന്ത്രിയെ നയിക്കുന്നത് മാറ്റ് ക്ലിഫോർഡാണ്. എഐയെക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. നിരവധി പേരുടെ ജോലി നഷ്ടപ്പെടുത്തിയെന്ന പേരും എഐയ്ക്ക് ഉണ്ട്. കൂടാതെ ജൈവായുധങ്ങളുടെ നിർമാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടേക്കാമെന്നും ക്ലിഫോർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മനുഷ്യനേക്കാൾ ബുദ്ധിശക്തിയുള്ള എഐ സൃഷ്ടിച്ചാൽ അതിനെയെങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. എഐയെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ അത് ഗുണം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. നേരത്തെ സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പറയുന്നത്.
പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെൽപുള്ളതാണ് നിർമ്മിതബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻഗണന നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ മറ്റൊരു കൂട്ടർ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ ചീഫ് എക്‌സിക്യൂട്ടിവ് സാം ആൾട്ട്‌മാൻ, ഗൂഗിൾ ഡീപ്‌മൈൻഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവർ പ്രസ്താവനയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.
സൂപ്പർ ഇന്റലിജന്റ് എ.ഐയിൽനിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടർ സയൻസ് പ്രഫസറും മോൺട്രിയൽ സർവകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയിൽ ഒപ്പും വെച്ചിട്ടുണ്ട്. ജെഫ്രി ഹിന്റൺ, യോഷ്വ ബെൻഗിയോ, എൻ.വൈ.യു പ്രഫസർ യാൻ ലെകൺ എന്നിവരാണ് എഐയുടെ ‘ഗോഡ്ഫാദർമാർ’ എന്ന് അറിയപ്പെടുന്നത്.
UK Prime Minister Rishi Sunak's adviser warns artificial intelligence could start killing many humans within two years
