ന്യൂഡൽഹി: തലസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ സമഗ്രപദ്ധതികളുമായി സംസ്ഥാനസർക്കാർ രംഗത്ത്. സാമൂഹിക മാധ്യമങ്ങൾവഴിയുള്ള പ്രചാരണം ശക്തിപ്പെടുത്തുക, ടൂറിസംവകുപ്പിന്റെ വെബ്സൈറ്റ് നവീകരിക്കുക, പുരാവസ്തു വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിങ്ങനെ ഒട്ടേറെ നടപടികൾ ഉദ്യോഗസ്ഥരുടെ പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ നഗരത്തിലുടനീളമുള്ള വിനോദസഞ്ചാരസ്ഥലങ്ങളെ പരാമർശിക്കുന്ന ബ്രോഷറുകൾ അച്ചടിക്കാനുള്ളശ്രമം ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

സമാന ഉള്ളടക്കമുള്ള മാസികകൾ ടൂറിസം വകുപ്പ് ഹോട്ടലുകളിൽ സ്ഥാപിച്ചു.വിദേശികളായ വിനോദസഞ്ചാരികൾക്കിടയിൽ കൂടുതൽപ്രശസ്തമായ സ്വകാര്യ ക്യാബുകളുമായി സഹകരിച്ച് അവരുടെ അവരുടെക്യാബുകളിൽ ബ്രോഷറുകൾപ്രദർശിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൊണാട്ട് പ്ലേസിലെ ബാബ ഖഡക് സിങ് മാർഗിൽ സ്ഥിതിചെയ്യുന്ന കോഫിഹോം കൂടുതൽ ആകർഷകവും ജനസൗഹൃദവുമാക്കുന്നതിന് നവീകരിക്കും.
ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (ഡി.ടി.ടി.ഡി.സി.) കോഫി ഹോം പ്രവർത്തിപ്പിക്കുന്നത്. വിനോദസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ കോഫിഹോമിൽ മെനു കാണാൻകഴിയുന്ന ഡിജിറ്റൽ സ്ക്രീൻ സ്ഥാപിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.
Delhi government plans to revive the tourism sector
