ഹൂസ്റ്റൺ: യു.എസിലെ അലബാമ സ്റ്റേറ്റിൽ തെലങ്കാന സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ഇന്ത്യക്കാരൻ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. 25കാരനായ അഖിൽ സായ് മഹാങ്കാളിയാണ് മരിച്ചത്. രവിതേജ ഗോലി (23) എന്നയാളാണ് മോണ്ട്ഗോമറി പൊലീസ് പിടിയിലായത്.
ഈസ്റ്റേൺ ബൊളിവാർഡിലെ 3200 ബ്ലോക്കിൽ നിന്ന് ഞായറാഴ്ച രാത്രി 9:30 ഓടെയാണ് പൊലീസും അഗ്നിശമന സേനാംഗങ്ങളും മഹാങ്കാളിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മഹാങ്കാളിയും രവിതേജയും അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്‌ഗോമറിയിൽ താമസിച്ചുവരികയായിരുന്നു. ഗോലി ഇപ്പോൾ മോണ്ട്‌ഗോമറി ജയിലിലാണ്. തെലങ്കാനയിൽ നിന്നുള്ള മഹങ്കാളി 13 മാസം മുമ്പാണ് യു.എസിലെത്തിയത്.
യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും ഒരു പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തുവരികയായിരുന്നു. കൊലയാളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Indian student shot dead in US; Another Indian youth arrested