കാസർഗോഡ് : കേരളത്തിലേത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പെരിയ കേന്ദ്ര സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് അതിരുകളില്ലാത്ത അവസരം സൃഷ്ടിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിലേക്ക് കടന്ന മുരളീധരൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ സദസ്സിൽ പിറകിലിരുന്ന വിദ്യാർഥികൾ കൂവി വിളിച്ചുകൊണ്ട് വരവേറ്റു.
ഇവിടെ ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രഫഷനൽ രംഗത്തും സിലബസ് പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതുകാരണം വിദ്യാർഥികൾ ബാർബഡോസ് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് പോവുകയാണെന്നും പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു സമഗ്ര നയമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ പറഞ്ഞു.
പുരാതന ഇന്ത്യൻ പാരമ്പര്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, ജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്യൂച്ചറിസ്റ്റിക് വിജ്ഞാന സംവിധാനങ്ങൾ സൃഷ്ടിക്കാൻ പുതിയ വിദ്യാഭ്യാസ നയം എങ്ങനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Outdated education system in Kerala - V. Muralidharan
