മലപ്പുറം: (truevisionnews.com) കിഴിശ്ശേരി കടുങ്ങല്ലൂരിൽ ആശുപത്രി മുറിയിൽ മോഷണം. കിടത്തി ചികിത്സ തേടിയ രോഗിയുടെ പണമാണ് കവർന്നത്. 40,000 ത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു

മോഷ്ടാവിന്റെ ദൃശ്യങ്ങൾ ആശുപത്രി സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പ്രസവ ചികിത്സക്കെത്തിയ മൊറയൂർ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്. രോഗിയുമായി സ്കാനിങ്ങിനായി പുറത്തുപോയപ്പോൾ മുറിയുടെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. ഈ സമയത്താണ് മോഷ്ടാവ് മുറിയിൽ കടക്കുന്നത്.
എന്നാൽ, ഇതിനിടെ രോഗിയുടെ ഭർത്താവ് മുറിയിലെത്തിയപ്പോൾ ഒരു മധ്യവയസ്കൻ റൂമിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടിരുന്നു. ചോദിച്ചപ്പോൾ 'റൂം മാറിപ്പോയി' എന്നു പറഞ്ഞ അയാൾ സ്ഥലംവിടുകയായിരുന്നു. റൂമിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡിസ്ചാർജ് ചെയ്യേണ്ട ദിവസമായതിനാൽ അതിനായി കൊണ്ടുവന്ന പണമാണ് കവർന്നത്. ഉടൻ തന്നെ പരിസരത്തൊക്കെ ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പുറത്തുവന്ന ആശുപത്രി സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ റൂമിൽ കയറുന്നതും രക്ഷപ്പെടുന്നതും വ്യക്തമാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അരീക്കോട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് പൊലീസ് പറഞ്ഞു.
Theft hospital room Kadungallur Kizhissery.
